Wednesday 29 June 2022 11:46 AM IST : By സ്വന്തം ലേഖകൻ

ഓസ്കർ അക്കാദമിയിൽ അംഗമായി സൂര്യ: കേരളത്തിന് അഭിമാനമായി റിന്റു തോമസും

suriya

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ തമിഴ് നടൻ സൂര്യയെ ക്ഷണിച്ച് ഓസ്കർ അക്കാദമി. ഓസ്കർ അക്കാദമിയിൽ അംഗമാകുന്നതോടെ സൂര്യ ലോസ് ആഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ അർഹത നേടും. ഈ ബഹുമതി നേടുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് സൂര്യ.

ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, മലയാളിയായ റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.

ഈ വർഷം 397 പുതിയ അംഗങ്ങളെയാണ് അക്കാദമി അംഗത്വം നൽകാൻ ക്ഷണിച്ചിട്ടുള്ളത്.

സിനിമയുടെ വിവിധ മേഖലകളിൽ ഇവര്‍ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിന്റു തോമസിനേയും സുഷ്മിത് ഘോഷിനേയും ഈ ബഹുമതിക്ക് അർഹരാക്കിയത്. സൂര്യയുടെ സൂരരൈ പ്രോട്, ജയ് ഭീം തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോൾഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്തി.

അക്കാദമി വെബ്‌സൈറ്റിൽ പങ്കിട്ട പ്രസ്താവനയിലാണ് നാടക–ചലചിത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയ കലാകാരന്മാരെ പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. പ്രൊഫഷനൽ യോഗ്യതയ്ക്ക് പുറമെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവർക്ക് പ്രാധിനിത്യം, സമത്വം എന്നിവയും അംഗത്വ തിരഞ്ഞെടുപ്പിൽ യോഗ്യതയായി. 2022–ലെ അംഗത്വ തെരഞ്ഞെടുപ്പിൽ 44% സ്ത്രീകൾക്ക് മുൻഗണനയുണ്ട്. വംശീയത നേരിടുന്ന വിഭാഗങ്ങൾക്ക് 37% പ്രാതിനിധ്യമുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 50% പേർ അമേരിക്കയ്ക്കു പുറത്തുള്ള 53 രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അക്കാദമിയുടെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഓസ്‌കർ ജേതാവ് എ.ആർ. റഹ്മാൻ, അമിതാഭ് ബച്ചൻ, സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്‌സൽ എന്നിവരും നിർമാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂർ, ശോഭ കപൂർ എന്നിവരും മുൻപേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.