Tuesday 12 March 2024 11:52 AM IST : By സ്വന്തം ലേഖകൻ

‘ആ കുട്ടികളുടെ ചിരിയിൽ സുരേഷിന്റെ വേറിട്ട ശബ്ദം ഞാനിപ്പോൾ കേൾക്കുന്നുണ്ട്’: സൂര്യകിരണ്‍ അന്തരിച്ചു

suryakiran

പ്രശസ്ത തെലുങ്ക് സംവിധായകനും മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരവുമായ സൂര്യകിരണ്‍ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മാസ്റ്റര്‍ സുരേഷ് എന്ന പേരിലാണ് ബാലതാരമായി ചിത്രങ്ങളില്‍‌ പ്രത്യക്ഷപ്പെട്ടിരുന്നത്. 1978-ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബാലതാരമായി 200ൽ ഏറെ ചിത്രങ്ങളിൽ വേഷമിട്ടു.

2003 ൽ ‘സത്യ’ത്തിലൂടെയാണ് സംവിധാന രംഗത്തെത്തിയത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായ്, ചാപ്റ്റർ 6 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2010ല്‍ സൂര്യ കിരണും നടി കാവേരിയും വിവാഹിതരായി. പിന്നീട് വേർ‌പിരിഞ്ഞു.നടി സുചിതയുടെ സഹോദരനാണ്.

സൂര്യകിരണിന് ആദരാഞ്ജലികൾ നേർന്ന്, മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി എഴുതിയ കുറിപ്പ് വായിക്കാം –

ഈ ചിത്രത്തിന് നടുവിൽ മറ്റെല്ലാവരും നിശ്ചലതയിൽ ഉള്ളപ്പോൾ ഒരു വികൃതിക്കുട്ടി വലം കൈ മുകളിലേക്ക് ഉയർത്തിയും ഇടം കൈ താഴേക്ക് വളച്ച് കാൽമുട്ടിൽ സ്പർശിച്ചും ഒരു ചലനാത്മകതയിൽ ഇരിക്കുന്നത് കാണാം. സദാ ചലിച്ചും പ്രസരിപ്പ് പകർത്തിയും മറ്റുള്ളവർ കുരുത്തക്കേട് എന്ന് പറയുന്ന സ്വന്തം ലോകത്തിലെ റോള്‍ കോസ്റ്ററിൽ കറങ്ങിയും കുട്ടിച്ചാത്ത സദസ്സിൽ സദാ നിർത്തമാടി നടന്ന ഒരു മനസ്സായിരുന്നു ആ കുട്ടിക്കലാകാരനായ സുരേഷിന് കാലം നൽകിയത്. സുരേഷ് എന്ന ബാലനടൻ. ബാലരൂപി ആയതുകൊണ്ടാവും ബാലനടൻ ബാലതാരം എന്ന് എല്ലാവരും വിശേഷിപ്പിച്ചത്. ശരിക്കും അഭിനയ കലയിൽ അങ്ങനെ പ്രായവ്യത്യാസം ഒന്നും ചിന്തിക്കേണ്ടതില്ല. രൂപത്തിനും ആകാരത്തിനും പറ്റിയ കഥാപാത്ര വേഷം അണിയുന്നതല്ലാതെ അവരെല്ലാം ആ രൂപത്തിൽ തികഞ്ഞ നടനവൈഭവമുള്ളവർ തന്നെയാണ് . പല സിനിമകളിലും മുതിർന്നവരെക്കാൾ മുകൾ നിലയിൽ നിൽക്കുന്ന നടനവൈഭവം കാഴ്ചവെച്ച ബാലരൂപികൾ ഉണ്ട്. സുരേഷിന്റെ പ്രസരിപ്പും അതുപോലെയായിരുന്നു. ചിത്രീകരണ വേളയിൽ ഞാനെന്നും ഓർക്കുന്ന ഒരു നിമിഷം സ്റ്റുഡിയോയിൽ നിർമ്മിച്ച വലിയ ഐസ്ക്രീം കപ്പിന്നകത്തെ ഐസ്ക്രീം നദിയിൽ കുട്ടിച്ചാത്ത കുട്ടികളും ഞാനും ജിജോയും എല്ലാം ചാടി കളിച്ചും തുള്ളിക്കളിച്ചും ചിലവഴിച്ച ഇത്തിരി നേരം. ആ കുട്ടികളുടെ ചിരിയിൽ സുരേഷിന്റെ വേറിട്ട ശബ്ദം ഞാനിപ്പോൾ കേൾക്കുന്നുണ്ട്.

സുരേഷ് പിന്നീട് സൂര്യകിരൺ ആയി. സിനിമാ സംവിധായകനായി. കഴിഞ്ഞദിവസം പ്രകാശരശ്മിയായി സൂര്യനിൽ വിലയം പ്രാപിച്ചു എന്നും അറിയുന്നു. ഉള്ളിൽ ഒരു നൊമ്പരം ഇടയ്ക്കിടെ നുള്ളുന്നു. യാത്രയാകുന്ന ഒരാൾക്ക് പ്രണാമം നൽകിയിട്ട് എന്ത് കാര്യം. അവർ യാത്രയാകുന്ന അനന്തതയുടെ അതിരിലെങ്ങോ നമുക്കും ഒരു കരസ്പർശം പതിക്കാനുള്ള ഇടമുണ്ടെന്ന് അറിയുന്നതല്ലേ കൂടുതൽ നല്ലത്.

സ്വസ്തി