Thursday 18 April 2024 12:07 PM IST : By സ്വന്തം ലേഖകൻ

ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ, വേദന കടിച്ചമർത്തി വിക്രം: ‘തങ്കലാൻ’ മേക്കിങ് വിഡിയോ

vikram

തമിഴ് സിനിമയിലെ സൂപ്പർതാരം വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘തങ്കലാൻ’ ന്റെ മേക്കിങ് വിഡിയോ പങ്കുവച്ച് നീലം പ്രൊഡക്ഷൻസ്. ചിത്രത്തിലെ ചില സംഘട്ടന ദൃശ്യങ്ങളും വേദന സഹിച്ച് മേക്കപ്പിടാന്‍ ഇരിക്കുന്ന വിക്രത്തെയും ദൃശ്യങ്ങളില്‍ കാണാം. വിക്രത്തിന് ആദരമര്‍പ്പിച്ചാണ് തങ്കലാന്‍ ടീം താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനാകുന്ന ‘തങ്കലാന്‍’. കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ പാർവതി തിരുവോത്ത്, മാളവികാ മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തങ്കലാന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമാണം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസാകും.