Tuesday 09 January 2024 02:56 PM IST : By സ്വന്തം ലേഖകൻ

പറഞ്ഞ് പറഞ്ഞ് ഒടുവിൽ സത്യമാകുമോ ? ഫെബ്രുവരി മധ്യത്തോടെ വിവാഹനിശ്ചയം ?

vijay

സമീപകാലത്ത്, ഗോസിപ്പ് കോളങ്ങളിലെ പ്രണയകഥകളിൽ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും സജീവസാന്നിധ്യങ്ങളാണ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുവാനൊരുങ്ങുന്നുവെന്നും പലപ്പോഴും വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് സിനിമയിൽ നായികാനായകൻമാരായതോടെയാണ് ഇവരെ ചേർത്ത് പ്രണയകഥകൾ നിർലോഭം എത്തിത്തുടങ്ങിയത്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഈ ജോഡി പ്രേക്ഷകർക്ക് പ്രിയങ്കരമായി.

തുടർന്ന്, വിശേഷ ദിവസങ്ങളിൽ രശ്മിക വിജയ് ദേവരകൊണ്ടയുടെ വീട് സന്ദർശിക്കുന്നതും മാലദ്വീപിലേക്കുള്ള ഇവരുടെ അവധിക്കാല യാത്രയുമൊക്കെ ഗോസിപ്പ് സ്രഷ്ടാക്കൾക്ക് വിരുന്നായി. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത്, ഈയിടെ തിയറ്ററുകളിലെത്തിയ ‘അനിമൽ’ എന്ന ചിത്രത്തിൽ രശ്മികയായിരുന്നു നായിക. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്, തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ അവതാരകനായ ടോക് ഷോയിൽ രശ്മിക എത്തിയപ്പോൾ സംവിധായകന്റെ ഫോണിൽ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചതും അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചു.

ഇപ്പോഴിതാ, അതൊക്കെ ശരിയാണെന്ന തരത്തിൽ പുതിയ റിപ്പോർട്ടുകൾ നൽകിയിരിക്കുകയാണ് ചില തെലുങ്ക് മാധ്യമങ്ങൾ . ഇവർ ഉടൻ വിവാഹിതരാകുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ‘പേജ് ത്രീ എക്സ്ക്ലൂസീവ്’.

ഫെബ്രുവരി മധ്യത്തോടെ വിജയ് - രശ്മിക വിവാഹനിശ്ചയം ഉണ്ടാവുമത്രേ. എന്നാൽ ഇവരുമായി ബന്ധപ്പെട്ട ആരും ഇതിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിട്ടില്ല.