Saturday 20 October 2018 02:59 PM IST : By സ്വന്തം ലേഖകൻ

‘ഞമ്മളെ മൂസാക്കായി പിന്നേം കെട്ടി’; വിനോദ് കോവൂരിന്റെ ‘രണ്ടാം കല്യാണത്തിന്’ ആശംസയുമായി പാത്തു

vinod

`നടൻ വിനോദ് കോവൂരിന്റെ രണ്ടാം കല്യാണത്തിന് അഡാർ ആശംസയുമായി സുരഭി.` വാർത്ത കേട്ട് തെറ്റിദ്ധരിക്കേണ്ട. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിനോദ് കോവൂരിന്റെ 18–ാം വിവാഹ വാർഷികമായിരുന്നു ഇന്ന്. ഈ സുദിനത്തിൽ വിനോദ് തന്റെ ഭാര്യയെ ഒരിക്കൽ കൂടി വിവാഹം ചെയ്തതാണ് സംഭവം. വിവാഹത്തിന് ആശംസയുമായി ഉറ്റചങ്ങാതിയായ സുരഭി എത്തിയതോടെ പലരും ആദ്യമൊന്ന് കൺഫ്യൂഷനിലായി. പിന്നീടാണ് രസകരമായ ആ രണ്ടാം കല്യാണത്തിന്റെ കാരണമറിഞ്ഞത്.

ഭാര്യ ദേവുവിനുള്ള വിവാഹ സമ്മാനമായിരുന്നുവത്രേ ഗുരുവായൂരില്‍ വച്ച് നടന്ന ഈ വിവാഹം. ഏറെ നാളായി ഇരുവരും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്. ദേവുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആ രണ്ടാം വിവാഹമെന്നതും ഹൃദ്യമായി.

കല്യാണത്തെപ്പറ്റി സുരഭി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; -

പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്. 

ഇന്ന് അത് നടുന്നു.ദേവുന്റെ പിറന്നാൾ കൂടയാണ് ഇന്ന് .ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്. "മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം' വല്ലാത്ത പഹയൻ തന്നെ '" എന്ന് സ്വന്തം പാത്തു.