Friday 01 September 2023 02:53 PM IST

‘എട്ടുപട്ടത്തിൽ നിർമിച്ചപർണശാല, ഈ ഒറ്റമുറിയില്‍ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു ഗുരദേവ ചൈതന്യം’: ചൈതന്യമേറുന്ന മണ്ണ്

V R Jyothish

Chief Sub Editor

gurudeva ഗുരുദേവൻ ആദ്യം താമസിച്ചിരുന്ന പർണശാല. മഹാത്മജിയുമായുള്ള സംഭാഷണത്തില്‍ പരാമര്‍ശവിധേയമായ മാവ്

പർണശാലയിൽ ഹോമകുണ്ഡങ്ങൾ എരിഞ്ഞു തുടങ്ങി. ശിവഗിരിയിലെ പ്രധാന പ്രാർഥനാലയം. എല്ലാ ദിവസവും രാവിലെ നാലര മണിക്ക് ഇവിടെ നടക്കുന്ന ശാന്തിഹോമത്തോടെയാണു ശിവഗിരിയിൽ ഒരു ദിവസം തുടങ്ങുന്നത്.

എട്ടുപട്ടത്തിൽ നിർമിച്ചതാണു പർണശാല. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടമായിരുന്നു. ഇതിനുള്ളിലെ ഒറ്റമുറിയിലാണു ഗുരുേദവൻ ഏറെക്കാലം കഴിഞ്ഞിരുന്നത്. ഇതിനോടു ചേർന്ന പുരയിലാണു ഗുരുദേവനു ഭക്ഷണം പാകം െചയ്തിരുന്നത്. ആ പുര ഇവിടെ ഇപ്പോഴുമുണ്ട്.

ശാന്തിയും സമാധാനവും രോഗമുക്തിയും പ്രശ്നപരിഹാരങ്ങളും തേടി നൂറുകണക്കിന് ആൾക്കാർ ഇവിടെ വരാറുണ്ടായിരുന്നു. അവരെയൊന്നും ഗുരു നിരാശരാക്കിയില്ല. ഇപ്പോഴും ആത്മവിശുദ്ധി േതടി ആയിരങ്ങള്‍ ഇ വിടേക്ക് ഒഴുകുന്നു. അവരുടെ ചുണ്ടുകളില്‍ നിന്നു ഗുരുനാമകീര്‍ത്തനം ഉണരുന്നു.

‘ദൈവമേ കാത്തുകൊൾകങ്ങു

കൈവിടാതിങ്ങു ഞങ്ങളെ...’

പർണശാലയ്ക്കു മുന്നിലെ വലിയ മാവിലിരുന്നു കിളികൾ ചിലച്ചു. ശിവഗിരി സന്ദര്‍ശിച്ച േവളയില്‍ ഈ മാവ് ചൂണ്ടിയാണ് മഹാത്മാഗാന്ധി ഗുരുദേവനോടു പറഞ്ഞത്, ‘േനാക്കൂ, ഈ മാവിലുള്ളതെല്ലാം ഇലകള്‍ ആണെങ്കിലും അവ ഒാരോന്നും ഒന്നിെനാന്നു വ്യത്യസ്തമാണ്. അതുപോലെയാണ്, മനുഷ്യരൊന്നാണെങ്കിലും വിവിധ ജാതി മത േഭദങ്ങള്‍ അവര്‍ക്കിടയിലുള്ളത്.’ ചെറുപുഞ്ചിരിയോെട ഗുരുേദവന്‍ മഹാത്മജിക്കു മറുപടി നല്‍കി, ‘ഇലകളുെട രൂപം പലതാണെങ്കിലും അവ പിഴിഞ്ഞു നീരെടുത്താല്‍ അതെല്ലാം ഒരു പോലെയാണ്. മനുഷ്യന്‍ രൂപം െകാണ്ടു പലതാണെങ്കിലും അവന്‍റെ അന്തഃസത്ത ഒന്നു തന്നെയാണ്...’

മഹാസമാധി മണ്ഡപത്തിലെ മേടയിൽ നിന്നു മണിമുഴങ്ങി. നേരം പുലരാൻ ഇനിയുമുണ്ടു നാഴികകൾ. എങ്കിലും ശിവഗിരി ഇതുവരെ ഉറങ്ങിയിട്ടില്ല

തീർഥാടനത്തിന്റെ തൊണ്ണൂറു വർഷങ്ങൾ

കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചാണു ശിവഗിരി തീ ർഥാടനത്തിനു ഗുരുേദവൻ അനുമതി നൽകുന്നത്, 1928-. ക്ഷേത്രാങ്കണത്തിലുള്ള തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു ഗുരുദേവൻ. സരസകവി മൂല്ലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദേശപ്രകാരം വല്ലഭശ്ശേരി ഗോവിന്ദനാശാന്റെയും ടി.കെ. കിട്ടൻ റൈട്ടറുടെയും നേതൃത്വത്തിൽ എത്തിയ ഭക്തജനങ്ങൾ ഗുരുവിനടുത്തെത്തി തീ ർഥാടനത്തിന് അനുമതി ചോദിച്ചു.

അനുമതിയും അനുഗ്രഹവും നൽകുന്നതോടൊപ്പം ത ന്നെ തീർഥാടനത്തിന്റെ എട്ടു ലക്ഷ്യങ്ങളും ഗുരു പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പ രിശീലനം ഇങ്ങനെ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ എട്ടു വിഷയങ്ങളെ ആ സ്പദമാക്കിയുള്ള രൂപരേഖകളും ചർച്ചകളും തീർഥാടനത്തിനൊപ്പം വേണമെന്നു ഗുരുദേവൻ നിർദേശിച്ചു. ലോകമെമ്പാടുമുള്ള ഗുരുേദവഭക്തർ ശിവഗിരിയിലും െചമ്പ ഴന്തിയിലും അരുവിപ്പുറത്തും വന്നുപോവുക മാത്രമല്ല തീ ർഥാടനം കൊണ്ടു ഗുരു ഉദ്ദേശിച്ചത്.

ഗുരുദേവന്‍റെ അനുമതി കിട്ടി നാലുവർഷം കഴി‍ഞ്ഞ് 1932-ഡിസംബറിലായിരുന്നു ആദ്യ ശിവഗിരി തീർഥാടനം. മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ ഇലവുംതിട്ടയിലുള്ള വീടായ കേരളവർമ സൗധത്തിൽ നിന്നു കവിയുടെ മകൻ പി.കെ. ദിവാകരന്റെ നേതൃത്വത്തിൽ അഞ്ചുപേർ പത്തു ദിവസത്തെ വ്രതമെടുത്തു മഞ്ഞവസ്ത്രമണിഞ്ഞു ശിവഗിരിയിലേക്കു പുറപ്പെട്ടു. ‘അഞ്ചു മഞ്ഞക്കിളികൾ‍’ എന്നാണ് ആദ്യത്തെ ശിവഗിരിതീർഥാടകർ അറിയപ്പെട്ടത്. പിന്നീടത് ആയിരവും പതിനായിരവുമായി. കഴിഞ്ഞ തീർഥാടനകാലത്ത് 40 ലക്ഷത്തോളം പേർ ശിവഗിരിയിലെത്തി. ഒരു നൂറ്റാണ്ടോളം മുൻപ് ഗുരുദേവൻ തീർഥാടനത്തിനുേവണ്ടി നിർദേശിച്ച എട്ടു വിഷയങ്ങൾ സമുഹത്തിന്റെ അടിസ്ഥാനപുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഇതിൽ വിദ്യാഭ്യാസത്തിനാണു ഗുരുദേവൻ ഏറ്റവും പ്രാധാന്യം കൊടുത്തത്. ഈശ്വരഭക്തിക്കു മൂന്നാം സ്ഥാനമേ നൽകിയുള്ളു. ശാസ്ത്രസാങ്കേതികപരിശീലനത്തിനു നൽകിയ പ്രധാന്യം അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയുടെ ആഴം സൂചിപ്പിക്കുന്നു.

മഹാസമാധി മണ്ഡപത്തിലേക്ക്

ശിവഗിരിക്കുന്നിന്റെ നെറുകയിലാണു ഗുരുദേവന്റെ മഹാസമാധി മന്ദിരം. ഇതിനു മുകളിൽ നിന്നാൽ കടലു കാണാം. കപ്പലും കാണാം. സംസാരസാഗരത്തിൽ അകപ്പെട്ട മനുഷ്യനു ജന്മമരണദുഃഖങ്ങളുടെ മറുകര കാട്ടിക്കൊടുത്ത ഗുരുദേവന്‍റെ സമാധി നടയില്‍ എപ്പോഴും തൊഴുതു പ്രാർഥിക്കാനെത്തുന്നവരുടെ തിരക്ക്. അധഃപതിച്ചു കൊണ്ടിരുന്ന സമൂഹത്തെ അഷ്ടമന്ത്രങ്ങൾ ചൊല്ലി പുനർജനിപ്പിച്ച മാന്ത്രികന്‍റെ തേജസ് ഇപ്പോഴും ഇവിെട വിളങ്ങുന്നു. കാശിയിലെ പശുപതിനാഥ മുഖർജി വ്രതംനോറ്റു നിർമിച്ച ഗുരുദേവന്റെ വെണ്ണക്കൽ പ്രതിമയാണു സമാധിയില്‍ പ്രതിഷ്ഠ. നാലു നില കെട്ടിടത്തിന്റെ ഉയരമുള്ള മഹാസമാധി മണ്ഡപം രൂപകല്‍പന െചയ്തതു പ്രമുഖ ശിൽപി എൽ.എം. ചിറ്റാലയാണ്.

sivagiri-1 ഗുരുദേവൻ സമാധിയടഞ്ഞ വൈദികമഠം

ഗുരുപൂജയും മഹാഗുരുപൂജയുമാണു പ്രധാന വഴിപാടുകള്‍. പൂവും വെള്ളവും മാത്രമാണു പ്രസാദം. ഉച്ചയ്ക്കു 12നു നട അടച്ചാൽ വൈകുന്നേരം നാലരയ്ക്കു വീണ്ടും തുറക്കും. വർക്കല പാപനാശം കടപ്പുറത്തു നിന്നു മൂന്നു കിലോമീറ്റർ ദൂരമേയുള്ളു ശിവഗിരിക്കുന്നിലേക്ക്. 1904-ലാണ് ശ്രീനാരായണഗുരുദേവൻ ഇവിടെയൊരു മഠം സ്ഥാപിക്കുന്നത്. സമീപപ്രദേശങ്ങളിൽ ഏറ്റവും ഉയരം കൂടിയ കുന്നാണ് ശിവഗിരി. ശിവഗിരി താഴ്‌വാരത്തിനു മറുവശത്താണു കനാൽ. ഒരുകാലത്തു കെട്ടുവള്ളങ്ങളുടെ പറുദീസയായിരുന്നു ഇവിടം. ഇപ്പോൾ വല്ലപ്പോഴും കടന്നു പോകുന്ന ചെറിയ ഹൗസ് ബോട്ടുകൾ കാണാം. പലതിലും വിദേശികളായിരിക്കുമെന്നുമാത്രം.

ഗുരുേദവൻ നട്ടുനനച്ചു വളര്‍ത്തിയ പ്ലാവ് ഇപ്പോഴുമുണ്ടു സമാധിക്ക് അടുത്ത്. സമാധിമഠത്തിനുള്ളിൽ നിന്നുമെത്തുന്നു മനസ്സു തൊടും മന്ത്രധ്വനി. മതില്‍ക്കെട്ടിനു ചുറ്റും ഗുരുവചനങ്ങളുെട തെളിമ.

‘ഋജുത്വം, സ്നേഹം, ദയ, മൃദുലത, ധൈര്യം,

ലജ്ജ, ധ്യാനം ഇവയാണു മനഃശുദ്ധിക്കു നിദാനം.’

ശാരദാമഠത്തിെല അമ്മ

‘വിദ്യ കൊണ്ടു പ്രബുദ്ധരാവുക’ എന്നു നൂറ്റാണ്ടിനു മുൻപേ ഗുരുദേവൻ പറഞ്ഞതിന്റെ പൊരുളാണു ശിവഗിരിയിലെ ശാരദാമഠം. വിദ്യാദേവതയായ സരസ്വതിദേവിയാണു പ്രതിഷ്ഠ. സരസ്വതിയുടെ നാലു കൈകളിലൊന്നിൽ വീണയ്ക്കു പകരം പുസ്തകം നൽകിയിരിക്കുന്നു. കലശം, കിളി, ചിന്മുദ്ര എന്നിവയാണു മറ്റു മൂന്നു കൈകളിൽ. ധർമാർഥകാമമോക്ഷങ്ങളെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നിവേദ്യവും താന്ത്രികപൂജകളുമില്ല. ശാരദാ ഭാവത്തിലുള്ള സരസ്വതി ദേവിയെ സ്തുതിച്ച് 108 തവണ മന്ത്രം ചൊല്ലിയുള്ള അർച്ചനയാണ് വഴിപാട്. പൂജിച്ച പേനയാണ് പ്രസാദം.

ശാരദാമഠത്തിനു മുന്നിൽ എപ്പോഴും വലിയ ആൾക്കൂട്ടമാണ്. ദിവസം മൂന്നും നാലും വിവാഹങ്ങൾ ഉണ്ടാവും. വരദായിനിയായ അമ്മയ്ക്കു മുന്നിൽ താലി ചാർത്തിക്കൊള്ളാം എന്നുള്ള നിശ്ചയത്തോെട ഒട്ടേറെപ്പേര്‍ ഈ തിരുനടയിലേക്കു വരുന്നു. വിദ്യാരംഭം, ചോറൂണ്, പേരിടൽ എന്നിവയുമുണ്ട്. വിജയദശമി നാളിൽ മാത്രമല്ല മറ്റു ദിവസങ്ങളിലും ഇവിടെ വിദ്യാരംഭം കുറിക്കുന്നു.

അഷ്ടകോണാകൃതിയിലാണ് ശാരദാമഠത്തിന്റെ നിർമിതി. പഞ്ചാരനിറമുള്ള മണൽമുറ്റം. ശാരദാമഠത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഗുരുദേവൻ വിദ്യാർഥികളുടെ സമ്മേളനം സംഘടിപ്പിച്ചു. സ്പോർട്സും ഗെയിംസും പരിപാടിയുടെ ഭാഗമായിരുന്നു.

സമയം ഉച്ചയോടടുക്കുന്നു. അന്നദാനത്തിനുള്ള സമ യമായി. ഗുരുദേവന്റെ കാലത്തേയുള്ള ചടങ്ങാണിത്. ഭ ക്തർ വീടുകളിൽ വിളയിക്കുന്ന കാർഷിക ഉൽപന്നങ്ങൾ ആശ്രമത്തിൽ കൊണ്ടുവരും. അവിടെവച്ച് അത് പാകം ചെയ്യും. ആദ്യം ഗുരുവിനു വിളമ്പും. പിന്നെ, ഭക്തർക്ക്. അദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്ന അവസരങ്ങളിൽ ഗുരുദേവന്റെ ചിത്രത്തിനു മുന്നിൽ വിളമ്പിയ ശേഷമാണ് അന്നദാനം ആരംഭിക്കുന്നത്. ഇന്നും ആ സമ്പ്രദായം തുടരുന്നു. ഗുരുപൂജാമന്ദിരത്തിൽ പാകം ചെയ്യുന്ന ഭക്ഷണം ആദ്യം ഗുരുവിനു സമർപ്പിക്കുന്നു. പിന്നീട് മഠത്തിലെ ബ്രഹ്മചാരികൾ മറ്റുള്ളവർക്കു ഭക്ഷണം വിളമ്പുന്നു.

രുചികരമായ ഉച്ചയൂണു കഴിഞ്ഞപ്പോഴേക്കും തണുത്ത പടിഞ്ഞാറൻ കടൽക്കാറ്റു വീശി തുടങ്ങി. നാനാജാ തി അപൂര്‍വ വൃക്ഷലതാദികള്‍ നിറഞ്ഞ ആശ്രമപരിസരത്ത് ഇലകളുെട മര്‍മരം മാത്രം. അവയും ഗുരുദേവ വചനങ്ങളില്‍ നാമം െചാല്ലുന്നതു പോലെ...

sivagiri-3 ഗുരുദേവൻ ഉപയോഗിച്ചിരുന്ന റിക്ഷയും കസേരയും

വൈദികമഠത്തിലെ കെടാവിളക്ക്

‌ശാരദാമഠത്തിൽ നിന്നിറങ്ങി സമാധി മണ്ഡപത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ ആദ്യം കാണുന്നതു ബോധാനന്ദസ്വാമികളുടെ സമാധി മണ്ഡപം. തന്റെ കാലശേഷം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഗുരു ഏൽപ്പിച്ചതു ബോധാനന്ദസ്വാമികളെയായിരുന്നു.

1908-ൽ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ വച്ചാണു ശ്രീനാരായണഗുരു ബോധാനന്ദസ്വാമികളെ കണ്ടെത്തുന്നത്. അയിത്തത്തിനും ജാതിക്കുമെതിരെ പോരാടിയ മ ഹാത്മാവായിരുന്നു അദ്ദേഹം. ജീവിതത്തിലും സമാധിയിലും അദ്ദേഹം ഗുരുവിനെ പിൻപറ്റി. ഗുരുദേവൻ സമാധിയ ടഞ്ഞു നാലാം ദിവസം ‘ഗുരുേദവൻ വിളിക്കുന്നു’ എന്നു പ റഞ്ഞു ബോധാനന്ദസ്വാമികളും സമാധിസ്ഥനായി.

ഗുരുദേവന്റെ പ്രിയശിഷ്യന് ഉചിതമായ സ്മാരകം ശിവഗിരിയിൽ ഉയര്‍ന്നു. സമാധിമണ്ഡപത്തിലേക്കു കയറിപ്പോകുന്നവർ ആദ്യം ഗുരുശിഷ്യനായ ബോധാനന്ദസ്വാമികളെ വണങ്ങുന്നു. ‘മാനത്തുമൂഴിയിലുമാഴിയും...’ എന്നു തുടങ്ങുന്ന, ബോധാനന്ദസ്വാമികൾ തന്നെ എഴുതിയ ഭജനാവലി ചൊല്ലുന്നു.

ഗുരുദേവൻ ഇഹലോകജീവിതത്തിലെ അവസാന നിമിഷങ്ങൾ ചെലവിട്ട ‘വൈദികമഠം’ എന്ന പുണ്യസ്ഥാനം ഏറ്റവും പവിത്രമായി കാണുന്നു. ഗുരുദേവൻ ഉപയോഗിച്ചിരുന്ന കട്ടിൽ, മേശ, കസേര, ഊന്നുവടി എല്ലാം പവിത്രമായി സൂക്ഷിച്ചിരിക്കുന്നു ഇവിടെ. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടഗോർ, ആചാര്യ വിനോബഭാവേ, ദീനബന്ധു സി. എഫ്. ആൻഡ്രൂസ്, ദിവാൻ വാട്സ് തുടങ്ങി ധാരാളം മഹദ് വ്യക്തികൾ ഗുരുദേവനെ സന്ദർശിച്ചതും ഇവിടെയാണ്.

sivagiri-45 മഹാസമാധിയിൽ ദർശനത്തിനെത്തിയ ഭക്തർ

വൈദികമഠത്തിലെ അടച്ചിട്ട വാതിലിനപ്പുറത്തെ കെ ടാവിളക്കു തൊഴുതു ഭക്തർ വരിവരിയായി മുന്നോട്ടു നീങ്ങുന്നു. അവരുടെ കണ്ണുകളിൽ പ്രതിബിംബിക്കുന്നതു കെടാവിളക്ക് പോലെ പ്രകാശിക്കുന്ന ഗുരുചൈതന്യം.

sivagiri-2

ശിവഗിരി തീർഥാടനത്തിെന്‍റ നവതി, ടഗോർ സന്ദർശ നത്തിന്റെ ശതാബ്ദി, മതമഹാപാഠശാലയുടെ കനകജൂബിലി തുടങ്ങി ഇനി ശിവഗിരിക്ക് ആഘോഷങ്ങളുടെ രാപ്പകലുകളാണ്. അപ്പോഴൊക്കെ ശിവഗിരിക്കുന്നിൽ നിന്നു മുഴങ്ങുന്നത് ഒരേയൊരു ഗന്ധർവനാദം;

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്....’

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ