Thursday 08 February 2024 12:50 PM IST : By Samuel Ginu

കുന്നിൽ മുകളില്‍ കലണ്ടർ ചിത്രം പോലെ ലാൻസ്കൊറോണ; മാലാഖമാരുടെ പട്ടണം

landskrona-swedish-town-tourism-happy-journey-cover കലണ്ടർ ചിത്രം പോലെ ലാൻസ്കൊറോണ

മാലാഖമാരുടെ പട്ടണം എന്നാണ് ലാൻസ്കൊറോണ യൂറോപ്പിൽ അറിയപ്പെടുന്നത്. പോളണ്ടിലെ ക്രാക്കോ പട്ടണത്തിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പോളിഷ് പട്ടണം. കുന്നിൻ മുകളിലായ ചെരുവിൽ തടി കൊണ്ടുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് ലാൻസ്കൊറോണ. അവിടേയ്ക്ക് പോകാം എന്ന നിർദേശം മുന്നോട്ടു വച്ചത് സുഹൃത്ത് പ്രശാന്ത്. പ്രശാന്തിനെ ഫേസ്‌ബുക്ക് വഴി കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് നേരിൽ കാണുന്നത്. ക്രാക്കോയിൽ ജോലി ചെയുന്ന നിഥിനും ഞാനും പ്രശാന്തിനൊപ്പം ലാൻസ്കൊറോണ എന്ന മാലാഖമാരുടെ പട്ടണം കാണാൻ ഇറങ്ങി.

ക്രാക്കോ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ യാത്രയുണ്ട് കൽവാരിയ സെബ്രിസിഡോവ്സ്ക സ്റ്റേഷനിലേക്ക്. അവിടെ നിന്നും അഞ്ചാറ് കിലോമീറ്റർ ദൂരെ കുന്നിൽ മുകളിലാണ് ഈ മാലാഖമാരുടെ പട്ടണം സ്ഥിതി ചെയുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും യൂബർ ടാക്സി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ യാത്ര.

landskrona-swedish-town-tourism-happy-journey-train ലേഖകൻ ലാൻസ്കൊറോണയിലേക്ക്, പോളണ്ടിലെ ഗ്രാമഭംഗിയുടെ ജാലകക്കാഴ്ച

യൂറോപ്പിലെ വികസിത പട്ടണങ്ങളിലെ ട്രെയിനിന്റെ ആഡംബരവും യാത്രാ സുഖവും ഒട്ടും ഇല്ലാത്ത ഒരു പഴഞ്ചൻ തീവണ്ടി. കുടുങ്ങി കുടുങ്ങിയാണ് ട്രെയിനിലെ യാത്ര. സീറ്റുകൾ മിക്കതും കാലിയായത് ഞായറാഴ്ച്ച ആയതുകൊണ്ടാവും എന്ന് വിശ്വസിക്കാനായിരുന്നു എനിക്കു താല്പര്യം. പകുതി തുറക്കാവുന്ന കണ്ണാടി ജാലകങ്ങളിൽ കൂടി പോളണ്ടിന്റെ ഗ്രാമഭംഗി ഒരു ചലച്ചിത്രം പോലെ മിന്നിമായുന്നു. ട്രെയിൻ ഓടുന്നതിന്റെ ശബ്ദം ഞങ്ങളുടെ കാതുകളിൽ തുളച്ചു കയറുന്നു.

‘അവിടെ നിന്നു ടാക്സി കിട്ടുമോ?.. എനിക്കു തിരികെ വൈകിട്ട് സ്റ്റോക്ക്ഹോമിന് ഫ്ലൈറ്റ് പിടിക്കേണ്ടതാണ്...’ ഉൽകണ്ഠ അല്പം പോലും ചോർന്നുപോകാതെ ഞാൻ പ്രശാന്തിനോട് ചോദിച്ചു. യൂബർ ആപ്പിൽ നോക്കിയപ്പോൾ ടാക്സി കണ്ടു എന്നു പ്രശാന്ത് മറുപടി പറഞ്ഞപ്പോൾ അല്പനേരത്തേക്കെങ്കിലും ചെറിയൊരു ആശ്വാസം.

landskrona-swedish-town-tourism-happy-journey-railway-station ലാൻസ്കൊറോണ റെയിൽവേ സ്റ്റേഷൻ

കൽവാരിയ സ്റ്റേഷനിൽ ചൂളം വിളിച്ചു ട്രെയിൻ നിന്നു. പുറത്തേക്കിറങ്ങിയ ഞങ്ങളെ വരവേറ്റത് ഒരു പഴഞ്ചൻ റെയിൽവേ സ്റ്റേഷൻ കെട്ടിടം. കാഴ്ചയിൽ വർഷങ്ങളായി അവഗണിക്കപ്പെട്ട സ്റ്റേഷനാണെന്ന പ്രതീതി. ഞാൻ യൂബർ ആപ്പ് തുറന്നു. ടാക്സിക്കായി പരതി. ഇല്ല! ഒരൊറ്റ ടാക്സി ഈ ചുറ്റുവട്ടത്തില്ല...!! അഞ്ചു കിലോമീറ്റർ നടക്കുന്നത് ഒട്ടും പ്രായോഗികമല്ല. മുന്നോട്ടു നടന്ന് അടുത്തുള്ള ബസ് സ്റ്റാൻഡിൽ ചെന്നു ടാക്സി കിട്ടുമോ എന്ന് നോക്കാൻ ഞങ്ങൾ തീരുമാനിച്ചു.

വല്ലപ്പോഴും ബസുകൾ വന്നെങ്കിൽ ഭാഗ്യം എന്ന തരത്തിലാണ് ബസ്സ്‌ സ്റ്റാൻഡിന്റെ അവസ്ഥ. അല്പനേരത്തെ കാത്തിരിപ്പു പ്രതീക്ഷയുടെ അവസാന കണികകളും ഞങ്ങളിൽ നിന്നും കൊഴിഞ്ഞുവീണു. അവിടെ ബസ് കാത്തു നിന്ന പലരോടും ലാൻസ്കൊറോണ പോകാനുള്ള മാർഗം ഞങ്ങൾ ചോദിച്ചു. പലർക്കും പോളിഷ് ഭാഷ അല്ലാതെ മറ്റൊന്നും വശമില്ല. നിരാശയുടെ പടുകുഴിയിലേക്ക് വീഴാൻ തുടങ്ങിയ ഞങ്ങളുടെ മുന്നിലേക്ക് ഒരു മാലാഖ പ്രത്യക്ഷപെട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പോളിഷ് ചെറുപ്പക്കാരൻ. കക്ഷി ഫോൺ എടുത്തു പരിചയമുള്ള ഒരു ടാക്സി വിളിച്ചു. അഞ്ചു പത്തു മിനിറ്റിൽ ടാക്സി എത്തും എന്നും പറഞ്ഞു തിടുക്കത്തിൽ നടന്നകന്നു. കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ടാക്സി ഡ്രൈവർ എത്തി. അമ്പതു സ്ലോട്ടി (ഏതാണ്ട് ആയിരം രൂപക്ക് അടുത്ത്) ആണ് ലാൻസ്കൊറോണയിലേക്ക് കൊണ്ടു വിടുന്നതിനുള്ള നിരക്ക്. തിരികെ വരാൻ ഒന്ന് ഫോൺ ചെയ്താൽ പത്തു മിനിറ്റിൽ ടാക്സി എത്തും എന്നും പറഞ്ഞ്, ഒരു വിസിറ്റിങ് കാർഡും ഞങ്ങളുടെ നേരെ നീട്ടി. വളഞ്ഞു പുളഞ്ഞ വഴികളും കുത്തനെയുള്ള മലയും പിന്നിട്ട് ഞങ്ങൾ ലാൻസ്കൊറോണയിൽ എത്തി.

ലാൻസ്കൊറോണ

landskrona-swedish-town-tourism-happy-journey-shops ലാൻസ്കൊറോണ മാർക്കറ്റ് സ്ക്വയർ

കാർ ചെന്നു നിന്നത് കലണ്ടർ ചിത്രം പോലെ മനോഹരമായ ഒരു മധ്യകാല യൂറോപ്യൻ ടൗണിൽ, ലാൻസ്കൊറോണ. ഉരുളൻ കല്ലുകൾ പാകിയ മാർക്കറ്റ് സ്‌ക്വയറിൽ പ്രാദേശീക ഉൽപന്നങ്ങൾ വിൽക്കുന്ന കടകളാണ്. മാർക്കറ്റ് സ്‌ക്വയർ ഏതാണ്ട് പത്തു ഡിഗ്രി ചരുവിലാണ് സ്ഥിതി ചെയുന്നത്. മാർക്കറ്റ് സ്‌ക്വയറിൽ ചിലർ സ്റ്റാളുകൾ സെറ്റ് ചെയുന്ന തിരക്കിലാണ്. മറ്റു ചില കച്ചവടക്കാർ രാവിലെ തന്നെ സ്റ്റാളുകൾ സെറ്റ് ആക്കി കച്ചവടം ആരംഭിച്ചു. ഭക്ഷണ വസ്തുക്കൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, പഴച്ചാറിൽ നിന്നും ഉത്പാദിപ്പിച്ച വീര്യം കുറഞ്ഞ വൈൻ, ജാം അങ്ങനെ വൈവിധ്യങ്ങളുടെ നീണ്ടനിര തന്നെയുണ്ട് മാർക്കറ്റ് സ്‌ക്വയറിൽ വിൽപനക്ക്.

landskrona-swedish-town-tourism-happy-journey-wine-shopper വൈൻ വിൽപനക്കാരി

തടികൊണ്ടുള്ള ആർക്കേഡ് വീടുകളാൽ ചുറ്റപ്പെട്ട മാർക്കറ്റ് സ്ക്വയർ, പോളണ്ടിലെ പഴയ തടി വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. പഴയ ടൗൺ നൂറ്റാണ്ടുകൾക്ക് മുമ്പ് തീപിടുത്തത്തിൽ നശിച്ചു പോയിരുന്നു. തുടർന്നു പൈതൃകം ചോർന്നു പോകാതെ പുനസൃഷ്ടിച്ച ലാൻസ്കൊറോണ ടൗൺഷിപ്പാണ് ഇപ്പോഴുള്ളത്. ലങ്കോറോൻസ്‌ക മലനിരകളും സ്കവിങ്ക നദിയും ചേർന്ന് തീർക്കുന്ന സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തിരിക്കുകയാണ് ഈ പട്ടണം എന്ന് മാർക്കറ്റ് സ്‌ക്വയറിൽ നിൽകുമ്പോൾ തോന്നിപ്പോകും. താഴ്‌വരകളുടെയും വിദൂര നഗരങ്ങളുടെയും ദൂരകാഴ്ച്ച തീർക്കുന്ന ഇന്ദ്രജാലത്തിൽ ഞങ്ങൾ ലയിച്ചു നിന്നു പോയി.

landskrona-swedish-town-tourism-happy-journey-heritage-car ലാൻസ്കൊറോണയിലെ കാഴ്ചകൾ

പല പ്രമുഖ പോളിഷ് എഴുത്തുകാരുടെയും പ്രിയപ്പെട്ട ഇടം ആണ് ലാൻസ്കൊറോണ. ഇവിടെ കൂടുതൽ സമയം ചെലവഴിച്ചാൽ കവിത എഴുതിപ്പോകും എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോൾ ഞങ്ങൾ ഇവിടുത്തെ പഴയ കോട്ടയുടെ അവശേഷിപ്പുകൾ കാണാനായി നടന്നു. പതിനാലാം നൂറ്റാണ്ടിലെ കോട്ട തകർക്കപ്പെട്ടു എങ്കിലും അവശേഷിപ്പുകൾ ഇന്ന് ചരിത്ര സ്മാരകമാണ്.

landskrona-swedish-town-tourism-happy-journey-old-fort തകർക്കപ്പെട്ട കോട്ട

ഇവിടുത്തെ സെയിന്റ് ജോൺ ദേവാലയം സ്ഥിതി ചെയ്യുന്നതും കോട്ടയോടു ചേർന്നാണ്. ഞായറഴ്ച്ച ആയതു കൊണ്ട് ദേവാലയത്തിൽ നിറയെ ആളുകൾ ആണ്. ദേവാലയം നിറഞ്ഞു ദേവാലയ മുറ്റത്തു വരെയും ആളുകൾ സർവീസിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നു.

landskrona-swedish-town-tourism-happy-journey-church ലാൻസ്കൊറോണയിലെ പള്ളി

ദേവാലയത്തിന്റെ കവാടത്തോട് ചേർന്നാണ് സെറാമിക് ഷോപ്പ്. സെറാമിക് ഷോപ്പിൽ എങ്ങും മാലാഖാമാരാണ്. ചെറുതും വലുതുമായ പല വർണങ്ങളിൽ പൊതിഞ്ഞ മാലാഖമാരെകൊണ്ട് നിറച്ചിരിക്കുകയാണ് ഇവിടുത്തെ സെറാമിക് ഷോപ്പ്. ഇവിടം സന്ദർശിച്ചതിന്റെ ഓർമ പുതുക്കാൻ മികച്ച ഒരു സമ്മാനമാണ് കൈകൾ കൊണ്ട് നിർമിച്ച ഇവിടുത്തെ മാലാഖമാരുടെ സെറാമിക് ശില്പങ്ങൾ.

ലാൻസ്കൊറോണ മാലാഖമാരുടെ പട്ടണമാണ്. എല്ലാ വർഷവും ഡിസംബർ മാസത്തിൽ ഇവിടെ നടക്കുന്ന പ്രാദേശീക ആഘോഷത്തിൽ തദ്ദേശീയർ മാലാഖമാരുടെ വേഷമണിഞ്ഞു ആഘോഷത്തിൽ പങ്കെടുക്കും. അങ്ങനെയാണ് ഈ നാട് ‘ടൌൺ ഓഫ് ഏയ്ഞ്ചൽസ്’ എന്ന് അറിയപ്പെട്ടു തുടങ്ങിയത്.

landskrona-swedish-town-tourism-happy-journey-walk-way-town ലാൻസ്കൊറോണ

വാച്ചിൽ സമയം രണ്ടുമണി ആകാറായി. ഉച്ച വെയിലിൽ ലാൻസ്കൊറോണയുടെ ഭംഗി ഇരട്ടിച്ചതായി ഞങ്ങൾക്ക് തോന്നി. പോക്കറ്റിൽ പരതി ടാക്സി ഡ്രൈവർ തന്ന വിസിറ്റിങ് കാർഡ് പുറത്തെടുത്തു. ടാക്സി ഡ്രൈവറെ വിളിച്ചുതിരികെ റെയിൽവേ സ്റ്റേഷനിലേക്ക്. രണ്ടായിരം ആളുകൾ മാത്രം ജീവിക്കുന്ന കൊച്ചു പട്ടണത്തിന്റെ ഓർമകളുമായി ഞങ്ങൾ മാലാഖമാരുടെ പട്ടണത്തോടു വിട പറഞ്ഞു.

ക്രാക്കോ സന്ദർശനത്തിൽ അര ദിവസം ചെലവഴിക്കാൻ പറ്റിയ ഇടമാണ് ലാൻസ്കൊറോണ. അധികം തിക്കും തിരക്കും ഇല്ലാതെ കാഴ്ചകൾ കണ്ടു നടക്കാൻ പറ്റിയ ഡെസ്റ്റിനേഷൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാൻ പരിഗണിക്കാവുന്ന യൂറോപ്യൻ പട്ടണം.