പരന്നൊഴുകുന്ന ചാലിയാർ പുഴയുടെ മനോഹരകാഴ്ചകളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്ന മനോഹരമായൊരു പുൽമേട്. ജലക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കാൻ പാകത്തിൽ പ്രകൃതിയൊരുക്കിയ ഇരിപ്പിടങ്ങൾ, ചെറുകടകൾ, വെള്ളത്തിലൂടെ പതിയെ നീങ്ങുന്ന ചെറുബോട്ടുകൾ... ഇത് മലപ്പുറം ജില്ലയിലെ കീഴുപറമ്പിലെ മുറിഞ്ഞമാട് എന്ന തുരുത്ത്. മുറിഞ്ഞമാട് എന്ന പേര് എത്രപേർക്ക് പരിചിതമാണെന്നറിയില്ല. മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിൽ, ചാലിയാർപുഴയുടെ തീരത്തുള്ള കുഞ്ഞുതുരുത്തിന്റെ, തീരത്തിന്റെ പേരാണത്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇപ്പഴും വേണ്ടവിടം അടയാളപ്പെടുത്തപ്പെടാത്ത, ഇപ്പോഴും പ്രാദേശികസഞ്ചാരികൾക്കിടയിൽ മാത്രമൊതുങ്ങി നിൽക്കുന്ന, വലിയ സാധ്യതകളുള്ള ഒരിടം.
അത്ര ചെറുതല്ല മുറിഞ്ഞമാട്
കുഞ്ഞുതുരുത്തെന്ന് പറഞ്ഞെങ്കിലും അത്ര ചെറുതല്ല മുറിഞ്ഞമാട്; നാൽപ്പതേക്കറിലേറെ പരന്നുകിടക്കുന്ന പച്ചപ്പിന്റെ കാഴ്ചയാണ്. പതിയെ പുഴയിലേക്ക് അലിഞ്ഞുചേരുന്ന വിധത്തിലുള്ള തീരങ്ങളും, പച്ചപ്പുതച്ച ഗ്രാമങ്ങൾക്കിടയിൽ നിലകൊള്ളുന്ന തീരത്തിന്റെ ശാന്തതയും വിശാലമായ പുൽമേടിന്റെ പച്ചപ്പുമെല്ലാം ഇവിടെയെത്തുന്നവരുടെ മനംകവരും. വൈകുന്നേരക്കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങളോട് കിടപിടിക്കും മുറിഞ്ഞമാട്. നഗരച്ചൂടിൽ നിന്നു മാറി നിൽക്കുന്നതിന്റെ ഭംഗി വേറെ.

സമീപപ്രദേശങ്ങളിലുള്ളവരാണ് ഇപ്പോഴിവിടെ എത്തുന്ന സഞ്ചാരികളേറെയും, കൂടുതലും കുടുംബസഞ്ചാരികൾ. തീരത്തിന്റെ കാഴ്ചകളോടൊപ്പം ചാലിയാർപ്പുഴയിലൂടെയുള്ള ബോട്ടിങ് സൗകര്യവുമുണ്ട്. സവാരി ചെയ്യാൻ ഇരുനില ബോട്ടും പെഡൽ ബോട്ടുമെല്ലാമുണ്ട്. രണ്ടു മൂന്ന് കടകളുമുണ്ട്. (ബോട്ടിങ് ചിലത് അനൗദ്യോഗികമായി പ്രവർത്തിക്കുന്നതാണെന്ന വാർത്തകളുണ്ടായിരുന്നു). ഇതെല്ലാം പ്രാദേശികമായി ഉരുത്തിരിഞ്ഞതാണ്; ഔദ്യോഗികമായി ഒരുക്കിയതല്ല.
വന്നെത്തുന്നവരെ നിരാശപ്പെടുത്താതിരിക്കാൻ വേണ്ടത്ര പ്രകൃതിവിഭവങ്ങളും മുറിഞ്ഞമാടുണ്ട്. സഞ്ചാരികൾക്കു മാത്രമല്ല, ഫോട്ടോഗ്രാഫർമാർക്കും സിനിമാപ്രവർത്തകർക്കുമെല്ലാം തന്നെ മുറിഞ്ഞമാട് വലിയ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു. അത്ര മനോഹരമായ ലൊക്കേഷനാണ്. നിരവധി സിനിമകൾക്ക് ലൊക്കേഷനൊരുക്കിയ പഴംപറമ്പ് കുന്നിന്റെ കാഴ്ചകളിലേക്ക് ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ ദൂരമേയുള്ളു.

അധികൃതർ മനസ്സുവച്ചാൽ, വേണ്ടവിധം അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമൊരുക്കിയാൽ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനെ മാറ്റാനാവും.
മുറിഞ്ഞമാട്...
ദൂരം: കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ. ഒരു മണിക്കൂറിൽ താഴെയുള്ള യാത്ര. മലപ്പുറത്ത് നിന്നാണെങ്കിൽ 36 കിലോമീറ്റർ.
റൂട്ട്: കീഴുപറമ്പ് അങ്ങാടി മാപ്പിൽ സെറ്റ് ചെയ്താൽ മതി. അവിടെയെത്തിയാൽ പിന്നെ ഉള്ളിലൂടെയുള്ള റോഡാണ്. വഴി തെറ്റാതിരിക്കാൻ നാട്ടുകാർ സ്ഥാപിച്ച ചെറിയ സൈൻ ബോർഡുകളുണ്ട്. ആളുകളോട് ചോദിക്കുന്നത് എളുപ്പമാവും. തീരം വരെ കാറുകളും ബൈക്കുകളും പോവും. പേ പാർക്കിങ് സൗകര്യമുണ്ട്. കോഴിക്കോട് നിന്ന് വരുന്നവർക്ക് മാവൂർ - കൂളിമാട് - ചെറുവാടി വഴിയും വരാം.
സന്ദർശിക്കാൻ പറ്റിയ സമയം: വേനൽക്കാലമാണ് നല്ലത്. പുഴയിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്ന മാസങ്ങൾ. അല്ലെങ്കിൽ മഴയൊഴിഞ്ഞ സമയം. മഴക്കാലത്ത് ചാലിയാർപ്പുഴ കരകവിയും, ഒഴുക്കുമേറും. അപകടസാധ്യതകളേറെയാണ്. വൈകുന്നേരം ഏഴ് മണി വരെ മാത്രമേ പ്രവേശനമുള്ളൂ.