‘എന്റെ മോളോട് ഞാൻ ചെയ്തത് വലിയ തെറ്റാണെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു’: പശ്ചാത്തപിക്കുന്നു എന്ന് അശ്വതി ശ്രീകാന്ത്
കുട്ടികളുടെ സ്വകാര്യത സോഷ്യൽ മീഡിയയിലൂടെ ഇല്ലാതാക്കരുതെന്നും മാതാപിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ‘ദയവ് ചെയ്ത് നിങ്ങളുടെ കുട്ടികളുടെ ഏറ്റവും വൾനറബിൾ ആയ മൊമന്‍റ്സ്, അവർ കരയുന്നത്, ടാൻട്രംസ് കാണിക്കുന്നത് എന്നിവയൊന്നും ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ട് കൊടുക്കരുത്. ഞാൻ ഇതേ തെറ്റ് വർഷങ്ങൾക്ക് മുമ്പ് ചെയ്തതാണ്. അത് അഡ്മിറ്റ് ചെയ്ത് കൊണ്ടാണ് ഞാനിത് പറയുന്നത്. എന്റെ മകൾ സ്കൂളിൽ പോകാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ മൊമന്റുണ്ട്. അന്ന് ഒരു തമാശയായാണ് ഇത് ഷെയർ ചെയ്യാമെന്ന് വിചാരിച്ചത്. പക്ഷെ ഇന്ന് ഞാനതിൽ റിഗ്രറ്റ് ചെയ്യുന്നു.
സ്കൂളിൽ പോകാൻ മടിയാണല്ലേ, കരയുന്നത് കണ്ടല്ലോ എന്ന് മോളോട് എല്ലാവരും ചോദിച്ചു. അമ്മയുടെ മുന്നിൽ വെച്ച് ഞാൻ ചെയ്ത കാര്യമാണ്, ഇതെങ്ങനെയാണ് ലോകം മുഴുവൻ അറിഞ്ഞത് എന്ന് ചിന്തിച്ച് അവൾ അന്തം വിട്ട് എന്നെ നോക്കിയ സമയമുണ്ട്. ആ മൊമന്റിലാണ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ ചെയ്തത് വലിയ തെറ്റാണ് എന്ന്. ആ കാര്യത്തിൽ ഞാൻ ഭയങ്കരമായി കോൺഷ്യസ് ആകാറുണ്ട്. ഇന്ന് ഞാനൊരു വിഡിയോ കണ്ടു. ഒരു കുട്ടി കരയാറായ മൊമന്‍റ്. അത്തരം മൊമന്‍റ് നമ്മൾ ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ആലോചിക്കണം. ആ ഇമോഷൻ പ്രോസസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണല്ലോ അവരങ്ങനെ സ്ട്രഗിൾ ചെയ്യുന്നത് എന്ന്. ആ സമയത്ത് ക്യാമറ എടുക്കാതെ അവരുടെ കൂടെ ഇമോഷൻ റെഗുലേറ്റ് ചെയ്യാൻ ഇരുന്ന് കൊടുക്കുക എന്നതാണ് ഒരു പാരന്‍റ് എന്ന നിലയിൽ ചെയ്യേണ്ടത്’. – സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ അശ്വതി ശ്രീകാന്ത് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. അശ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ കാണാം.