‘കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ മിഥുന്റെ ഷൂസ്–വാച്ച് കലക്ഷൻ ഇനിയും കൂടിയേനെ’: കമന്റിന് മറുപടി: തഗ് അടിച്ച് ലക്ഷ്മിയും Mithun and Lakshmi's funny video goes viral
മിഥുനും ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ഒരുമിച്ചെത്തിയാൽ പിന്നെ ചിരിയുടെ പെരുന്നാളാണ്. പരസ്പരം തഗ് അടിച്ചും കളിയാക്കിയും ഇരുവരും കളം നിറയും. സോഷ്യൽ മീഡിയയിലെ ഫൺ–ലവിങ് കപ്പിൾ ഇപ്പോഴിതാ രസകരമായൊരു വിഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ്. മിഥുന്റെ ഷൂസിന്റെയും വാച്ചിന്റെയും കലക്ഷനെ കുറിച്ച് ഒരു വ്യക്തി പങ്കുവച്ച കമന്റും അതിനു മിഥുൻ നൽകിയ മറുപടി വിഡിയോയുമാണ് ചിരി നിമിഷങ്ങൾക്ക് വഴിവച്ചത്.
‘മിഥുൻ ബ്രോയുടെ ഷൂസിന്റെയും വാച്ചിന്റെയും കലക്ഷൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഒന്നുകൂടി കൂടിയേനെ’ എന്നായിരുന്നു കമന്റ്. ലക്ഷ്മി കൂടെ ഇല്ലായിരുന്നെങ്കിൽ ഫുൾ പൈസ മുടക്കി വാച്ചും ഷൂസും വാങ്ങിയേനെ എന്നും കമന്റിലുണ്ട്. ഇതിനുള്ള മറുപടിയുമായിട്ടാണ് മിഥുൻ എത്തിയത്.
തനിക്ക് ഈ സമ്പാദ്യമൊക്കെ ഉണ്ടായത് കല്യാണം കഴിച്ചതിനു ശേഷമാണെന്ന് മിഥുൻ പറയുന്നു. ‘കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഈ ഉയർച്ചയൊന്നും ഉണ്ടാകില്ലായിരുന്നു. കാര്യമായ സേവിങ്സ് ഒന്നും ഉണ്ടാകാതെ പോയേനെ. കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ കൂടുതൽ സാധനങ്ങൾ വാങ്ങുമായിരുന്നോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഇത്രയും സാധനങ്ങൾ വാങ്ങാനുള്ള സമ്പാദ്യം എന്റെ കയ്യിൽ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല.’ മിഥുന്റെ വാക്കുകൾ.
തൊട്ടു പിന്നാലെയായിരുന്നു സീരിയസ് വിഡിയോയിൽ ചിരി പടർത്തി ലക്ഷ്മിയുടെ സസ്പെൻസ് എൻട്രി. ഞാനാണ് നിങ്ങളുടെ ഭാഗ്യമെന്ന് പറയാൻ പറഞ്ഞു പഠിപ്പിച്ചിട്ട് എന്തേ പറയാത്തത് എന്നായിരുന്നു ലക്ഷ്മിയുടെ ചോദ്യം. വിഡിയോ ഒന്നു കൂടി എടുത്തേ തീരുവെന്ന ലക്ഷ്മിയുടെ തമാശ കമന്റും പിന്നാലെയുണ്ട്. എന്തായാലും സീരിയസായി തുടങ്ങി തമാശയിൽ അവസാനിപ്പിച്ച ഇരുവരുടെയും വിഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നുണ്ട്.