മലയാളം, തമിഴ് സിനിമ രംഗത്തും വെബ് സീരിസുകളിലും സജീവസാന്നിധ്യമായി അഭിനയ രംഗത്ത് ശ്രദ്ധേയയാകുന്ന യുവനടിയാണ് അരുന്ധതി നായർ. ഇപ്പോൾ ഒരു അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ കഴിയുന്ന അരുന്ധതിയ്ക്കായി മനസ്സ് നൊന്തു പ്രാർത്ഥിക്കുകയാണ് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.
കഴിഞ്ഞ നാല് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് അരുന്ധതി. സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം സംഭവിച്ചത്.
അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് നടി ഗോപിക അനിൽ ഉള്‍പ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.
‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി’. – ഗോപിക അനിൽ കുറിച്ചു.
അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്.