ആദ്യത്തെ കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി താരദമ്പതികളായ സ്നേഹയും ശ്രീകുമാറും. കേദാർ എന്നാണ് കുഞ്ഞിന്റെ പേര്. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാണ്. കുഞ്ഞിനെ മടിയിൽ കിടത്തി ‘കേദാർ’ എന്ന് ഉറക്കെ വിളിക്കുകയാണ് വിഡിയോയിൽ സ്നേഹ.
ജൂൺ ഒന്നിനാണ് കുഞ്ഞു ജനിച്ചത്. ഈ സന്തോഷം ഇരുവരും യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു.
പേരിടൽ ചടങ്ങിൽ പങ്കെടുത്ത നടി സബിറ്റ ജോർജ് കുഞ്ഞിനും സ്നേഹയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘ഹൃദയം നിറഞ്ഞ സ്വാഗതം കേദാർ. സ്നേഹയ്ക്കും ശ്രീകുമാരിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ മകന് ഒരുപാട് പേരുടെ സ്നേഹം ലഭിയ്ക്കും’ എന്ന കുറിപ്പോടെയാണ് സബിറ്റ ചിത്രങ്ങൾ പങ്കുവച്ചത്.