Thursday 02 May 2024 03:46 PM IST : By സ്വന്തം ലേഖകൻ

‘മറിമായത്തിൽ ഏറ്റവും വലിയഭാഗ്യം കിട്ടിയിരിക്കുന്നത് സ്നേഹയ്ക്കാണ്’: ആ സസ്പെൻസ് പൊളിച്ച് മറിമായം ടീം

marimayam-story

കുറച്ചു വർഷം മുൻപു ചിരിയുടെ പാചകക്കുറിപ്പു വളരെ എളുപ്പമായിരുന്നു. നിറത്തെ കളിയാക്കൽ നാലെണ്ണം നൈസായി അരിഞ്ഞത്, സ്ത്രീകളെ പരിഹസിക്കൽ മൂന്ന് സ്പൂൺ, ഉയരക്കുറവു നീളത്തിൽ മുറിച്ചത്, പിന്നെ ആവശ്യത്തിനു ദ്വയാർഥ പ്രയോഗം. ഇതെല്ലാം കൂടി തിളപ്പിച്ചാല്‍ ചി രി രസായനമായി.

പക്ഷേ, കാലം മാറി. ഇമ്മാതിരി മായം ചേർ‌ന്ന കൂട്ടുമായിറങ്ങിയാൽ പിള്ളേര് എടുത്ത് ഉടുക്കും. അവർ ചിരിക്കുന്നില്ലെന്നു മാത്രമല്ല സോഷ്യൽമീഡിയ വഴി എയറിലാക്കാനും തുടങ്ങി. ഇപ്പോൾ പഴയ പാകത്തിനു ചിരിയുടെ പാൽപ്പായസം വച്ചു കൊടുത്താലും പ്രേക്ഷകർക്കു പുക ചുവയ്ക്കും.

അതു മനസ്സിലാക്കിയതുകൊണ്ടാണു മറി മായം ഒരു പതിറ്റാണ്ടിലേറെയായി മായമല്ലാ തെ ഇങ്ങനെ ചിരിപ്പിക്കുന്നത്. ബോഡിഷെയിമിങ് ഇല്ല, സ്ത്രീവിരുദ്ധതയില്ല. പകരം സമൂഹത്തിലെ ചലനങ്ങൾ കോമഡിയുടെ ചട്ടിയിൽ കിടന്നു ചിരിച്ചു തുള്ളുന്നു.

13 വർഷമായി. എഴുന്നൂറിലധികം എപ്പിസോഡുകൾ. ‘നവ കുടുംബ യാത്രയും ചട്ടിച്ചോറും സിനിമാ റിവ്യൂവും എല്ലാം വൻ ഹിറ്റ്. ഇപ്പോൾ മറിമായം ടീം സ്വന്തമായി സിനിമ സംവിധാനം ചെയ്ത് അഭിനയിക്കുന്നു. പേര്–പഞ്ചായത്ത് ജെട്ടി. സംവിധാനം ‘സത്യശീലനും’ ‘പ്യാരിയും’.

വിനോദ് കോവൂർ: സംവിധാനം മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും കൂടിയാണെന്ന് പറയുന്നതിനെക്കാൾ ആൾക്കാർക്കു മനസ്സിലാകാൻ എളുപ്പം മറിമായത്തിലെ കഥാപാത്രങ്ങളുടെ പേരു പറയുന്നതു ത ന്നെ. ഞങ്ങളുടെ ശരിക്കുള്ള പേരിനെക്കാൾ പ്രേക്ഷകർക്ക് അറിയാവുന്നത് അതാണ്.

യാത്രയ്ക്കിടയിൽ ചിലരെ കാണുമ്പോൾ ഒാടി വന്നു ചോദിക്കും,‘‘ഇങ്ങള് മൊയ്തു അല്ലേ, കുറേ ദിവസം മുന്നേ ഷൊർണൂരിൽ നിന്നു സത്യശീലനെ കണ്ടിരുന്നു. മണ്ടൂന് കുട്ടിയായല്ലേ...’’ ഞങ്ങളുടെ ശരിക്കുമുള്ള പേരു മാറി.

എന്താണ് ഈ ചിരിയുടെ മാത്തമാറ്റിക്സ്?

മണികണ്ഠൻ: ഞങ്ങൾ ഒരു മായവും ഇല്ലാത്ത ആളുകൾ ആണ്. അതു തന്നെയാണ് വിജയം. എല്ലാവരും തുറന്ന മനസ്സുള്ളവർ. ഏതു സന്ദർഭമായാലും സത്യസന്ധമായി പെരുമാറുമ്പോഴല്ലേ ആളുകൾ മനസ്സിലേക്ക് എടുക്കൂ...

നിയാസ്: മറിമായം ഒരു തരം പൊതുപ്രവർത്തനമാണ്. സ മരവും ജാഥയും ഒന്നും ഇല്ല എന്നേയുള്ളൂ. ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നവയാണ് ഒാരോ എപ്പിസോഡും. അഭിനയത്തെ അങ്ങേയറ്റം പ്രണയിക്കുന്നവരാണു ഞങ്ങൾ.

സ്നേഹ: പ്രേക്ഷകർക്കാണ് ഇതു തമാശപ്പരിപാടി. ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് ഒാരോ എപ്പിസോഡിന്റെയും തിരക്കഥ വായിക്കുന്നത്. സർക്കാർ ഒാഫിസുകളെക്കുറിച്ചുള്ള എപ്പിസോഡ്സ് വരുമ്പോൾ ഡിപ്പാർട്മെന്റുകളിൽ വിളിച്ചു ചോദിച്ച് ക്രോസ്ചെക്ക് ചെയ്യാറുണ്ട്.

പല എപ്പിസോഡുകളും സാധാരണക്കാരനു പറയാനുള്ള കാര്യങ്ങളാണല്ലേ?

സ്നേഹ: സാധാരണക്കാരനു സമൂഹത്തിനോടും അധികാരികളോടും പറയാനുള്ളതു രസകരമായി ഞങ്ങൾ അവതരിപ്പിക്കുന്നു. പണ്ടുമുതലേ മറിമായത്തിന്റെ സ്വഭാവമാണിത്. അതാണു വിജയിപ്പിച്ചതും.

റിയാസ്: അതുകൊണ്ടു തന്നെ അനീതിക്കെതിരെ ശബ്ദിക്കുന്നവർ എന്ന പദവിയാണു പലപ്പോഴും പ്രേക്ഷകർ നൽകുന്നത്. അവർക്കു വേണ്ടിയാണു ഞങ്ങൾ സംസാരിക്കുന്നതെന്ന വിശ്വാസവും ഉണ്ട്. ചിലർ വിളിക്കും,നിങ്ങൾക്കു കഥയുണ്ടാക്കാനുള്ള അനുഭവങ്ങൾ പറഞ്ഞു തരാം. ഈ വിഷയത്തെക്കറിച്ച് ഒരു എപ്പിസോഡ് ചെയ്യണം എന്നൊക്കെ പറയും.

മണി ഷൊർണൂർ: ഒരുപാട് അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്.ചില എപ്പിസോഡുകൾ ചിലർക്കു വിഷമമാകുമോ എന്നു തോന്നും. പക്ഷേ, ആ പറയുന്നതിലെ ഹാസ്യം തിരിച്ചറിഞ്ഞാൽ അതു മറക്കുകയും ചെയ്യും. എല്ലാവരെയും വിമർശിക്കാറുണ്ട്.

പതിമൂന്നാം വർഷത്തിലെ ഏറ്റവും വലിയ സന്തോഷമല്ലേ മറിമായം ടീമിന്റെ സിനിമ?

വിനോദ് കോവൂർ: പതിമൂന്നാം വർഷം എത്തിനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷത്തിലാണ്. ഞങ്ങളുെട സൗഹൃദം വളർന്നു വലുതായി എന്നതിന്റെ തെളിവുപോലെ പുതിയ സിനിമ വരുന്നു–പഞ്ചായത്ത് ജെട്ടി. സംവിധാനവും അഭിനേതാക്കളും എല്ലാം മറിമായം ടീം. ഞങ്ങൾക്കു പുറമേ അൻപതോളം മറ്റു താരങ്ങളുമുണ്ട്.

ഇതിനു മുൻപ് ഞങ്ങൾ അഭിനയിച്ച വല്ലാത്ത പഹയ ൻ എന്ന സിനിമ ഉണ്ടായിട്ടുണ്ട്. നിയാസും സുഹൃത്തായ റസാക്കും ചേർന്നാണു സംവിധാനം ചെയ്തത്.

മണികണ്ഠൻ: സലീം സെറ്റിൽ വച്ചു നാട്ടിലെ കഥകൾ പറയും. അതു കേട്ടു ഞങ്ങൾ ആത്മാർഥമായി ചിരിക്കും. ഈ കഥകളൊക്കെ എഴുതി വയ്ക്കാൻ പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ഒരു കഥ കിട്ടിയത്. അതു തിരക്കഥയാക്കി മാറ്റി. നല്ല നിർമാതാക്കളെ കിട്ടി. പുലിവാൽ കല്യാണവും പഞ്ചവർണ തത്തയും ആനന്ദം പരമാനന്ദവുമൊക്കെ നിർമിച്ച സപ്തതരംഗ് ക്രിയേഷൻസ് ആണ് നിർമിക്കുന്നത്.

വിനോദ് കോവൂർ: ഈ സിനിമയ്ക്കായി മറ്റു ചില നായകന്മാരെയും നായികമാരെയും ഞങ്ങൾ അന്വേഷിച്ചു. പ ക്ഷേ, പല കാരണങ്ങൾ കൊണ്ടും നടന്നില്ല. അപ്പോഴാണുനിർമാതാക്കളായ പ്രേമേട്ടനും ഉണ്ണിയേട്ടനും (പ്രേമദാസും ഉണ്ണികൃഷ്ണനും) എന്തിന് അഭിനേതാക്കളെ തേടി അലയുന്നു, നിങ്ങൾക്കു നിങ്ങളെ വിശ്വാസം ഇല്ലേ എന്നു ചോദിക്കുന്നത്.

മണി ഷൊർണൂർ: ഞങ്ങൾ സിനിമയിലേക്ക് എത്തിക്കഴിഞ്ഞാണു മനസ്സിലാകുന്നത് മറിമായത്തിന്റെ വലിയ ആരാധകർ സിനിമയിലുണ്ട്.

നിയാസ്: മമ്മൂക്ക മറിമായത്തിന്റെ വലിയ ആരാധകനാണ്. ചില എപ്പിസോഡുകൾ കണ്ട്് അദ്ദേഹം അഭിപ്രായം പറയാറുമുണ്ട്. മമ്മൂക്കയെയും സത്യൻസാറിനെയും (സ ത്യൻ അന്തിക്കാട്) സിനിമയുടെ പൂജയ്ക്ക് ക്ഷണിക്കാൻ ഞങ്ങൾ പോയി. മണിക്കൂറുകളാണു രണ്ടു പേരും ഞങ്ങളോടു സംസാരിച്ചത്. വലിയ ആത്മവിശ്വാസമായി ആ ക ണ്ടുമുട്ടൽ.

രാഷ്ട്രീയക്കാരന്റെ കുപ്പായത്തിൽ നിന്നല്ലേ സലിം എത്തുന്നത് ?

സലിം: അഭിനയവും രാഷ്ട്രീയവും കുടുംബപ്രാരബ്ധവുമായി നടക്കുന്ന കാലം. മഴവിൽ മനോരമ തുടങ്ങി. ഒരു സ്കിറ്റ് എടുക്കുമോ എന്നറിയാനായി വന്നു നോക്കിയതാണ്. പരമ്പരാഗത രീതിയിലുള്ള ഡബിൾമീനിങ് സാധനം കണ്ടപ്പോൾ ഇതൊന്നും ഇവിടെ എടുക്കില്ലെന്നു പറഞ്ഞ് ഒാടിച്ചു വിട്ടു. പിന്നെ, ഒരു സഹായിയായി മറിമായം ടീമിന്റെ കൂടെ നിന്നു.

പഞ്ചായത്ത് മെംബറായിരുന്നതു കൊണ്ടു സമൂഹത്തിലെ എല്ലാ മനുഷ്യരുമായി ഇടപെടാൻ പറ്റി. ഏത് ഒാഫിസിലെയും കാര്യങ്ങൾ അറിയാം. ഒരു മുറി വൈദ്യനെ പോലെ ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടായിരുന്നു.

നിയാസിക്ക പറയും ‘നീ ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടവനാണ്’. അങ്ങനെ ഒരു ദിവസം മണിയേട്ടന്റെ കഥാപാത്രത്തിനു ചായ കൊണ്ടുപോയി കൊടുക്കുന്ന സീനിലേക്ക് ഒരാളെ വേണം. എന്നോടു ചെയ്യാൻ പറഞ്ഞു. ചായ കൊണ്ടു പോയി മേശപ്പുറത്തു വച്ചു മിണ്ടാതെ ഉരിയാടാതെ ഇങ്ങു പോരണം; അതായിരുന്നു നിർദേശം. എ ന്റെ ഭാഗ്യം കൊണ്ടാകാം, ചായ മേശപ്പുറത്തു വ ച്ചപ്പോൾ മണിയേട്ടൻ എന്നോടു ഡയലോഗ് പറഞ്ഞു, കൃത്യം കൗണ്ടർ എനിക്കു പറയാനായി. അത് ആളുകള്‍ ശ്രദ്ധിച്ചു. അങ്ങനെ ചെറിയ വേഷങ്ങൾ കിട്ടിത്തുടങ്ങി.

എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറയണ പോലെ ഇവരൊ ക്കയാണ് എന്നെ നടനാക്കിയത്. കൂടെ നി ൽക്കുന്നവർക്കു നമ്മൾ കാരണം തെറ്റ് വര രുതല്ലോ എന്നു കരുതി ശ്രദ്ധിച്ച് അഭിനയിക്കാൻ തുടങ്ങി.

ടീം വർക്കിന്റെ വിജയം തന്നെയല്ലേ ഇത്?

റിയാസ്: പതിമൂന്നു വർഷമായില്ലേ, ഞങ്ങൾ തമ്മിലുള്ള അടുപ്പം കുടുംബങ്ങളുമായിട്ടുമുണ്ട്. പരസ്പരം കാണാറുണ്ട്. ഞാനും കുടുംബവും തിരുവനന്തപുരത്തായതു കൊണ്ടു വല്ലപ്പോഴും മാത്രമേ ഇവർക്കൊപ്പം ചേരാനാകൂ.

ടീം വർക്ക് എന്ന വാക്കിന് ഈ വിജയത്തിൽ വലിയ പങ്കുണ്ട്. സ്ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞുള്ള ഒരു മണിക്കൂർ സമയം വലിയ ചർച്ചകൾ നടക്കും. കൂട്ടിച്ചേർക്കലുകൾ, മുറിച്ചു മാറ്റലുകൾ, തർക്കങ്ങൾ, വാദങ്ങൾ. അവസാനം ക്യാമറയ്ക്കൂ മുന്നിലേക്ക് എത്തുമ്പോൾ പെർഫക്ട് ആയിമാറും.

എല്ലാവരുടെയും അമ്മയും അമ്മൂമ്മയുമൊക്കെയായി സ്നേഹ അഭിനയിച്ചിട്ടുണ്ടല്ലേ?

വിനോദ് കോവൂർ: മറിമായത്തിൽ ഏറ്റവും ഭാഗ്യം സ്നേഹയ്ക്കാണ്. ഭാര്യയായും അമ്മയായും മകളായും അമ്മൂമ്മയായും അഭിനയിച്ചു. മാത്രമല്ല സ്നേഹയ്ക്ക് കുടുംബജീവതം കിട്ടിയതും ഇവിടെ നിന്ന്. ലോലിതനെ ആരു മറക്കാനാണ്.

സ്നേഹ: കുമ്പളം എന്ന കുഞ്ഞുഗ്രാമത്തിൽ നിന്നാണു ഞാൻ വരുന്നത്. കഥകളിയും ഒാട്ടൻതുള്ളലുമൊക്കെ അറിയുന്ന തനി നാട്ടിൻപുറത്തുകാരി. ചാനൽ പ്രോഗ്രാമിന് അഭിനയിക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് അത്ര താൽപര്യമില്ല. ആദ്യ എപ്പിസോഡ്. ഒരു സീൻ ഫ്ലാറ്റിലാണ് ഷൂട്ട് ചെയ്യേണ്ടത്. അ വിടൊന്നും പോകാന്‍ പറ്റില്ലെന്ന് അമ്മ തീർത്തു പറഞ്ഞു. അത്ര സ്ട്രിക്ട്. പക്ഷേ, ആ സീൻ നിർബന്ധമാണു താനും. അങ്ങനെ അമ്മ തന്നെ അതിനു പരിഹാരവും കണ്ടുപിടിച്ചു. നമ്മുടെ വീട്ടിൽ ഷൂട്ടു ചെയ്യാം.അതാകുമ്പോൾ ഞാ ൻ ഫ്ലാറ്റിലൊന്നും പോകില്ലല്ലോ. അങ്ങനെ മറിമായത്തിന്റെ ആദ്യ എപ്പിസോഡ് എന്റെ വീട്ടിൽ വച്ചു ചിത്രീകരിച്ചെന്നു പറയുന്നതിൽ സന്തോഷമുണ്ട്.

സിനിമയും നാടകവും മിമിക്രിയും... ഈ ലോകത്തു നിന്നല്ലേ മറിമായത്തിലേക്കു ടീമിലെ പലരും എത്തിയത്?

മണികണ്ഠൻ: സ്കൂൾ ഒാഫ് ഡ്രാമയിൽ നിന്നു ബിരുദം എടുത്ത ശേഷം നാടകത്തിലേക്കും സിനിമയിലേക്കും എത്തി. സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അന്നത്തെ ആറ്റിറ്റ്യൂഡ് വച്ച് സീരിയലി ൽ അഭിനയിക്കുന്നില്ല എന്നായിരുന്നു തീരുമാനം. സിനിമയ്ക്ക് പോയാൽ പൈസയും കിട്ടില്ല, എന്നാൽ പ്രതിഫലം കിട്ടുന്ന സീരിയലിലേക്ക് പോവുകയും ഇല്ല. അതായിരുന്നു അവസ്ഥ.

മറിമായത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോൾ ആദ്യം സംശയിച്ചു. ഒന്നും നോക്കണ്ട പോയി അഭിനയിക്കാൻ ഭാര്യ നിർബന്ധിച്ചു. ഇതിന്റെ പേരിൽ ഞാനും ഭാര്യയും നല്ല ശണ്ഠ. ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി. ആ വരവ് എന്റെ ജീവിതം മാറ്റി മറിച്ചു.

വിനോദ് കോവൂർ: മൂന്നിൽ പഠിക്കുമ്പോൾ‌ തന്നെ പഠിപ്പിക്കുന്ന മാഷന്മാരുടെ ശബ്ദവും ചലനങ്ങളും അവതരിപ്പിച്ച് കയ്യടി നേടി. കോളജില്‍ വച്ചു തന്നെ ഞാൻ ‘പ്രഫഷനലായി’. നാടകവും വൺമാൻഷോയും ഒക്കെയായി തിരക്കിലായി. മറ്റൊരു ചാനലിലെ രണ്ടു വൺമാൻ ഷോസ് വലിയ ഹിറ്റായി. അതിന്റെ സംവിധായകൻ മഴവിൽ മനോരമയിലേക്ക് എത്തിയപ്പോൾ കോഴിക്കോടൻ ഭാഷയുടെ പ്രതിനിധിയായി മറിമായത്തിൽ വിനോദ് വേണമെന്നു പറഞ്ഞു. അങ്ങനെയാണു ഞാനെത്തിയത്.

നിയാസ്: മാള അരവിന്ദനൊപ്പം നാടകത്തിൽ അഭിനയിച്ചാണ് അരങ്ങിലെത്തിയത്. ഭരതൻ സംവിധാനം ചെയ്ത വെങ്കലത്തി ൽ മുഖം കാണിച്ചു. പിന്നീട് ഗ്രാമഫോണിലും സ്വപ്ന സഞ്ചാരിയിലുമൊക്കെ അഭിനയിച്ചു നിൽക്കുന്ന സമയത്താണു മറിമായത്തിലേക്ക് വരുന്നത്. ആദ്യ എട്ട് എപ്പിസോഡിനു ശേഷമാണ് എന്റെ എൻട്രി.

റിയാസ്: ഏതാണ് 23 വർഷം മുൻപ് എനിക്ക് ഒരു മിമിക്രി ട്രൂപ് ഉണ്ടായിരുന്നു–നർമകല. സൂരാജ് വെഞ്ഞാറമൂടൊക്കെ ഒപ്പമുണ്ടായിരുന്നു. ആ മേഖലയിൽ നിന്നു മറിമായത്തിലേക്ക് എത്തിയപ്പോൾ ജീവിതം നന്നേ മാറിപ്പോയി. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. മിമിക്രിയിൽ നിന്നു വന്നതു കൊണ്ട് അഭിനയിക്കുമ്പോൾ കുറച്ച് അതിഭാവുകത്വമൊക്കെ ഉണ്ടായിരുന്നു. മണികണ്ഠേട്ടനൊക്കെ തിരുത്തി തരും. ‌

മണി ഷൊർണൂർ: ഞാനും നിയാസും ഒരുപാടു വേദികളിൽ ഒന്നിച്ചു മിമിക്രി കളിച്ചവരാണ്. തൃശൂർ നിസാസ്, ജോക്ക് ആൻഡ് ജോക്കേഴ്സ്, അതൊക്കെയായിരുന്നു ഞങ്ങളുടെ മിമിക്രി ട്രൂപ്പ്. പിന്നീട് നിയാസിന്റെ അനുജൻ കലാഭവൻ നവാസിന്റെ കൂടെയും ഞങ്ങൾ പോയി. കേരളത്തിലുണ്ടായിരുന്ന ഒട്ടുമിക്ക കലാകാരന്മാർക്കൊപ്പവും പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

30 വർഷത്തോളം സ്റ്റേജ് കലാകാരനായിരുന്നു. അമച്വർ നാടകങ്ങളിലായിരുന്നു തുടക്കം. പിന്നീട് പ്രഫഷനൽ നാടകങ്ങൾ, മിമിക്രി ഷോകൾ, അതുകഴിഞ്ഞ് മറിമായം. ഇപ്പോൾ സിനിമയിലും എത്തി. റോഷാക്കിലും ഇപ്പോൾ ടർബോയിലും... അങ്ങനെ പടിപടി ആയാണു യാത്ര.

ഉണ്ണിയുടെ ജീവിതം ഒരു സിനിമ പോലെ തന്നെയല്ലേ... ഇപ്പോൾ നായകനുമായി

ഉണ്ണി: നായകനായി എന്നൊന്നും പറയാനുള്ള ‘കപ്പാസിറ്റി’ എനിക്കില്ല. പ്രധാന വേഷം ചെയ്യുന്ന ഒരു സിനിമ വരുന്നുണ്ട്. ഒരു സെറ്റിൽ ചെന്നാൽ രണ്ടു ദിവസം കഴിഞ്ഞാൽ പോരാറാണല്ലോ പതിവ്. ഇതു കുറച്ചു കൂടുതൽ ദിവസം ലൊക്കേഷനിൽ നിന്നു. അതാണ് വ്യത്യാസം. സിനിമയുടെ പേര് പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം.

മറിമായത്തിലേക്ക് എത്തുന്നതിനു മുൻപേ സ്കൂൾ ക ലോത്സവത്തിനായി കുട്ടികളെ മൈം പഠിപ്പിക്കാൻ പോയിരുന്നു. തുടർച്ചയായി 25 വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഞാൻ മൈം പഠിപ്പിച്ച കുട്ടികൾ മത്സരിക്കാൻ എത്തിയിട്ടുണ്ട്. ഒരിക്കൽ മത്സരത്തിനെത്തിയ അഞ്ചു ജില്ലകളിലെ കുട്ടികളെയും ഞാനായിരുന്നു പരിശീലിപ്പിച്ചത്.

വയനാട് സബ്ജില്ലാ കലോത്സവത്തിനു നിൽക്കുമ്പോഴാണ് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലാക്കിയത്. വേഗം കാസർകോടെത്താൻ വീട്ടുകാർ പറഞ്ഞു. കുട്ടികൾ സ്റ്റേജിൽ കയറി പ്രോഗ്രാം അവതരിപ്പിച്ചിട്ടേ ഞാൻ എത്തൂ എന്ന് തീർത്തു പറഞ്ഞു. വീട്ടുകാർക്ക് അത്രയ്ക്കിഷ്ടമായില്ല. അങ്ങനെ കലോത്സവം കഴിഞ്ഞിട്ടാണു കുഞ്ഞിനെ കാണാൻ പോയത്.

പണ്ടു കലോത്സവത്തിനു പോകുമ്പോ മുറിയൊന്നും കിട്ടില്ല. കേരളത്തിലെ പല റെയിൽവെസ്റ്റേഷനുകളിലും കിടന്നുറങ്ങിയിട്ടുണ്ട്. ഇപ്പോൾ‌ അങ്ങനെ പറ്റില്ല. ആൾക്കാ ർ വെയ്റ്റിങ് റൂമിൽ കൊണ്ടു ചെന്നിരുത്തും. അതു മറിമായത്തിൽ അഭിനയിച്ചതു കൊണ്ടുണ്ടായ മാറ്റമാണ്.

റിട്ടയർമെന്റ് കാലം അഭിനയത്തിലൂടെ ഉഷാറാക്കുന്ന രാഘവേട്ടൻ എങ്ങനെയാണ് എത്തിയത്?

രാഘവൻ: റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിയിൽ ഉള്ള കാലത്തേ അഭിനയവും എഴുത്തും എ ല്ലാം ഒപ്പമുണ്ടായിരുന്നു. അൻപതോളം അമച്വർ നാടകങ്ങ ൾ സംവിധാനം ചെയ്തിട്ടുമുണ്ട്. എ.കെ. രാഘവൻ കരിവള്ളൂർ. അതായിരുന്നു അന്നത്തെ പേര്. റിട്ടയർ ആയി കഴിഞ്ഞാണു മറിമായത്തിലേക്ക് എത്തുന്നത്. ഇവിടെ എത്തിയതോടെ എല്ലാവരുടെയും രാഘവേട്ടൻ ആയി.

ഒട്ടും ഈഗോ ഇല്ലാത്ത ഒരു കൂട്ടം കലാകാരന്മാർ കുടുംബം പോലെ ജീവിക്കുന്നു. അതുകൊണ്ടാണു സ്നേഹത്തോടെ മുന്നോട്ടു പോകാനാകുന്നത്. നാടകത്തിലൊക്കെ അഭിനയിക്കുന്ന കാലത്തേക്കാൾ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാൻ ആയതു മറിമായത്തിലൂടെയാണ്.

മറിമായം ടീമിന്റെ പ്രതിഫലം, കുടുംബം, വീട്. അങ്ങനെ മറിമായം ടീമിനെക്കുറിച്ച് ഇറങ്ങുന്ന വിഡിയോകളും വൈറലാവുന്നുണ്ടല്ലോ?

റിയാസ്: പ്രതിഫലത്തെക്കുറിച്ചു കഴിഞ്ഞ വർഷവും വിഡിയോ വന്നിരുന്നു. അതുകണ്ടു ഞങ്ങളുടെയും ചാനൽ അക്കൗണ്ട്സ് ടീമിന്റെയും ബോധം പോയി. പുതിയ വിഡിയോയിൽ അന്നത്തെക്കാൾ പ്രതിഫലം കുറഞ്ഞിട്ടുണ്ട്. ന മ്മളോടുള്ള ഇഷ്ടംകൊണ്ട് ചെയ്യുന്നതല്ലേ, പിന്നെ, തുകയുടെ വലുപ്പം കേൾ‌ക്കുമ്പോൾ ഒരു മനസുഖം.

വിനോദ് കോവൂർ: സിനിമയിൽ പോലും കിട്ടാത്തപ്രാധാന്യം മറിമായത്തിലൂടെ ഞങ്ങൾ‌ക്ക് കിട്ടിയുട്ടുണ്ട്. ഒാരോ എപ്പിസോഡും ഒാരോ സിനിമയാണ്. അങ്ങനെ നോക്കിയാൽ തുടക്കം മുതൽക്കേ ഉള്ളതുകൊണ്ട് ഞാനും മണിയേട്ടനും സ്നേഹയുമെല്ലാം എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചവരാണ്. ജീവിതത്തിൽ ആകാൻ പറ്റാത്തതു പലതും മറിമായത്തിന്റെ കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് സ്റ്റേജ് ഷോയ്ക്കു പോവുമ്പോൾ പലരും പറയും, ഞങ്ങളുടെ ടെൻഷൻ റിലീസ് മരുന്നാണു മറിമായം.

കേരളത്തിലെ മിക്ക ജില്ലകളുടെയും ഭാഷകളുടെ സ മ്മേളനമാണ് ഇത്. കോയ കോഴിക്കോട് ഭാഷ പറയുമ്പോ ൾ പ്യാരി കൊച്ചിക്കാരനാകും, ഉണ്ണി കാസർകോ‍ടും.

ഉണ്ണി: എന്റെ നാവില്‍ കാസർകോടൻ ഭാഷയേ വരൂ.ആദ്യ എപ്പിസോഡിൽ അച്ചടി ഭാഷ പറയാൻ ഞാൻ കഷ്ടപ്പെട്ടു ശ്രമിക്കുമ്പോൾ നിയാസിക്ക പറഞ്ഞു, നീ നിന്റെ നാട്ടുകാരോട് എങ്ങനെ സംസാരിക്കുന്നുവോ അതുപോലെ പറഞ്ഞാൽ മതി. കാസർകോട് ഭാഷ എല്ലാവർക്കും മനസ്സിലാവുമോ എന്ന് സംശയമുണ്ടായിരുന്നു. പ ക്ഷേ, ആൾക്കാർ അത് ഏറ്റെടുത്തു.

മണി ഷൊർണൂർ: സാധാരണ സ്റ്റേജ് പ്രോഗ്രാം ഒക്കെ കഴിയുമ്പോൾ പരിപാടി കഴിഞ്ഞാൽ ആൾക്കാർ നമ്മളെ മറക്കും. പിന്നെ, പുറത്തു വച്ചു കണ്ടാൽ തിരിച്ചറിയണം എന്നില്ല. ഇടയ്ക്ക് മിമിക് ഷോകളുടെ വിഡിയോ കസറ്റുകളും സി‍ഡികളും ഇറങ്ങി. അതോടെയാണു പതുക്കെ പ്രേക്ഷകരുടെയുള്ളിൽ മുഖം പതിയുന്നത്. എന്നാൽ മറിമായത്തിലെത്തിയതോടെയാണ് എവിടെ വച്ചു കണ്ടാലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. ഇപ്പോൾ എന്റെ പേര് മണി ഷൊർണൂർ ആണെന്നു പറഞ്ഞാൽ ആരും ഒാർക്കില്ല. എല്ലാവർക്കും ഞാൻ സുഗതനാണ്.

സുമേഷിനെ അവതരിപ്പിച്ച ഖാലിദിന്റെ മരണം സങ്കടമായി നിൽക്കുന്നില്ലേ,,,

സലിം: ഖാലിദ് ഇക്ക അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിനു പകരം വയ്ക്കാൻ മറ്റൊരാളില്ല. തലേന്നു ഞ ങ്ങൾക്കൊപ്പം അഭിനയിച്ചു. പിറ്റേന്നു കുഴഞ്ഞു വീഴുന്നു.വല്ലാത്തൊരു മരണമായി പോയി.

നിയാസ്: ഞങ്ങളൊക്ക എത്തും മുൻപേ സെറ്റിലെത്തും. എത്തിയാലുടന്‍ കോസ്റ്റ്യും ഒരുക്കുന്നവരുടെ അടുത്തു പോയി പണിയുടുപ്പ് എവിടെന്നു ചോദിക്കും. പണിയുടുപ്പ് എന്നാൽ അന്നത്തെ കഥാപാത്രത്തിന്റെ വേഷം. അതിട്ട ശേഷമേ ഇക്ക സ്ക്രിപ്റ്റ് കേൾക്കുകയുള്ളൂ. അപ്പോഴേ ക ഥാപാത്രമാകൂ എന്നാണൂ പറയാറുള്ളത്. എല്ലാ ഡയലോഗും പഠിച്ചു കഴിഞ്ഞിട്ടേ പിന്നെ, അവിടെ നിന്ന് എഴുന്നേൽക്കൂ. ആരോടും ദേഷ്യപ്പെടാത്ത മോശമായി സംസാരിക്കാത്ത ഒരാൾ. മോനേ എന്നേ എല്ലാവരെയും വിളിക്കൂ.

സ്നേഹ: 2018 ലെ സെറ്റിൽ ശ്രീകുമാറും ഉ ണ്ടായിരുന്നു. (സ്നേഹയുടെ ഭർത്താവും നടനുമായ ശ്രീകുമാർ. മറിമായത്തിലെ ലോലിതൻ എന്ന കഥാപാത്രത്തെ ശ്രീകുമാറാണ് അവതരിപ്പിച്ചിരുന്നത്.) പിറ്റേന്ന് ലൊക്കേഷനിലെത്തിക്കഴിഞ്ഞ് ശ്രീകുമാർ എന്നെ വിളിച്ചു, ഖാലിദ് ഇക്ക വീണു. ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പറഞ്ഞു. പക്ഷേ, അവിടെത്തിയപ്പോഴേക്കും ഇക്ക പോയിരുന്നു.

വിനോദ് കോവൂർ: പിന്നീട് നിർമാതാവ് ആന്റോ ജോസ ഫിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു,‘‘ഖാലിദ് ഇക്കയു ടെ മനസ്സിൽ മറിമായം ടീമിനെ വച്ച് ഒരു സിനിമയുണ്ടായിരുന്നു. ആ തിരക്കഥ എന്നോടു പറഞ്ഞിരുന്നു.’’ ഖാലിദ് ഇക്കയുടെ ആഗ്രഹം നടന്നില്ല. പക്ഷേ, മറിമായം ടീമിന്റെ പുതിയ സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ