Thursday 11 October 2018 04:56 PM IST

‘‘പതിനെട്ടാം പടിയിൽ മമ്മൂട്ടിക്ക് ഗസ്റ്റ് അപ്പിയറൻസല്ല’’; ജോൺ എബ്രഹാം പാലയ്ക്കൽ എത്തുന്നത് അമേരിക്കയിൽ നിന്ന്

V.G. Nakul

Sub- Editor

18-step

ഒരു രേഖാ ചിത്രം ‘പതിനെട്ടാം പടി’ എന്ന നവാഗത സിനിമയ്ക്ക് നൽകുന്ന ‘ഹൈപ്പ്’ എത്രയോ വലുതാണ്. കാരണം, ആ രേഖാ ചിത്രത്തിന് സാക്ഷാൽ മമ്മൂട്ടിയുടെ മുഖച്ഛായയാണെന്നത് തന്നെ.

ഈ സാങ്കൽപ്പിക ചിത്രവും ‘കിടിലൻ ഗെറ്റപ്പും’ താരത്തിന്റെ ആരാധകരിൽ സൃഷ്ടിക്കുന്ന ആകാംക്ഷയ്ക്ക് പരിധിയില്ല. ചിത്രകാരന്റെ ഭാവനയിൽ തെളിഞ്ഞ, ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തിന്റെ ലുക്ക് ഉൾപ്പടയുള്ള പതിനെട്ടാം പടിയുടെ പുതിയ പോസ്റ്ററിന് വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. മുടി നീട്ടി, വെട്ടിയൊതുക്കിയ താടിയും, കൈയിൽ പുകയുന്ന പൈപ്പുമായി ജോൺ എബ്രഹാം പാലയ്ക്കലിന്റെ രാജകീയമായ ഇരിപ്പ് ഇപ്പോഴേ ഹിറ്റ്.

എന്നാൽ മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ അല്ലെന്നും ജോൺ എബ്രഹാം പാലയ്ക്കൽ ഒരു മുഴുന്നീള കഥാപാത്രമാണെന്നും സംവിധായകൻ ശങ്കർ രാമകൃഷ്ണൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു. നടനായും തിരക്കഥാകൃത്തായും സിനിമയിൽ തന്റെതായ ഇടം നേടിയ ശങ്കർ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് നൂറോളം നവാഗതർ അഭിനേതാക്കളായെത്തുന്ന ‘പതിനെട്ടാം പടി’. ചെറുപ്പത്തിന്റെ കഥ പറയുന്ന ചിത്രം വലിയ ക്യാൻവാസിൽ ഒരുക്കുന്ന വേറിട്ട പരീക്ഷണമാണ്.

18-step-2

‘‘മമ്മുക്കയുടെത് ഗെസ്റ്റ് അപ്പിയറൻസ് അല്ല. തുടക്കം മുതൽ സിനിമയിൽ ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നുണ്ട്. അത്രത്തോളം കരുത്തുള്ള, ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജോൺ എബ്രഹാം പാലയ്ക്കൽ’’.

അമേരിക്കയിലെ പ്രശസ്തമായ സർവകലാശാലകളിൽ അദ്യാപകനായിരുന്നു ജോൺ എബ്രഹാം പാലയ്ക്കൽ. ഒരു ജീനിയസ്. ഷെർലക് ഹോംസിനെ അനുസ്മരിപ്പിക്കുന്ന, പ്രവചനാതീതനായ മനുഷ്യൻ. വളരെ വിചിത്രമായ സ്വഭാവ സവിശേഷതകളുള്ള, എന്തിനെയും വിമർശനാത്മകമായി സമീപിക്കുന്ന ഇയാൾ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്നൊന്നും ആർക്കും പറയാൻ പറ്റില്ല.

മധ്യതിരുവിതാംകൂറിലെ വളരെ പുരാതനമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായ ജോൺ, സഹോദരനായ ജോയ് എബ്രഹാമിന്റെ മരണ ശേഷം, ഒരു പ്രത്യേക ലക്ഷ്യവുമായാണ് അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി വരുന്നത്.

ചിത്രത്തിൽ മമ്മൂട്ടി പങ്കെടുക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ചിത്രത്തിന്റെ പാതിയോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

‘‘രണ്ട് മാസം മുൻപാണ് മമ്മൂക്കയോട് കഥ പറഞ്ഞത്. ഈ കഥാപാത്രം മമ്മൂക്ക തന്നെ ചെയ്യണമെന്നത് വലിയ സ്വപ്നമായിരുന്നു. അദ്ദേഹത്തിന് ടെയ്‌ലർ മെയ്ഡ് ആയ കഥാപാത്രമാണ് ജോൺ എബ്രഹാം. സിനിമ ചിത്രീകരിച്ചത്ര ഭാഗങ്ങളിൽ ചിലത് അദ്ദേഹത്തെ കാണിച്ച്, സിനിമയുടെ മൊത്തം മൂഡ് വ്യക്തമാക്കിയാണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.

ആക്ഷനും ഹ്യൂമറും ഒക്കെയുള്ള, നടൻ എന്ന നിലയിൽ മമ്മുക്കയുടെ എല്ലാ സാധ്യതകളെയും ഉപയോഗിക്കുന്ന തരം കഥാപാത്രമാണിത്. ഈ മൊത്തം സമീപനത്തെ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. എല്ലാ പുതിയ ആളുകൾക്കും അദ്ദേഹം ഒരു ഇടം നൽകാറുണ്ടല്ലോ. അത് ഞങ്ങൾക്കും കിട്ടി. ഇത്തരം ഒരു പരീക്ഷണത്തിനൊപ്പം നിൽക്കാൻ അദ്ദേഹം വലിയ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു’’.

ആഗസ്റ്റ് സിനിമയാണ് പതിനെട്ടാം പടി നിർമ്മിക്കുന്നത്. അഭിലാഷ് നാരായണനാണ് മമ്മൂട്ടിയുടെ ഗെറ്റപ്പ് ചിത്രീകരിച്ചത്. മമ്മൂട്ടിയും ലുക്കിൽ തൃപ്തനാണ്. ഇത് തന്നെയാണ് സിനിമയിലും ഉപയോഗിക്കുക.