രാജേഷിന്റെ കല്യാണം ആഘോഷമാക്കി താരസുന്ദരികൾ, വിവാഹ വിഡിയോ വൈറൽ
നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്റെ വിവാഹ ആഘോഷങ്ങളിൽ നിറസാന്നിധ്യമായി മലയാളത്തിന്റെ പ്രിയതാരങ്ങൾ. റിമ കല്ലിങ്കൽ, റോഷൻ മാത്യു, അനാർക്കലി മരിക്കാർ, ലിയോണ ലിഷോയ്, ദിവ്യ പ്രഭ എന്നിവരുൾപ്പടെ നിരവധിയാളുകളാണ് ചടങ്ങിനെത്തിയത്. അസിസ്റ്റന്‍റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് രാജേഷിന്റെ വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്.
കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷനിലൂടെയാണ് കരിയർ ആരംഭിച്ചത്. പ്രൊഡക്‌ഷൻ കൺട്രോളറായാണ് സിനിമയിൽ തുടക്കം. മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷത്തോടെയാണ് അഭിനയത്തിൽ തുടക്കം. പല സിനിമകളുടെയും കാസ്റ്റിങ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ നായകനാകും പ്രത്യക്ഷപ്പെട്ടു. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.