പ്രണയത്തിന്റെ 9 വർഷം, ആളും ആരവങ്ങളുമില്ലാതെ ‘സർപ്രൈസ് വിവാഹം’: ഒടുവിൽ ഞങ്ങൾ അതു സഫലമാക്കിയെന്നു ഗ്രേസ്
കഴിഞ്ഞ ദിവസമാണ് നടി ഗ്രേസ് ആന്റണി വിവാഹിതയായത്. സർപ്രൈസ് ആയാണ് ആരാധകർ വിവാഹവിശേഷം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞത്. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നടന്നത്.
ഗ്രേസ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. ‘ശബ്ദമില്ല, വെളിച്ചമില്ല, തിരക്കില്ല. ഒടുവിൽ ഞങ്ങൾ അതു സഫലമാക്കി’ എന്നാണ് ഗ്രേസ് കുറിച്ചത്. അതേസമയം വരന്റെ പേരോ ചിത്രമോ ഒന്നും ഗ്രേസ് പങ്കിട്ടിട്ടില്ല. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. തുതിയൂർ പള്ളിയിൽവച്ചായിരുന്നു വിവാഹം.
സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, മാളവിക മേനോൻ, രജിഷ വിജയൻ, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിൻസി, സാനിയ ഇയ്യപ്പൻ, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീൻ, അപർണ ദാസ്, ശ്യാം മോഹൻ തുടങ്ങി സിനിമാരംഗത്തു നിന്നു നിരവധിയാളുകൾ ഗ്രേസിനു ആശംസകൾ നേരുന്നുണ്ട് പോസ്റ്റിൽ.