പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ: ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടൈറ്റിൽ പോസ്റ്റർ എത്തി
പാർവതി തിരുവോത്ത്, വിജയരാഘവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച്, ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ പൊലീസ് ഉദ്യോഗസ്ഥനായ പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തയാറാക്കിയത്.
ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. കോട്ടയം, എറണാകുളം എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷൻ. മാത്യു തോമസും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ അണിചേരും.
ചമൻ ചാക്കോ എഡിറ്റിങ്ങും അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി.