ഒരൊറ്റ നിമിഷത്തിൽ പൊലിഞ്ഞുപോയ നക്ഷത്രമാണ് കലാഭവൻ നവാസ്. ആ വിടപറയൽ ഇനിയും ഉറ്റവർക്കും ഉടയവർക്കും ഉൾക്കൊള്ളാനായിട്ടില്ല. പ്രിയകലാകാരന്റെ ഓർമകള്‍ കണ്ണീരായി പെയ്തിറങ്ങിയ നിമിഷങ്ങളിലാണ് നവാസ് അഭിനയിച്ച ഇഴ എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രിയപ്പെട്ടവൾ രഹ്നയ്ക്കൊപ്പം നവാസ് ഒന്നിച്ചെത്തിയ ചിത്രം ഒരേ സമയം വേദനയും കണ്ണീരും പങ്കുവയ്ക്കുന്നതായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി എത്തുകയാണ് ഇരുവരുടെയും മക്കൾ. സിനിമ യൂട്യൂബിലൂടെ കണ്ട ആളുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ട അവസരത്തിലായിരുന്നു മക്കളുടെ പ്രതികരണം.

‘‘പ്രിയരേ,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും ‘ഇഴ’ സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു.... വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു.പോസ്റ്റ്‌ ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം.’’–മക്കളുടെ വാക്കുകൾ.

ADVERTISEMENT

ഓഗസ്റ്റ് ആദ്യമാണ് കലാഭവൻ നവാസും ഭാര്യ രെഹ്നയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. നവാസിനെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് വിഷമഘട്ടത്തിലും ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സിറാജ് റെസ പ്രതികരിച്ചിരുന്നു.

സിറാജ് റെസയുടെ വാക്കുകൾ: ‘‘പ്രിയരേ..ഒട്ടും സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലൂടെ അല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നിരിക്കെ, നവാസ്ക്കായും, രഹനയും ഒരുമിച്ച് അഭിനയിച്ച 'ഇഴ' സിനിമ ഏത് പ്ലാറ്റ്ഫോമിലാണ് ഇനി കാണാൻ കഴിയുക എന്നുള്ള ഒരുപാടു പേരുടെ ഫോൺ വിളികളും, മെസ്സേജുകളും വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 'ഇഴ' റെസ എന്റർടെയ്ൻമന്റ് എന്ന യൂട്യൂബ് ചാനലിൽ വെള്ളിയാഴ്ച (8-8-2025) റിലീസ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഈ സിനിമയുടെ പ്രൊഡ്യൂസറായ ഏറെ പ്രിയപ്പെട്ട സലീക്കയുടെ ഭയങ്കര വലിയ ഒരു മനസ്സുകൊണ്ടാണ് 'ഇഴ' പൂർത്തിയായതും ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതും.

നാലാളൊഴികെ ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും പുതുമുഖങ്ങളാണ്. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത ഒരു കൊച്ചു സിനിമയാണ് 'ഇഴ'.

ADVERTISEMENT

ഫിലിം ക്രിട്ടിക്സ്, ജെ.സി. ഡാനിയൽ, പൂവച്ചൽ ഖാദർ ഉൾപ്പെടെ അഞ്ചു അവാർഡുകൾ 'ഇഴ' സിനിമയ്ക്ക് ഇതിനോടകം ലഭിച്ചു, അതിൽ നവാസ്ക്കാക്ക് ഏറ്റവും നല്ല നടനുള്ള പ്രത്യേക ജൂറി പുരസ്കാരവും ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള ജെ.സി. ഡാനിയൽ അവാർഡ് രെഹ്നക്കും ലഭിക്കുകയുണ്ടായി.

എല്ലാവരും ഈ സിനിമ കാണണം. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്തുതന്നെ ആയാലും ചാനലിലെ കമന്റ് ബോക്സിൽ അടയാളപ്പെടുത്താതെ പോകരുത്. കാരണം അതാണ് ഞങ്ങൾക്ക് കിട്ടുന്ന അംഗീകാരവും പ്രചോദനവും ഏറെ പ്രതീക്ഷയോടെ, സിറാജ് റെസ.’’

‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായി എത്തിയത്. ഈ ചിത്രത്തിലും രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വൈകിട്ടാണ് ഷൂട്ടിങ് കഴിഞ്ഞെത്തിയ കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ADVERTISEMENT