Saturday 21 April 2018 11:18 AM IST : By സ്വന്തം ലേഖകൻ

മാലതിയമ്മ വയസ് 75: ജി.പിയുടെ പുതിയ `ഗേൾഫ്രണ്ട്’

gp-final

ജി.പിയെന്ന ഗോവിന്ദ് പത്മസൂര്യയെ അറിയാത്തവർ ചുരുക്കം. സ്റ്റൈലൻ ലുക്കിലും ഗ്ലാമറിലും മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന ജി.പിയെന്ന ഫ്രീക്ക് ചെക്കന്
ആരാധകരുമേറെയുണ്ട്. വിശേഷിച്ച് കോളേജ് കുമാരൻമാരുടെയും കുമാരിമാരുടെയും ചങ്കാണ് ജി.പി.

യുവാക്കളുടെ ഇഷ്ടതാരമായ ജി.പിക്ക് ഇപ്പോഴിതാ പുതിയൊരു ഗേൾഫ്രണ്ടിനെക്കിട്ടിയിരിക്കുന്നു. അതൊരു മധുരപ്പതിനേഴുകാരിയാണെന്ന് ധരിച്ചെങ്കിൽ തെറ്റി. ജി.പിയുടെ ചങ്ക് ആരാധിക ഒരു 75 വയസുകാരിയാണ്. ആ ആരാധികയുടെ പേര് മാലതിയമ്മ!

അതിയായ ഇഷ്ടം ഒന്നു കൊണ്ടു മാത്രംപ്രായത്തിന്റെ ബുദ്ധിമുട്ടുകളും അവശതകളും മറന്ന് തന്നെ കാണാനെത്തിയ മാലതിയമ്മയെ ജി.പി തന്നെയാണ് തന്റെഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്. ടി.വിയിൽ കണ്ട് ഇഷ്ടപ്പെട്ട തന്റെ കാര്യങ്ങൾ അറിയാനായി മാലതിയമ്മ മൊബൈൽ ഫോണും ടാബ്‍ലെറ്റും വാങ്ങിയെന്നും ജി.പി പറയുന്നു.



ജി.പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

മാലതിയമ്മ! വയസ്സ് 75. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. നടക്കാനും പ്രയാസമാണ്. എന്നിട്ടും എന്നെ കാണാൻ വേണ്ടി മാത്രം ഒറ്റയ്ക്ക് ആരോടും പറയാതെ ട്രെയിനിൽ യാത്രചെയ്ത് തിരൂരിൽനിന്നും പട്ടാമ്പി വീട്ടിൽ വന്നു. ടീവിയിൽ കണ്ട് ഇഷ്ടപ്പെട്ട് എന്റെ കാര്യങ്ങളറിയാനായി മൊബൈൽഫോണും ടാബ്ലെറ്റുംമെല്ലാം വാങ്ങിച്ചത്രേ. സോഷ്യൽ മീഡിയയിൽനിന്നും ഇടക്കിടക്ക് മുങ്ങുന്നതിനും മെസ്സേജസിനും കമെന്റുകൾക്കും മറുപടി തരാത്തതിനും ശാസിച്ചു! മുൻപൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹത്തിൽ പൊതിഞ്ഞ വിമർശനങ്ങളും മുഖത്തടിച്ചപോലെ അവതരിപ്പിച്ചു. അവർ പറഞ്ഞതെല്ലാം ഭാവിയിൽ ഞാൻ തീർച്ചയായും ശ്രദ്ധിക്കുകയും തിരുത്തുകയും ചെയ്യേണ്ടവയാണെന്ന് തോന്നി. ജിപി എന്ന നിലയിൽ അറിയപ്പെട്ടതിനുശേഷമുള്ള എന്റെ കാര്യങ്ങൾ എനിക്കറിയുന്നതിനേക്കാൾ നന്നായി പറഞ്ഞു തന്നു! അവരെ കണ്ടപ്പോൾ സന്തോഷത്തേക്കാൾ കുറ്റബോധമാണ് തോന്നിയത്. ഈ അമ്മയെ ഞാൻ തിരൂരിൽ പോയി കാണണമായിരുന്നു. ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാഞ്ഞിട്ടുപോലും എന്നെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന എല്ലാ അമ്മമാരെയും മനസുകൊണ്ട് വണങ്ങുന്നു.

കൃതജ്ഞതയോടെ,
അതിനേക്കാളേറെ സ്നേഹത്തോടെ
ജിപി