Saturday 16 December 2023 02:41 PM IST : By സ്വന്തം ലേഖകൻ

‘മിസ് യൂ... അച്ഛാ...’: ‘മകളെക്കുറിച്ച് അഭിമാനത്തോടെ പാടി നടക്കുന്ന അച്ഛനെ ഞാൻ ഭൂമിയിലിരുന്ന് കാണുന്നുണ്ട്’

abhaya-hiranmayi

‘ഖൽബില് തേനൊഴുകണ കോയിക്കോട്’ പാടി പ്രേക്ഷക മനസുകളിൽ മധുരംപൊഴിച്ച ഗായിക. അഭയ ഹിരൺമയി വീണ്ടും ഹൃദയം തൊടുന്നൊരു പാട്ടുമായി ആസ്വാദക ലോകം കീഴടക്കുകയാണ്. മലയാളക്കര ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ പാട്ട് പാടാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഈ കലാകാരി.

അഭയയും ശ്രീകുമാർ വാക്കിയിലും ചേർന്ന് ആലപിച്ച് ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്നു തുടങ്ങുന്ന ഗാനം മണിക്കൂറുകൾ കൊണ്ട് ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു. പ്രശാന്ത് പിള്ളയുടെ ഈണത്തിൽ പുറത്തിറങ്ങിയ ഗാനം ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന്റെ ദൃശ്യമികവു കൊണ്ടു കൂടി ശ്രദ്ധേയമാണ്. ഗാനം പ്രേക്ഷക സമക്ഷം സമർപ്പിച്ച് അഭയ പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാൻ പറ്റുന്നില്ല. വലിയ മൂല്യമുള്ള നിമിഷമാണിത്. പ്രശാന്ത് പിള്ളയുടെ വലിയ ആരാധികയാണു ഞാന്‍. ഈയവസരത്തിൽ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദി പറയുന്നു. മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരി ഈ ഗാനം സിസ്റ്റത്തിൽ കാണിച്ചുതന്ന ആ നിമിഷം ഞാൻ എക്കാലവും സ്നേഹപൂർവം സ്മരിക്കും. മോഹൻലാൽ സാറിനും ഒരുപാട് നന്ദി. ഗുരു കാരണവന്മാർക്കും ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവൻ പാടി നടക്കുന്ന അച്ഛനെ ഞാൻ ഭൂമിയിൽ ഇരുന്നു കാണുന്നുണ്ട്. ശരിക്കും ഒരുപാടൊരുപാട് മിസ് ചെയ്യുന്നു അച്ഛാ...’, പാട്ട് പങ്കുവച്ച് അഭയ ഹിരൺമയി കുറിച്ചു. 

പാട്ട് പങ്കുവയ്ക്കുന്നതിനൊപ്പം അഭയ കുറിച്ച വൈകാരിക കുറിപ്പും ആരാധകരെ കണ്ണീരിലാഴ്ത്തുന്നുണ്ട്. അച്ഛനെക്കുറിച്ചുള്ള അഭയയുടെ നോവും വാക്കുകൾ ആരാധകരെയും വേദനിപ്പിക്കുകയാണ്. 2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.

പി.എസ്.റഫീഖ് വരികൾ കുറിച്ചിരിക്കുന്ന അഭയയുടെ ഗാനം ഇതിനോടകം തന്നെ ട്രെൻഡിങ്ങ് ലിസ്റ്റിലും ഇടംപിടിച്ചു കഴിഞ്ഞു.