Friday 26 April 2019 12:29 PM IST

‘പറവ’യായി പറന്നുയർന്ന്... സിനിമാ വിശേഷങ്ങളുമായി സൗബിൻ ഷഹീർ

Roopa Thayabji

Sub Editor

sabin-sa1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കൊച്ചിയാണ് എന്റെ സ്വന്തം നാടെന്നു പറയാൻ ഏറെ അഭിമാനിക്കുന്നയാളാണ് ‘പറവ’യിലൂടെ സംവിധാന രംഗത്തേക്കും ചുവടുറപ്പിച്ച സൗബിൻ ഷഹീർ. കൊച്ചി ഭാഷയുടെ ബലം കൊണ്ടു സിനിമയിൽ ചുവടുറപ്പിക്കുമ്പോൾ സൗബിൻ കരുതിയിരുന്നില്ല ആദ്യമായി സംവിധാനം ചെയ്യുന്നത് കൊച്ചിയുടെ ഹൃദയത്തുടിപ്പ് ഒപ്പിയെടുക്കുന്ന ഒരു ചിത്രമാകുമെന്ന്. മട്ടാഞ്ചേരിയും ബിനാലെയും മെട്രോയുമുള്ള സ്വന്തം നാടിനെ കുറിച്ച് സൗബിൻ പറയുന്നതിങ്ങനെ, ‘‘ആദ്യ സിനിമ മുതൽ തന്നെ കൊച്ചിക്കാരനായി അഭിനയിക്കാൻ പറ്റി. ഉമ്മ സൗദ കൊടുങ്ങല്ലൂർക്കാരിയാണ്. വാപ്പ ബാബു ഷഹീർ കൊച്ചിക്കാരനും. ചേച്ചിയും ചേട്ടനും ഞാനും ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. സിനിമയും  കൊച്ചിക്കാർക്ക് ഭ്രാന്താണ്...’’ സൗബിൻ ഷഹീർ സംസാരിക്കുന്നു.

പറവ തിയറ്റർ കീഴടക്കുകയാണല്ലോ ?

എല്ലാം ദൈവാനുഗ്രഹമാണ് ഭായ്. സംവിധായകനാവുകയായിരുന്നു എന്റെ വലിയ സ്വപ്നം. പണ്ട് സിനിമ കാണാനായി കട്ടു ചെയ്ത ക്ലാസിലൊക്കെ ഇരുന്ന് പഠിച്ചിരുന്നെങ്കിൽ ഞാനൊരിക്കലും ഇവിടെ എത്തില്ലായിരുന്നു. അന്നേ വാപ്പയ്ക്കറിയാമായിരുന്നു ഞാനൊരു സിനിമാക്കാരനാകുമെന്ന്. സംവിധായകൻ ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അസിസ്റ്റന്റ്സ് ആയിരുന്നു വാപ്പയും സിദ്ദിഖും ലാലും. രണ്ടുമൂന്ന് ചിത്രങ്ങൾ കഴിഞ്ഞപ്പോ ഫാസിൽ സാർ തന്നെയാണ് വാപ്പയോടു പ്രൊഡക്‌ഷൻ മാനേജരാകാൻ പറഞ്ഞത്. പിന്നെ പ്രൊഡക്‌ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായി. ഉമ്മയുടെ കുടുംബത്തിൽ നിന്നു ഒരു സിനിമാക്കാരനുണ്ട്, സംവിധായകൻ കമൽ.

രണ്ടു വർഷത്തിനടുത്ത് പറവ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. പ്രാവിനെയും അവിടുള്ള കുട്ടികളെയും ട്രെയിൻ ചെയ്യുന്നതിന് വേണ്ടി ഒരു വർഷം വീണ്ടും വേണ്ടി വന്നു. ഒഡീഷൻ ചെയ്തിട്ട് ഈ സിനിമയ്ക്ക് പറ്റിയ കുട്ടികളെ കിട്ടിയില്ല. പിന്നീട് സാധാരണ കുട്ടികളെയാണ് കിട്ടിയത്. അവർ ഒരു വർഷത്തോളം ഞങ്ങളുടെ കൂടെ ആയിരുന്നു താമസം. ഞാൻ എട്ടു വർഷം പ്രാവിനെ വളർത്തിയിട്ടുണ്ട്.  പ്രാവിനെ മണിക്കൂറുകൾ പറപ്പിക്കുന്ന ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ മണിക്കൂറിൽ പ്രാവ് പറന്ന് അവിടെ തന്നെ പറന്നിറങ്ങിയാൽ പ്രൈസ് ഉണ്ട്. ആ ഗെയിം വച്ച് രണ്ടു കുട്ടികളുടെ കഥയാണ് പറവ.

parava56

പക്ഷേ, സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റായാണ് തുടക്കം ?

ഫാസിൽ സാറിനെ അസിസ്റ്റ് ചെയ്യാനുള്ള മോഹം പല തവണ വാപ്പ വഴി അറിയിച്ചിരുന്നു. ‘കൈയെത്തും ദൂരത്തി’ന്റെ ഷൂട്ടിങ് തുടങ്ങിയപ്പോ എന്നോട്  കൊടൈക്കനാലിൽ ചെല്ലാൻ പറഞ്ഞു. കടും ചുവപ്പുനിറത്തിലുള്ള ഷർട്ടൊക്കെ ഇട്ടാണ് പോയത്. ചെന്നപ്പോഴേ എക്സ്ട്രാ നടൻമാരുടെ കൂടെ നിർത്തി. ഫഹദ് കൊടൈക്കനാലിൽ ചെന്നിറങ്ങുന്ന സീനിൽ പുള്ളിക്കു മുമ്പേ ബസിൽ നിന്നിറങ്ങുന്നത് ഞാനാണ്. സ്റ്റൈലായി ബസിൽ നിന്നിറങ്ങി, തൊപ്പി നേരേ വച്ച് ഇരുവശത്തേക്കും നോക്കി സൈഡിലേക്ക് നടന്നുപോയി. അങ്ങനെ നോക്കിയാൽ ഫഹദും ഞാനും ആദ്യമായി അഭിനയിക്കുന്ന സിനിമ ‘കൈയെത്തും ദൂരത്താ’ണ്.

‘ക്രോണിക് ബാച്ച്ലറി’ൽ സിദ്ദിഖ് സാറിനെ  അസിസ്റ്റ് ചെയ്തു. ഷൂട്ടിങ് പെട്ടെന്ന് തീർത്ത് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിയറ്ററിൽ റിലീസിനെത്തിയ സിനിമയായിരുന്നു അത്. എഡിറ്റിങ്ങിന് പല അസോസിയേറ്റ്സും പല സ്ഥലത്ത് ഒരേ സമയം ജോലി ചെയ്തു. സിദ്ദിഖ് സാറിനൊപ്പമായിരുന്നു ഞാൻ. ഫിലിം റൊട്ടേറ്റ് ചെയ്ത് ഫ്രയിം മാർക്ക് ചെയ്തു പിന്നിൽ നിൽക്കുന്ന എനിക്കു തരും. ആ ഭാഗം കട്ട് ചെയ്ത് സെല്ലോടേപ്പ് കൊണ്ടൊട്ടിച്ച് തിരിച്ചുകൊടുക്കണം. രാവിലെ മുതൽ നിൽക്കുന്ന ഞാൻ ക്ഷീണിച്ചു ക്ഷീണിച്ചു വൈകിട്ടാകുമ്പോ തറയിൽ കുത്തിയിരിപ്പാകും. ഞാൻ ഇരുന്നു എന്നുകാണുമ്പോൾ സാർ പറയും, ‘വാ പോകാം.’ ആശ്വാസത്തോടെ പിന്നാലെ ചെല്ലുമ്പോഴാകും അറിയുന്നത് അടുത്ത പണി നടക്കുന്നിടത്തേക്ക് പോകാമെന്നാ ഉദ്ദേശിച്ചതെന്ന്.

parava90

സഹസംവിധായകനായി 14 വർഷം. ആ അനുഭവങ്ങൾ ?

സെറ്റിൽ ചെന്നാ നമ്മളെക്കൊണ്ട് പറ്റുന്ന പണിയൊക്കെ ചെയ്യുന്നതാണ് എന്റെ രീതി. ‘അൻവറി’ന്റെ ലൊക്കേഷനിൽ വച്ച് ഞങ്ങളുടെ അപാരമായ ഡെഡിക്കേഷൻ കണ്ട് ഇഷ്ടപ്പെട്ടാണ് പൃഥ്വിരാജ് ‘ഉറുമി’യിലേക്ക് വിളിക്കുന്നത്. അവിെട മൊത്തം സീൻ കോൺട്രയാര്ന്ന്. ഹിന്ദിക്കാര് പ്രൊഡക്ഷൻകാർക്ക് നമ്മളെ കണ്ടൂടാ. വെള്ളത്തിൽ നിൽക്കുന്ന പോത്തുകൾക്ക് ഇടയിലൂടെ പോത്തിൻ തലേെട രൂപത്തിലുള്ള മുഖംമൂടി വച്ച് പൃഥ്വിരാജും പ്രഭുദേവയും വരുന്ന സീനുണ്ടാരുന്നു. പോത്തുകളെ വെള്ളത്തിലിറക്കി. പൃഥ്വിയും പ്രഭുദേവയും വെള്ളത്തിലിറങ്ങാൻ തയാറായി. ‘‘മാസ്ക്സ്...’’ സംവിധായകൻ വിളിച്ചുപറഞ്ഞതും പോത്തിൻ തലകളുമായി ഒരു ഹിന്ദിക്കാരൻ സഹായി ഓടിവന്നു. അയാളുടെ വരവു കണ്ട് പോത്തുകൾ വിരണ്ട് ഓട്ടമായി.

saubin-sahir2

ഹിന്ദിക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. ഞാൻ പതിയെ പോത്തുകാരന്റെ അടുത്തു ചെന്ന് തിരക്കി എന്താ വഴിയെന്ന്. കൂട്ടത്തിൽ ഒരു ലീഡർ പോത്തുണ്ട്, അതിന്റെ കഴുത്തിലെ കയറില്‍ പിടിച്ചാൽ ബാക്കിയുള്ളവ ഓട്ടോമാറ്റിക്കായി കൂടെവരും. അങ്ങനെ ആ പ്രശ്നം േസാൾവാക്കി. അതൊടെ അവർക്ക് ഞങ്ങളോടു സ്േനഹായിട്ടാ.

കൊച്ചി ലുക്കാണോ അന്നയും റസൂലിലേക്ക് വഴി തുറന്നത് ?

കൊച്ചി ലുക്കും സ്ളാങ്ങുമാണ് അതിലേക്ക് നറുക്ക് വീഴാൻ കാരണം. ആ സിനിമ കണ്ടവർ ‘‘ഡോൺട് ടച്ച് മൈ ബൈക്കേ...’’ എന്ന ഡയലോഗ് മറക്കാനിടയില്ല. സത്യം പറഞ്ഞാൽ ആ ഡയലോഗിലാണ് പിടിച്ചുകയറിയത്. പക്ഷേ, അന്നും ഇന്നും അഭിനയം എന്റെ മേഖലയല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രേമത്തിലെ പി.ടി മാഷിനെ പോലെതന്നെ ഡാൻസ് കളിച്ച് കുളമാക്കുന്ന ആളാണോ എന്ന് എല്ലാവരും ചേദിക്കാറുണ്ട്. അന്നേരത്തെ സിറ്റുവേഷനിൽ അങ്ങനെ ചെയ്തതാണ്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴേ ബ്രേക്ക് ഡാൻസ് പഠിച്ചിട്ടുണ്ട്. പ്രേമത്തിലെ ചില്ലുകൂട് സ്റ്റെപ്പൊക്കെ ബ്രേക്ക് ഡാൻസിലെ സിംപിൾ സ്റ്റെപ്പുകളാണ്. പക്ഷേ, മാഷ് വലിച്ചുനീട്ടി ചെയ്ത് അത് ആകെ കോംപ്ലിക്കേറ്റഡാക്കി. അതുകൊണ്ടല്ലേ പി.ടി  മാഷ് ക്ലിക്കായത്.

‘ചാർലി’യിലെ കള്ളനെപ്പോലെ പകല്‍ വഴി െതറ്റുന്ന ആളുമല്ലാ ഞാൻ. ആരെയും വഴി തെറ്റിക്കാറുമില്ല. കൊച്ചിയിലെ ഏതു വഴിയും എനിക്കു കൈ വെള്ളയിലെ രേഖകൾ പോലെയാണ്. രാത്രിയോ പകലോ ചോദിച്ചാളൂ, പറഞ്ഞുതരാം. വളരെ നാളായുള്ള സ്വപ്നമായിരുന്നു ഹാർലി ഡേവിസൺ സ്വന്തമാക്കണമെന്ന്. ‘റാണി പത്മിനി’ കഴിഞ്ഞാണ് വണ്ടി വാങ്ങാൻ പറ്റിയത്. കലിയുടെ സമയത്ത് ദുൽഖറിനൊപ്പം മലക്കപ്പാറയിലേക്ക് റൈഡ് ചെയ്തു.

ഒരു ഉഴപ്പന്റെ മുഖമുണ്ടോ സൗബിന്?

പഠിക്കാൻ അത്ര മിടുക്കനൊന്നുമായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് കേൾക്കുന്നത് പ്രീഡിഗ്രി നിർത്തലാക്കുന്നു എന്ന്. പ്രീഡിഗ്രിക്ക് ചേർന്നാൽ സെക്കൻഡ് ഇയറാകുമ്പോ ജൂനിയേഴ്സ് ഉണ്ടാകില്ല. റാഗിങ്ങിന് സ്കോപ്പില്ലാതെ എന്ത് പ്രീഡിഗ്രിയാണ്? അതുകൊണ്ട് ടൈപ്പ്റൈറ്റിങ് ട്രേഡുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി കോ ഴ്സിന് ചേർന്നു.

പ്രാക്ടിക്കലിന് എല്ലാവരും നല്ല താളത്തിൽ ടൈപ്പ് ചെയ്തുകൊണ്ടിരിക്കും. ഞാനപ്പോ അഭിനയിച്ചു തകർക്കും. താളം കൃത്യമായിരിക്കും പക്ഷേ, പേപ്പറിൽ അക്ഷരങ്ങൾ സുഡോകു വിദഗ്ദ്ധന് മാത്രമേ വായിച്ചെടുക്കാൻ പറ്റൂ.അതുകഴിഞ്ഞ് നാട്ടിലെ ഒരു പ്രൈവറ്റ് കോളജിൽ ബി.കോമിന് ചേർന്നു. ‘ചേർന്നാ മതി, ക്ലാസിലൊന്നും പോണ്ട. ജയിച്ചോളും ’ എന്നു കേട്ട് ചെന്നതാണ്. പക്ഷേ, ആറുമാസം കൊണ്ട് മതിയായി.

parava23

അന്നും കലോത്സവ വേദികളിൽ സജീവമായിരുന്നു. പ്ലസ് ടൂവിന് പഠിക്കുമ്പോൾ ഫാൻസിഡ്രസ് ജില്ലാ മത്സരത്തിൽ പ ങ്കെടുക്കാൻ പോയി. കാട്ടാളനായാണ് വേഷമിടേണ്ടത്. സൂചിയും നൂലും കൊണ്ട് മാവില കോർത്ത് ഉടുപ്പുണ്ടാക്കി. വെറൈറ്റിയാക്കാനുള്ള ആലോചനയായി പിന്നെ. മത്സരത്തിന്റെ തലേദിവസമാണ് ഐഡിയയുടെ ലഡു പൊട്ടിയത്, പച്ചമീൻ തിന്നുന്ന കാട്ടാളനാകാം. രാവിലെ തന്നെ കാൽക്കിലോ മത്തി വാങ്ങി ബാഗിൽ വച്ചു. ഉച്ച കഴിഞ്ഞാണ് മത്സരം. കരിയൊക്കെ വാരിത്തേച്ച് കാട്ടാളനായി അമ്പിൽ കുത്താൻ മീൻ നോക്കുമ്പോ നല്ല ചീഞ്ഞ മണം. ചെസ്റ്റ് നമ്പർ വിളിച്ചതും കാട്ടാളൻ അലറിവിളിച്ച് സ്റ്റേജിൽ കയറി. അമ്പെയ്ത് മീനിനെ പിടിച്ചു. കൂട്ടുകാര് മുൻനിരയിലിരുന്നു കണ്ണുകൊണ്ട് ‘വേണ്ടട്ടാ...’ എന്നൊക്കെ പറയുന്നുണ്ട്. ‘മ്ം... ഞാൻ തിന്നും...’ തല കൊണ്ടൊരു ആക്ഷനിട്ട് മീനിൽ ഒറ്റക്കടി. കർട്ടൻ താണു. വായ് പൊത്തിപ്പിടിച്ച് ഒരു വിധം ബാക്ക് സ്േറ്റജിലെത്തി.  അപ്പോ ദാ, കൂട്ടുകാരൻ അമ്പു പൊക്കിക്കാണിക്കുന്നു. അഴുകിച്ചീഞ്ഞ മത്തിയുടെ വയറും കുടലുമടക്കം പകുതിയിലധികം തിന്നിട്ടുണ്ട്. ബ്രാാാ... എന്നൊരു ശബ്ദമേ പിന്നെ ഒാർമയുള്ളൂ.

അപ്പോ കല്യാണം?

ഇതുവരെ കഴിച്ചിട്ടില്ല. വീട്ടിൽ നിർബന്ധിക്കുന്നുണ്ട്. വരട്ടെ. അതൊക്കെ ഒരു സമയമാകുമ്പോ നടക്കും.

saubin-sahir3