Saturday 11 November 2023 12:51 PM IST : By സ്വന്തം ലേഖകൻ

‘ഇതിലും ഭേദം ലിയോ ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’; പരിഹാസത്തിന് മറുപടിയുമായി നടി പുണ്യ എലിസബത്ത്

punya-elizabeth

ഗൗതമന്റെ രഥം, തൊബാമ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കു സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്. ‘ലിയോ’യിൽ ഒരൊറ്റ സീനിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തൃഷ അവതരിപ്പിച്ച സത്യ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് പുണ്യ എത്തുന്നത്. സിനിമയിൽ തൃഷയ്ക്കൊപ്പമുള്ള രംഗത്തിന്റെ ചിത്രം പങ്കുവച്ച് പുണ്യ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. 

വലിയ വാദങ്ങളൊന്നുമില്ലെന്നും  ‘ലിയോ’യില്‍ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ നന്ദിയുണ്ടെന്നുമായിരുന്നു താരത്തിന്റെ കുറിപ്പ്. അതോടെയാണ് പുണ്യ ലിയോയിൽ അഭിനയിച്ച കാര്യം പ്രേക്ഷകർ‌ തിരിച്ചറിഞ്ഞത്. ഒരുപാടു പേർ‌ നടിക്ക് ആശംസകളുമായി എത്തി. എന്നാൽ, ‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’ എന്നൊരാൾ കമന്റ് ചെയ്തിരുന്നു. 

അതിനു മറുപടിയുമായി പുണ്യയും എത്തി. ‘‘വലിയ വേഷമാണു ചെയ്തതെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാൻ നന്ദിയുള്ളവളാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെത്തന്നെ ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.’’–പുണ്യ കുറിച്ചു.

ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. പാലക്കാട് കാണിക്കമാതാ കോൺവന്റ് ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു പുണ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പുണെയിലെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആർക്കിടെക്ചറിൽനിന്നു ബിരുദം നേടി. 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രരംഗത്തേക്കു ചുവടുവച്ചത്. മോ‍ഡലിങ് രംഗത്തും നടി സജീവമാണ്.

Tags:
  • Movies