Monday 20 July 2020 03:18 PM IST

‘ആഹാ... ആള് മോശക്കാരിയല്ലല്ലോ’; മലയാളികളെ ചിരിപ്പിച്ച മത്തായി ചേട്ടന്റെ നാടകഗ്രൂപ്പും സ്റ്റെല്ലയുടെ ഓർമ കുറിപ്പും

Lakshmi Premkumar

Sub Editor

vanivs1

‘മത്തായി ചേട്ടാ...’ മറക്കാൻ കഴിയുമോ മലയാളിയ്ക്ക് നാടക കമ്പനി നടത്തുന്ന മത്തായിയേയും മത്തായിയുടെ നാടകത്തിലെ അഭിനേതാക്കളായ ബാല കൃഷ്ണനേയും ഗോപാല കൃഷ്ണനേയും. പിന്നെ കാൽ തല്ലിയൊടിച്ച ആശാനേയും , വില്ലൻമാരായ മഹേന്ദ്രനേയും റാംജി റാവുനേയും. മലയാളികളെ തുടക്കം മുതൽ ഒടുക്കം വരെ കുടു കുടെ ചിരിപ്പിച്ച മന്നാർ മത്തായി സ്പീക്കിങ് ഇറങ്ങിട്ട് ഇരുപത്തിയഞ്ച് കൊല്ലം പിന്നിടുന്നു. ഒരു കൂട്ടം അനുഗ്രഹീതരായ കലാകാരൻമാർ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് കസേര വലിച്ചിട്ട് കാലിൻമേൽ കാലും കേറ്റിയിരുന്ന ഒരു ചിത്രം കൂടിയായിരുന്നു മാന്നാർ മത്തായി സ്പീക്കിങ്. ഒരു സിനിമയിൽ തന്നെ വിവിധ ഭാവ പകർച്ചകൾ കാഴ്ചവച്ച സ്‌റ്റെല്ല എന്ന വാണി വിശ്വനാഥും ആ സിനിമ മുതൽ മലയാളിയുടെ കൂടെയങ്ങു കൂടി. ഇരുപത്തിയഞ്ച് വർഷം പിന്നോട്ട് പോയാൽ മാന്നാർ മത്തായിയുടെ വീട്ടിൽ നടന്ന ചില രസികൻ ഓർമകൾ പങ്കുവയ്ക്കുകയാണ് വാണി വിശ്വനാഥ് വനിതാ ഓൺലൈനുമായി...   

കട്ടയ്ക്ക് നിക്കുന്ന ടീം 

‘‘തെലുങ്കിൽ മുന്ന് നാല് സിനിമ ചെയ്ത ശേഷമാണ് ഞാൻ‌ മലയാളത്തിലേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്. നോക്കുമ്പോൾ തികച്ചും വ്യത്യസ്തമായ സാഹചര്യം. ഇവിടെ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. തമാശകൾ പറയുന്നു. അവിടെ എന്റെ ഭക്ഷണം കാരവാനിൽ പോയിരുന്നായിരുന്നു കഴിക്കുക. പക്ഷേ ഇവിടെ എല്ലാവരും ഒറ്റടീമായിരുന്നു. ആദ്യത്തെ ദിവസം ഒന്ന് പകച്ചു പോയെങ്കിലും രണ്ടാമത്തെ ദിവസം തൊട്ട് ഫുൾ പൊളിയായിരുന്നു. ഇത്രയും എൻജോയ് ചെയ്ത് അഭിനയിച്ച ഒരു സിനിമ വേറെയില്ല. സംവിധായകൻ സിദ്ധിക്ക് സാറ് ഫുൾ കഥയാണ് എന്നോട് പറഞ്ഞ് കേൾപ്പിച്ചത്. ശരിക്കും സിനിമ കാണുന്ന അതേ അനുഭവമായിരുന്നു അത്. അതുകൊണ്ട് തന്നെ ഒന്നിലും കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല. ആക്ഷൻ പറയേണ്ട താമസമേയുള്ളൂ ചെയ്യാൻ. 

ആഹാ... ആള് മോശക്കാരിയല്ലല്ലോ... 

ഇന്നസെന്റ് ചേട്ടനായിരുന്നു ആ സെറ്റിലെ ഹീറോ. എല്ലാത്തിലും ഒരു തമാശ കണ്ടെത്തും. ഞാൻ വന്ന് ആദ്യ ദിവസങ്ങളിലൊന്നും ആള് എന്നോട് അത്രയും ഫ്രീയായിരുന്നില്ല. ഒരുപക്ഷേ നമ്മുടെ കാരക്ടർ എങ്ങനെയാണ് എന്നൊക്കെ അറിയാത്തതു കൊണ്ടാകും. ഒരിക്കൽ  സെറ്റിൽ കുറച്ച് മാധ്യമ പ്രവർത്തകര്‍ വന്നു. ഞാൻ തെലുങ്കിൽ നിന്നും വന്ന നടിയാണ് എന്നറിഞ്ഞപ്പോൾ അവരെന്നോട് ചോദിച്ചു, തെലുങ്കിൽ അവസരം കുറഞ്ഞതു കൊണ്ടാണോ മലയാളത്തിലേയ്ക്ക് വന്നതെന്ന്. ഉടനടി ഞാൻ തിരിച്ചു ചോദിച്ചു, അതെന്താ മറ്റ് ഭാഷകളിൽ അവസരം കുറയുന്നവർക്ക് അഭിനയിക്കാനുള്ളതാണോ മലയാളമെന്ന്. ഞാൻ നോക്കുമ്പോൾ ഇന്നസെന്റ് ചേട്ടൻ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നിട്ട് എന്നോട് ‘ ആഹാ വിചാരിച്ചപോലെയല്ലല്ലോ. ആള് മോശക്കാരിയല്ലല്ലോ എന്ന്. പിന്നെ ഞങ്ങൾ രണ്ടു പേരും പൊട്ടിച്ചിരിച്ചു. അന്നു മുതൽ കട്ട കമ്പനിയാണ്... 

നാലോ അഞ്ചോ ഷോട്ടെടുത്തു

ഇന്നസെന്റ് ചേട്ടന്റെ സ്വതസിദ്ധമായ കോമഡി കാരണം പലപ്പോഴും ഞാൻ സിദ്ധിക്ക് സാറിന്റെ വഴക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തെ പോലെ അല്ല. അന്ന് റീ ടേക് എടുക്കുക എന്നത് നല്ല ബുദ്ധിമുട്ടാണ്. സിനിമയിൽ ഈ പിച്ചക്കാരൊക്കെ ആരാ എന്ന് ഇന്നസെന്റ് ചേട്ടൻ ചോദിക്കുന്ന രംഗമുണ്ട്. എനിക്ക് ചിരി സഹിക്കാൻ പറ്റില്ല. നാല് വട്ടത്തോളം ആ ഷോട്ട് റീ എടുക്കേണ്ടി വന്നു. അതുപോലെ ഞാൻ പ്രേതമായി വരുന്ന രാത്രിയിൽ ഇന്നസെന്റ് ചേട്ടന്റെ ഓട്ടമുണ്ട്. ഞാൻ അതുകണ്ട് എത്രനേരം ചിരിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. അതുപോലെ ‘വാഴയായാൽ എന്താ വാ തുറന്ന് മിണ്ടിക്കൂടെ ’... ഇപ്പോഴും ഓർക്കുമ്പോൾ ചിരി പൊട്ടും. 

vanivs2

അന്നത്തെ വില്ലൻ ഇന്നത്തെ നായകൻ 

ബിജു മേനോൻ ഭാവിയിൽ സൂപ്പര്‍ഹിറ്റ് നടനാകുമെന്ന് അന്നേ ഞങ്ങൾക്ക് അറിയാമായിരുന്നു. അത്രയും പെർഫോമെൻസായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഇറങ്ങുന്ന സിനിമകളെല്ലാം ഞാൻ തിയേറ്ററിൽ പോയി കാണാറുണ്ട്. എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. പക്ഷേ അന്നത്തെ ആ ടീം ആയിട്ട് സൗഹൃദം മുന്നോട്ട് കൊണ്ടു പോവാൻ കഴിഞ്ഞിട്ടില്ല. അതെന്റെ ഭാഗത്തെ മിസ്‌റ്റേക് ആണ്. കാരണം അറുപത് എഴുപത് ദിവസം നമ്മൾ എല്ലാവരും ഒരേ കുടുംബം പോലെ കഴിയും. പാക്ക്അപ് ആയാൽ പിന്നെ ഞാൻ കോൺടാക്ടുകളൊന്നും മെയിന്റൈൻ ചെയ്യില്ല. അങ്ങനെ നഷ്ടമായ എത്രയോ സൗഹൃദങ്ങളുണ്ട്. ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ, പിന്നീട് അത് നിലനിർത്താൻ കഴിഞ്ഞില്ല. സൗഹൃദങ്ങളിൽ ഇടയ്ക്കെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മഞ്ജുവുമായിട്ടാണ്. 

വലിയ റിസ്കായിരുന്നു അത് 

‘ഡാൻസ് കളിക്കാൻ ഓടിന്റെ പുറത്ത് കയറാൻ പറ്റുമോ എന്ന് ശാന്തി മാസ്റ്റർ ചോദിച്ചു. വൈ നോട്ട് എന്ന് ഞാൻ തിരിച്ചും. അങ്ങനെയാണ് മച്ചാനെ വാ.. എന്ന പാട്ടിൽ ഓടിന്റെ മുകളിൽ കയറി ഡാൻസ് ചെയ്തത്. അതിൽ മുകേഷേട്ടൻ കയറി വരുന്നത് കാണുമ്പോൾ തന്നെ മനസിലാകും. അത്രയും ഡേൻജർ ആയിരുന്നു. ഞാനാണെങ്കിൽ വലിയ ഡാൻസും.  ഡാൻസൊക്കെ കഴിഞ്ഞ് കട്ട് പറഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ചു. താഴെയിറങ്ങിയപ്പോഴാണ് ഞാനറിഞ്ഞത് താഴെയെല്ലാവരും ടെൻഷനടിച്ച് നിൽക്കുകയായിരുന്നു എന്ന്. ഞാൻ കളിക്കുന്നതിനിടയിൽ ഓട് പൊട്ടുന്ന ശബ്ദം കേട്ടു. ഞാനാണെങ്കിൽ സുരക്ഷയൊന്നമില്ലാതെയാണ് വലിഞ്ഞു കയറി നിക്കുന്നതും. പിന്നീട് ഒരിക്കൽ ആക്ഷൻ സിനിമകളൊക്കെ ചെയ്ത ശേഷം ശാന്തി മാസ്റ്ററെ കണ്ടപ്പോൾ പറഞ്ഞു, ‘ ഞങ്ങൾക്ക് അന്നേ അറിയാമായിരുന്നു വാണി ഇത്തരം സിനിമകൾ ചെയ്യുമെന്ന് ’ . ഒരുപാട് സന്തോഷം തോന്നിയ നിമിഷമാണത്. 

ഫ്രോക്കിൽ നിന്നും സാരിയിലേയ്ക്ക് 

ഏറെ പ്രശംസ കിട്ടിയതായിരുന്നു ആ ചിത്രത്തിലെ കോസ്റ്റ്യൂമുകൾക്ക്. ആദ്യം കോസ്റ്റ്യൂമർ എനിക്ക് ഫുൾ ഫ്രോക്കുകളായിരുന്നു ചെയ്തു കൊണ്ടുവന്നത്. പക്ഷേ സിദ്ധിക് സാറ് പറഞ്ഞു, കൂടുതൽ സാരി ഉടുത്താൽ മതിയെന്ന്. അപ്പോൾ പിന്നെ എങ്ങനെയുള്ള സാരികൾ എന്ന് ചിന്തിച്ചപ്പോൾ കോസറ്റ്യൂമർ തന്ന ഐഡിയയാണ് ഒറ്റകളർ പ്ലെയിൻ സാരി എന്നത്. കോസ്റ്റ്യൂം അസിസ്റ്റന്റ് കോട്ടയം മുഴുവൻ ചുറ്റി നടന്ന് ഒപ്പിച്ചതാണ് അതിലെ സാരികൾ. അതേ നിറത്തിൽ തന്നെ ബ്ലൗസുകൾ ചെയ്യാമെന്ന് എന്റെ സജഷനും. അങ്ങനെ അത് ക്ലിക്കായി. ഒന്നോ രണ്ടോ സീനിൽ മാത്രമേ ഞാൻ എനിക്കായി കൊണ്ടു വന്ന ഫ്രോക്കുകൾ ഉപയോഗിച്ചുള്ളൂ. അതിലൊന്ന് ഓലക്കൈയിൽ എന്ന പാട്ടു സിനാണ്. 

രണ്ടമ്മമാരുടെ സ്നേഹം 

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സീനുണ്ട്. അതിൽ ഗോപാലകൃഷണന്റെ അമ്മ കാണാൻ വരുമ്പോൾ ഞാൻ കേരളാ സാരിയുടുത്ത് ഒരുങ്ങി നിൽക്കണം. അതിനായി ഒരുങ്ങി കഴിഞ്ഞപ്പോൾ സുകുമാരിയമ്മ എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു എന്തോ ഒരു കുറവുണ്ട്. പിന്നെ അമ്മ തന്നെ ആ സെറ്റിൽ എവിടെ നിന്നോ ഒരു വലിയ തുളസികതിർ പൊട്ടിച്ചു കൊണ്ടു വന്ന് എന്റെ മുടിയിൽ വെച്ചു തന്നു. ഇപ്പോൾ ഭംഗിയായി എന്ന് പറഞ്ഞു. സുകുമാരി അമ്മയെ കുറിച്ചോർക്കുമ്പോൾ അതാണ് ആദ്യം ഓടിയെത്തുക. അതുപോലെ തന്നെ കവിയൂർ പൊന്നമ്മയമ്മയും. കുറച്ചു സീനുകളെ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചുള്ളൂ. പക്ഷേ മകളായി അമ്മയ്ക്ക് ചോറ് വാരി കൊടുക്കുന്ന സീൻ എടുത്തപ്പോൾ ഞങ്ങൾ രണ്ടു പേരുടേയും കണ്ണ് നിറഞ്ഞു. ആ പാട്ടിൽ അതു കാണാം... 

vanivs3
Tags:
  • Celebrity Interview
  • Movies