Tuesday 20 November 2018 02:48 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ലോകം എനിക്കേകിയ സർപ്രൈസ്’; ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക്’ ആരാധ്യയുടെ കിരീടം

aiswarya-rai

മുൻ ലോക സുന്ദരിയും ബോളിവുഡിന്റെ താരനായികയുമായ ഐശ്വര്യ റായ് ഒരു നല്ല അമ്മയാണ്. തന്റെ സകല തിരക്കുകൾക്കുമിടയിൽ മകൾ ആരാധ്യയ്ക്കായി സമയം നീക്കി വയ്ക്കുന്നതിൽ ഐശ്വര്യ വിട്ടുവീഴ്ചയ്ക്കു തയാറല്ല.

ഇപ്പോൾ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രവും കുറിപ്പും ആരാധ്യയ്ക്ക് അമ്മ എത്രത്തോളം പ്രിയപ്പെട്ടതാണെന്നു തെളിയിക്കുന്നു.‘ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക്’ എന്നു സ്വന്തം കൈയക്ഷരത്തിലെഴുതി, മുത്തുകളും മറ്റും കൊണ്ടലങ്കരിച്ച ഒരു പേപ്പർ ‘കിരീട’മാണ് ഏഴുവയസ്സുകാരി ആരാധ്യ ഐശ്വര്യയ്ക്ക് സമ്മാനിച്ചത്.

‘‘എന്റെ ലോകം എനിക്കേകിയ സർപ്രൈസ്, ഏറ്റവും വിലപ്പിടിച്ച ഈ കിരീടമെനിക്ക് സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ആരാധ്യയ്ക്ക് നന്ദിയും സ്നേഹവും’’.– ഐശ്വര്യ കുറിച്ചു.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂര്‍ണ്ണമായും മകൾക്ക് ചുറ്റും തന്നെയാണ്. ‘എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ’ എന്നാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിൽ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന സെലബ്രിറ്റി മദറെന്ന വിശേഷണവും ഐശ്വര്യയ്ക്കുണ്ട്.