Wednesday 24 October 2018 03:55 PM IST : By സ്വന്തം ലേഖകൻ

‘‘അയാൾ ദ്വയാര്‍ത്ഥത്തിൽ സംസാരിച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു’’; സംവിധായകനെതിരെ മീടൂ വെളിപ്പെടുത്തലുമായി അമല പോള്‍

amala-paul

മീ ടൂ വെളിപ്പെടുത്തലുമായി നടി അമല പോളും. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരായ ലീന മണിമേഖലയുടെ ലൈംഗികാതിക്രമ ആരോപണത്തെ പിന്തുണച്ച അമല,  സൂസി ഗണേശനില്‍ നിന്നും തനിക്കും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി വ്യക്തമാക്കി.

‘തിരുട്ടുപയലെ ടു’ വിന്റെ ഷൂട്ടിംഗിനിടയിലാണ് സംവിധായകനായിരുന്ന സൂസി ഗേണശനില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്നും അമല. സൂസി ദ്വയാര്‍ത്ഥത്തിൽ സംസാരിക്കുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല വ്യക്തമാക്കുന്നു.

താന്‍ ലീന മണിമേഖലയെ പൂര്‍ണമായി പിന്തുണയ്ക്കുകയാണെന്നും ലീന പറഞ്ഞകാര്യങ്ങള്‍ തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും അമല പറയുന്നു. സൂസി ഗണേശന്‍ സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളും മൂല്യങ്ങള്‍ ഇല്ലാത്ത വ്യക്തിയുമാണ്. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകാറുണ്ട്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല തൊഴില്‍ ഇടത്തില്‍ വന്നാല്‍ കാണിക്കുന്നത്. അവിടെ തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കുമേല്‍ ആധിപത്യം കാണിക്കാനുള്ള ഒരു അവസരവും നഷ്ടമാക്കില്ല. ഭരണകൂടവും നിയമ വ്യവസ്ഥയും വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമലപോള്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു.

13 വര്‍ഷങ്ങള്‍ക്കു മുമ്പ് സൂസി ഗണേശനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാത്രിക്രമം കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല വെളിപ്പെടുത്തിയത്.