Thursday 21 February 2019 03:20 PM IST : By സ്വന്തം ലേഖകൻ

ഞങ്ങൾ പിണക്കത്തിലല്ല, വീണ്ടും ഒന്നിക്കും! വ്യാജ ആരോപണങ്ങൾ തള്ളി അനിരുദ്ധ്

anirudhu-new

സമാനതകളില്ലാത്ത അതിശയ വിജയമായിരുന്നു ‘കൊലവറിപ്പാട്ട്’. ധനുഷ് നായകനായ ‘ത്രീ’ എന്ന ചിത്രം പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത് ‘വൈ ദിസ് കൊലവറി ഡി’ യിലൂടെയാണ്. ധനുഷ് വരികളെഴുതി ആലപിച്ച ഈ രസികൻ പാട്ട് അനിരുദ്ധ് രവിചന്ദർ എന്ന പുതിയ സംഗീത സംവിധായകന്റെ പിറവി കൂടിയായിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ രാജ്യാന്തര തലത്തിൽ വൈറലായ ഒരു പാട്ടൊരുക്കാൻ അനിരുദ്ധിനായി. തുടർന്ന് ധനുഷ് – അനിരുദ്ധ് സംഘം കൈകോർത്ത പല സംഗീത വിജയങ്ങളും തമിഴിലുണ്ടായി. ‘മാരി’ വരെ ആ കൂട്ടുകെട്ട് സജീവമായിരുന്നുവെങ്കിലും പെട്ടെന്നൊരു സുപ്രഭാതത്തിൽ ധനുഷ് ചിത്രങ്ങളിൽ നിന്ന് അനിരുദ്ധ് ഒഴിവാക്കപ്പെട്ടു തുടങ്ങി. അതിനു കാരണമായി പ്രചരിക്കപ്പെട്ട കഥകൾ, ഇരുവരും പിണങ്ങിയെന്നും അനിരുദ്ധിന്റെ ശിവകാർത്തികേയനുമായുള്ള കൂട്ടാണ് ധനുഷുമായി പിരിയാൻ കാരണമെന്നുമൊക്കെയായിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ പിണക്കമൊന്നുമില്ലെന്നും ഉടൻ തന്നെ വീണ്ടും ഒന്നിക്കുമെന്നുമാണ് അനിരുദ്ധ് പറയുന്നത്.

രജനീകാന്തിന്റെ സഹോദരീ പുത്രനാണ് അനിരുദ്ധ്. ആരാധകർ സ്നേഹത്തോടെ ‘ഡി എൻ എ’ എന്നു വിളിക്കുന്ന ധനുഷും അനിരുദ്ധും നാലു വർഷങ്ങൾക്കു ശേഷം വീണ്ടുമൊന്നിക്കുന്നു എന്നറിഞ്ഞതിന്റെ സന്തോഷത്തിലാണിപ്പോൾ സംഗീതാസ്വാദകർ.

അടുത്തിടെ ഒരു അഭിമുഖത്തിൽ അനിരുദ്ധ് ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാലനായി. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ബോധപൂർവമായി തങ്ങൾ എടുത്ത ബ്രേക്കായിരുന്നു അതെന്നും ആ ഇടവേള പ്രതീക്ഷിച്ചതിലും നീണ്ടുപോയെന്നും പറഞ്ഞ അനിരുദ്ധ്, തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലാണ് ആളുകൾ അതിനെ ചിത്രീകരിക്കുന്നതെന്നും ശുദ്ധ അസംബന്ധമാണതെന്നും തങ്ങൾ പഴയതിലും ഗംഭീരമായി തിരിച്ചുവരുമെന്നും വ്യക്തമാക്കി. അടുത്തിടെ സൗന്ദര്യ രജനീകാന്തിന്റെ വിവാഹാഘോഷങ്ങൾക്കിടയിൽ ധനുഷും അനിരുദ്ധും ചേർന്ന് ‘കൊലവറി’ ഗാനം ആലപിച്ചിരുന്നു.