Saturday 19 May 2018 03:53 PM IST : By സ്വന്തം ലേഖകൻ

സാറ്റലൈറ്റ് റൈറ്റിൽ കോടിക്കിലുക്കം; റെക്കോഡിട്ട് അ‍ഞ്ജലി മേനോൻ ചിത്രം

satelite-anjlai

നാളുകൾ നീണ്ട പ്രേക്ഷകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. പൃഥ്വിരാജ്–പാർവ്വതി ജോഡി ഒരുമിക്കുന്ന ചിത്രം ജൂലൈ ആറിനെത്തുമെന്നുള്ള അ‍ഞ്ജലി മേനോന്റെ അറിയിപ്പ് പ്രേക്ഷകർ ആവേശപൂർവ്വം ഏറ്റെടുക്കുകയും ചെയ്തു.

വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നസ്രിയ നസീമിന്റെ തിരിച്ചു വരവ് ചിത്രമെന്ന പ്രത്യേകതയും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കിയിരുന്നു.

എന്നാൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അവിടെയും തീരുന്നില്ല. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു സ്വകാര്യ ചാനൽ ആറര കോടിയിലധികം രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ജലി മേനോന്റെ പതിവ് ചിത്രങ്ങൾ പോലെ ബന്ധങ്ങളുടെ തീവ്രത അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന. കാമുകനായും സഹോദരനായുമുള്ള പൃഥ്വിയുടെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകും. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നു.

എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.