Monday 03 May 2021 09:07 AM IST : By സ്വന്തം ലേഖകൻ

‘തൊഴിലാളി ദിനമാണ്, വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല...’! രസികൻ കുറിപ്പുമായി ആന്റണി വര്‍ഗീസ്

antony

തൊഴിലാളി ദിനത്തില്‍ അച്ഛന്‍ വര്‍ഗീസിന്റെ ചിത്രം പങ്കുവച്ച്

നടന്‍ ആന്റണി വര്‍ഗീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറൽ. ഓട്ടോറിക്ഷ ഡ്രൈവറാണ് വര്‍ഗീസ്.

‘അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്’ എന്നാണ് ആന്റണി കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ്ദിനത്തില്‍ അപ്പനെ ഓട്ടോയ്ക്കരികില്‍ നിര്‍ത്തി എടുത്ത ചിത്രമായിരുന്നു, ‘തൊഴിലാളിദിനാശംസകള്‍.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ’ എന്ന കുറിപ്പോടെ പെപ്പെ പങ്കുവച്ചത്.