സോഷ്യൽ മീഡിയയിൽ വലിയ ആരാധകപിന്തുണയുള്ള താരദമ്പതികളാണ് അനുരാജും പ്രീണയും. ടിക്ക് ടോക്കിലൂടെയും യൂ ട്യൂബ് വിഡിയോകളിലൂടെയും വെബ് സീരീസുകളിലൂടെയും ചുരുങ്ങിയ കാലത്തിനിടെ ഇരുവരും മലയാളിയുവത്വത്തിന്റെ മനം കവർന്നു. സരസമായ, സമകാലികപ്രാധാന്യമുള്ള ആശയങ്ങളുമായി സമൂഹമാധ്യങ്ങളില്‍ ചിരിയുടെ അലകൾ തീർത്ത ഇവർ ഇപ്പോൾ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷഘട്ടത്തിലാണ്. തങ്ങളുടെ മൂന്നാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും...
‘‘മൂന്നു മക്കൾ എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഋഷിക്കുട്ടൻ ജനിച്ച് ഏഴ് വർഷം കഴിഞ്ഞാണ് ഋത്വിക് വന്നത്. അവനിപ്പോൾ ഒരു വയസ്സ് കഴിഞ്ഞു. അപ്പോൾ ഉടൻ മറ്റൊരാൾ കൂടി വന്നാൽ രണ്ടു പേരും ഒന്നിച്ചു വളർന്നോളും. ഇപ്പോൾ മൂന്നാമത്തെയാൾക്ക് മൂന്നു മാസമായി. ഞങ്ങൾക്ക് മൂന്ന് മക്കൾ വേണമെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതറിയാത്തവർക്കാണ് പാറു വീണ്ടും പ്രഗ്നന്റായി എന്നറിഞ്ഞപ്പോൾ സർപ്രൈസായത്.

എന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു മൂന്നു മക്കൾ വേണമെന്ന്. എന്നാൽ എനിക്കൊരു അനിയത്തി കൂടിയേയുള്ളൂ. അപ്പോൾ തൊട്ടേ, ‘നിനക്കു മൂന്നു മക്കൾ വേണം’ എന്ന് അച്ഛൻ എന്നോടു പറയുമായിരുന്നു എന്തായാലും അച്ഛന്റെ മോഹം മകനിലൂടെ സഫലമായി എന്നു സന്തോഷിക്കാം’’. – അനുരാജ് ‘വനിത ഓൺലൈനോട്’ പറയുന്നു.
‘‘മൂന്നു മക്കളെന്നത് പുതിയ തലമുറയിൽ വളരെ അപൂർവമാണ്. ഇപ്പോൾ കൂടുതലും ഒരു കുഞ്ഞ് മതിയെന്നൊക്കെ പലരും തീരുമാനിക്കുന്ന കാലമാണല്ലോ. ഒരു കുഞ്ഞിനെ വളർത്തുകയെന്നത് നിസ്സാരമല്ല. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഒരു പ്രധാനഘട്ടം അവർ മക്കൾക്കായി നീക്കി വയ്ക്കുകയാണ്. എന്നാൽ അതൊന്നും നോക്കിയിട്ടു കാര്യമില്ല. ഞങ്ങളെ സംബന്ധിച്ച് മക്കളുടെ കാര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനാൽ അത് വിഡിയോസിനെ കാര്യമായി ബാധിക്കുന്നുണ്ട്. പാറുവിന് അഭിനയിക്കാനാകില്ല. കൊറോണയുടെ ഭീതി നിൽക്കുന്നു. എങ്കിലും ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ്. ബാക്കിയൊക്കെ അതിന്റെ വഴിക്ക് നടന്നോളും. ഏറ്റവും വലിയ ത്രിൽ ഋഷിക്കാണ്. അവൻ ‘ബിഗ് ബ്രദർ’ ആയല്ലോ’’. – അനുരാജ് പറയുന്നു.

അടൂരാണ് അനുരാജിന്റെ വീട്. അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്വർണക്കടയുടെ നോക്കിനടത്തിപ്പിനിടെയാണ് ടിക് ടോക്കിലും സോഷ്യൽ മീഡിയയിലും സജീവമാകുന്നത്.
‘‘ടിക് ടോക്കിൽ സജീവമായിത്തുടങ്ങിയ ആദ്യത്തെ ദമ്പതികളാണ് ഞങ്ങൾ. മ്യൂസിക്കലിയിലായിരുന്നു തുടക്കം. പാറു (പ്രീണ) അത്യാവശ്യം നന്നായി പാടും. ടിക് ടോക്കിൽ നിന്നു അൽപ്പം വൈകിയാണ് യൂ ട്യൂബ് ചാനലിലേക്ക് എത്തിയത്. അപ്പോഴേക്കും സ്വന്തം കണ്ടന്റുകൾ കണ്ടെത്തി അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് മൂന്ന് ചാനലുകളുണ്ട്. ഏഴ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ ധാരാളം പേർ നിലവിൽ ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു.’’.– അനുരാജ് പറയുന്നു.
ഞങ്ങളുടെ ടീം
കഴിഞ്ഞ രണ്ടു വർഷമായി യൂ ട്യൂബ് ചാനൽ ഒരു പ്രഫഷനായാണ് ഞങ്ങൾ കാണുന്നത്. അതിൽ നിന്നു വരുമാനം വന്നു തുടങ്ങിയിട്ടുണ്ട്. പതിനഞ്ച് പേരോളം ഞങ്ങൾക്കൊപ്പം ഇപ്പോൾ വർക്ക് ചെയ്യുന്നു. ഇവർക്കെല്ലാം ശമ്പളം കൊടുത്തു മുന്നോട്ടു പോകാവുന്ന നിലയിലേക്ക് എത്തി. ഇപ്പോൾ ജ്വല്ലറിയുടെ ചില തിരക്കുകളുമായി ബന്ധപ്പെട്ട് വിഡിയോസിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒരു പുതിയ വർക്ക് ഉടൻ വരും.