Friday 15 February 2019 09:56 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ അതുറപ്പിച്ചു! ആര്യ – സയേഷ വിവാഹം മാർച്ചിൽ

arya-new

ഒടുവിൽ അതുറപ്പായി. നടൻ ആര്യ യുവനായിക സയേഷയെ താലി ചാർത്തും. പ്രണയദിനത്തിലാണ് ആരാധകർക്ക് സർപ്രൈസ് നൽകി തങ്ങളുടെ വിവാഹം ആര്യ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിലാണ് വിവാഹം.

“മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കുറിച്ചുള്ള വാർത്ത പങ്കു വയ്ക്കുന്നു. മാർച്ചിൽ ഞങ്ങൾ വിവാഹിതരാകും. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയ്ക്ക് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും വേണം”.– ആര്യ ട്വിറ്ററിൽ കുറിച്ചു.

ഇതോടെ ആര്യയുടെ വിവാഹവുമായി ബന്ധപ്പെട്ടുയർന്ന സകല അഭ്യൂഹങ്ങൾക്കും അറുതിയാകുകയാണ്.

നിരവധി പ്രമുഖരാണ് ആര്യയുടെ വിവാഹത്തിന് ആശംസകളും അനുമോദനങ്ങളുമായെത്തിയത്.

“മച്ചാ… അഭിനന്ദനങ്ങൾ. തനിച്ചുള്ള അവസാന ഹാപ്പി വാലന്റൈൻസ് ഡേയ്ക്ക് ആശംസകൾ”.– റാണാ ദഗ്ഗുബാട്ടി കുറിച്ചതിങ്ങനെ. സൂര്യ, വിഷ്ണു വിശാൽ, രാധിക ശരത്കുമാർ, ആറ്റ്ലീ തുടങ്ങിയവരും ആശംസകളുമായി രംഗത്തെത്തി.

തങ്ങൾ ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ഗജിനികാന്ത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ആര്യയും സയേഷയും പ്രണയത്തിലായത്. സൂര്യ–മോഹൻലാൽ ടീമിന്റെ ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. പ്രശസ്തനടൻ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.