Friday 15 February 2019 02:45 PM IST : By സ്വന്തം ലേഖകൻ

‘വിഡ്ഢികൾ പിന്നിൽ നിന്നു കുത്തും, ബുദ്ധിമാൻമാർ അകന്നു നിൽക്കും’! വിമർശകര്‍ക്കെതിരെ ഭുവനേശ്വരി

deepika-new

എക്കാലവും വിവാദങ്ങളുടെ സ്വന്തക്കാരനാണ് മലയാളികളുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരം ശ്രീശാന്ത്. കളിക്കളത്തിലും പുറത്തും പലതരം വിവാദങ്ങൾ എക്കാലവും ശ്രീയെ ഒഴിയാബാധ പോലെ പിന്തുടർന്നു. ഇപ്പോഴിതാ സൽമാൻ ഖാൻ അവതാരകനായെത്തിയ ബിഗ് ബോസിൽ പങ്കെടുത്തപ്പോഴും വിവാദങ്ങൾ ശ്രീയോടൊപ്പമുണ്ട്. ഷോ കഴിഞ്ഞെങ്കിലും വിജയിയായ ദീപിക കാക്കറിന്റെ ആരാധകർ ശ്രീശാന്തിനെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം തുടരുകയാണ്. ഇതിനെതിരെ ശ്രീയുടെ ഭാര്യ ഭുവനേശ്വരി രംഗത്തെത്തിയതാണ് പുതിയ വാർത്ത.

‘‘വിഡ്ഢികൾ കത്തിയെടുത്ത് പിന്നിൽ നിന്നു കുത്തും. എന്നാൽ, ബുദ്ധിമാൻമാർ കത്തിയെടുത്ത് ചരട് മുറിച്ച് വിഡ്ഢികളിൽ നിന്ന് അകന്ന് നിൽക്കും’’.– ഭുവനേശ്വരി ട്വിറ്ററിൽ കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ ശ്രീശാന്ത് ദീപികയെ അൺഫോളോ ചെയ്തതിനെത്തുടർന്നാണ് പുതിയ പ്രശ്നങ്ങൾ തുടങ്ങിയത്. ‘‘എന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അൺഫോളോ ചെയ്തു. അതിനാൽ ദീപികയെ ഞാൻ അൺഫോളോ ചെയ്യുന്നു. ഭാര്യയെ ബഹുമാനിക്കാത്തവരെ എനിക്ക് ബഹുമാനിക്കാനാവില്ല. ദീപികയുടെ ആരാധകർ എന്റെ ഭാര്യയേയും മക്കളേയും അപമാനിക്കുന്നു. അത് വിലക്കേണ്ടത് ദീപികയുടെ ചുമതലയാണ്. എന്നാൽ അവർ അത് ചെയ്യുന്നില്ല. ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നുമില്ല’’.– അതിന് ശ്രീശാന്ത് പറഞ്ഞ കാരണമിതാണ്.

ഇതോടെയാണ് ദീപികയുടെ ആരാധകർ വീണ്ടും അധിക്ഷേപം കടുപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ ട്വീറ്റ്. എന്തായാലും ഈ സോഷ്യൽ മീഡിയ തർക്കം എവിടെയെത്തി നിൽക്കുമെന്നാണ് ഇപ്പോൾ ആരാധകർ നോക്കുന്നത്.