Saturday 16 March 2019 04:19 PM IST : By സ്വന്തം ലേഖകൻ

ചിൻമയിയെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു! വലിയൊരു നിയമപോരാട്ടമാണ് ഇനി വരാനിരിക്കുന്നതെന്ന് ഗായിക

chinmayi

തമിഴ്നാട്ടിലെ ഡബ്ബിങ് യൂണിയനിൽ നിന്ന് ചിൻമയിയെ പുറത്താക്കിയ നടപടി ചെന്നൈ സിവില്‍ കോടതി സ്റ്റേ ചെയ്തു. യാതൊരു കാരണവുമില്ലാതെയാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന ചിന്മയിയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും, ഗായികയുമായ ചിൻമയി സ്പന്ദന, കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചതോടെയാണ്, ചില വിചിത്രമായ കാരണങ്ങൾക്ക് ഡബ്ബിങ് യൂണിയനിൽ നിന്നു പുറത്താക്കപ്പെട്ടത്.

സംഘടനയുടെ വിലക്കു കാരണം കഴിഞ്ഞ നവംബറിന് ശേഷം ചിൻമയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടപടി പിന്‍വലിക്കുന്നതിനായി മാപ്പു പറയണമെന്നും ഒന്നര ലക്ഷം രൂപ നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടതായും ചിൻമയി മുൻപ് പറഞ്ഞിരുന്നു.

സ്റ്റേ അനുവദിച്ചെങ്കിലും വലിയൊരു നിയമപോരാട്ടമാണ് ഇനി വരാനിരിക്കുന്നതെന്നും നീതി നടപ്പാകുമെന്ന് കരുതുന്നുവെന്നുമാണ് ചിൻമയിയുടെ പ്രതികരണം.

കഴിഞ്ഞ നവംബറില്‍, രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ടിസ്റ്റ് ആന്‍ഡ് ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് യൂണിയനില്‍ നിന്ന് ചിൻമയിയെ പുറത്താക്കിയത്. രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്തുശതമാനം ഈടാക്കിയിരുന്നുവെന്ന് ചിൻമയി പറഞ്ഞിരുന്നു.

ഒക്ടോബറിലായിരുന്നു വൈരമുത്തുവിനെതിരായ ചിൻമയിയുടെ ഗുരുതരമായ ലൈംഗികാരോപണം. വൈരമുത്തു രണ്ടു തവണ മോശമായി പെരുമാറിയെന്ന് അവർ ട്വീറ്റ് ചെയ്തു. ഒപ്പം, വൈരമുത്തുവിനെതിരെ മറ്റ് പലരും പങ്കുവെച്ച ആരോപണങ്ങളെയും ചിൻമയി പിന്തുണച്ചു.