Monday 03 February 2020 02:35 PM IST

വീട്ടുകാർക്ക് വിഷമമുണ്ടായിരുന്നു, പക്ഷേ വിവാഹം അവരുടെ സാന്നിധ്യത്തിലായിരുന്നു! ദർശനയും അനൂപും ഹാപ്പി കപ്പിൾസ്

V.G. Nakul

Sub- Editor

d1

സീരിയൽ ലൊക്കേഷനിൽ, സിനിമയെ വെല്ലുന്ന, മനോഹരമായ ഒരു പ്രണയം ‘ആക്ഷൻ’ പറഞ്ഞത് അധികമാരും അറിയാതെയായിരുന്നു. തമ്മിൽ തമ്മിൽ നോക്കുമ്പോൾ രണ്ടുപേരുടെ കണ്ണുകളിൽ പ്രണയം തിളങ്ങുന്നതും മറ്റാരും കണ്ടില്ല. ഒന്നും മിണ്ടാതെ എല്ലാം പറയുന്ന, കലർപ്പില്ലാത്ത പ്രണയം അവരെ അകലാനാകാത്ത വിധം ചേർത്തുനിർത്തിയിരുന്നു അപ്പോഴേക്കും. ഒടുവിൽ അവർ ഒന്നാകാൻ തീരുമാനിച്ചു. പരസ്പരം നഷ്ടപ്പെടാനാകില്ല എന്ന ബോധ്യത്തോടെ അവൻ അവൾക്കും അവൾ അവനും സ്വന്തമായി...ആ സീരിയലിന്റെ പേരും അന്വർത്ഥമായി, ‘സുമംഗലീ ഭവ:’

മിനിസ്ക്രീനിലെ യുവതാരം ദർശന ദാസിന്റെയും സഹസംവിധായകൻ അനൂപ് കൃഷ്ണന്റെയും പ്രണയവും വിവാഹവും ഇങ്ങനെ ചുരുക്കിയെഴുതാം.

എന്നാൽ, സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അവർക്കെതിരെ കെട്ടഴിച്ചു വിട്ട ആരോപണം മറ്റൊന്നായിരുന്നു. ദർശന വീട്ടുകാരെ ധിക്കരിച്ച്, ‘ഒളിച്ചോടി’ എന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. എന്നാൽ ഈ ‘ഞെട്ടിക്കുന്ന സത്യം’ ദർശനയെയും അനൂപിനെയും പൊട്ടിച്ചിരിപ്പിക്കുകയാണ്....

‘‘ഈ ഒളിച്ചോട്ടവും ധിക്കരിക്കലുമൊക്കെ ആരുടെ കണ്ടെത്തലാണെങ്കിലും കൊള്ളാം. നല്ല ഭാവന. ഇതിനോടകം പലതവണ പറഞ്ഞതാണെങ്കിലും വീണ്ടും ആവർത്തിക്കാം. ഞാൻ ഒളിച്ചോടിയതല്ല. ചെറിയ ചില എതിർപ്പുകളുണ്ടായെങ്കിലും രണ്ടും വീട്ടുകാരും ചേർന്നാണ് ഞങ്ങളുടെ വിവാഹം നടത്തിത്തന്നത്....’’.– അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനോ’ട് സംസാരിച്ച് തുടങ്ങവേ, തന്നെ ചുറ്റി നിൽക്കുന്ന അനാവശ്യ ചർച്ചയ്ക്ക് വിരാമമിട്ട് ദർശന തുറന്നു പറഞ്ഞതിങ്ങനെ.

പട്ടുസാരി, കറുത്ത് മുത്ത്, സുമംഗലി ഭവ: തുടങ്ങി ശ്രദ്ധേയമായ ഒരു പിടി സീരിയലുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ യുവനായികയാണ് ദർശന.

d2

‘‘ഞാൻ സീരിയൽ രംഗത്തെത്തിയിട്ട് ഇപ്പോൾ ആറ് വർഷമായി. ‘പട്ടുസാരി’യിലാണ് ആദ്യം അഭിനയിച്ചത്. സുഹൃത്തായ, ഫൊട്ടോഗ്രഫർ അർഷൽ വഴിയാണ് അവസരം ലഭിച്ചത്. അതിൽ നായികയുടെ മകളായ വരലക്ഷ്മി എന്ന കഥാപാത്രമായിരുന്നു. തുടക്കത്തിൽ എന്റെ അഭിനയം അത്ര നന്നാകുന്നില്ല എന്ന് തോന്നിയെങ്കിലും പിന്നീട് ശരിയായി. ‘ദത്തുപുത്രി’ ചെയ്യുന്നതിനിടെ, ‘ഫോർ ദ പീപ്പിള്‍’ എന്ന സീരിയലിൽ അവസരം ലഭിച്ചു. അതിൽ നല്ല കഥാപാത്രമായിരുന്നതിനാൽ അങ്ങോട്ട് മാറി. ‘ദത്തുപുത്രി’യിൽ പ്രധാന വേഷത്തിലായിരുന്നില്ല, അതിനാൽ മാറിനിൽക്കാൻ കുഴപ്പമില്ലായിരുന്നു. ഇതിനോടകം 7സീരിയലുകളിൽ അഭിനയിച്ചു. തമിഴിൽ ‘വല്ലി’ എന്ന സീരിയൽ ചെയ്തു’’.– ദർശന മനസ്സ് തുറക്കുന്നു.

നല്ല വില്ലത്തിയിൽ നിന്നു നല്ലവളിലേക്ക്

‘കറുത്തമുത്തി’ലെ ഗായത്രിയാണ് എനിക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിത്തന്നത്. നെഗറ്റീവിൽ നിന്നു പോസിറ്റീവിലേക്ക് വന്ന കഥാപാത്രമാണത്. പക്ഷേ, നന്നായി ചെയ്യാൻ പറ്റി എന്നാണ് വിശ്വാസം. നെഗറ്റീവിൽ നിന്നു പോസിറ്റീവിലേക്കുള്ള ക്യാരക്ടറിന്റെ മാറ്റം പ്രേക്ഷകർ അംഗീകരിക്കുമോ എന്ന് ചെറിയ സംശയമുണ്ടായിരുന്നു. പിന്നീട് ആ കഥാപാത്രത്തെ വേണ്ട രീതിയിൽ പുതുക്കിയപ്പോൾ ശരിയായി. നല്ല വില്ലത്തിയിൽ നിന്നു നല്ലവളിലേക്ക് മാറിയപ്പോഴും ഗായത്രി ബോൾഡായി നിന്നു. ഞാനും ജീവിതത്തിൽ അത്യാവശ്യം ചില കാര്യങ്ങളിൽ ബോൾഡ് ആണ്. എന്നു കരുതി ഭയങ്കരിയല്ല കേട്ടോ.

പഠനം തുടരണം

പാലക്കാട് കല്ലടിക്കോട് ആണ് എന്റെ നാട്. അച്ഛൻ ദാസൻ, അമ്മ ലളിത. രണ്ട് ചേച്ചിമാരാണ് എനിക്ക്. ആറാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഭരതനാട്യമാണ് മെയിൻ. പ്ലസ് ടൂ കഴിഞ്ഞാണ് സീരിയലിൽ അഭിനയിച്ച് തുടങ്ങിയത്. അഭിനയത്തിന്റെ തിരക്കിനിടെ പാലക്കാട് ലിറ്റിൽ ഫ്ളവർ കോളജിൽ നിന്നു ബി.എ ഇംഗ്ലീഷ് പൂർത്തിയാക്കി. പഠനം തുടരണം എന്നാണ് ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ്.

അഭിനയം തന്നെയാണ് പാഷൻ. സീരിയലിൽ തന്നെ തുടരണം എന്നുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടിയില്ലെങ്കിൽ മറ്റൊരു പ്രൊഫഷൻ നേക്കിയേക്കാം.

d3

പ്രണയത്തിന്റെ ലൊക്കേഷൻ

തൊടുപുഴയിലാണ് അനൂപിന്റെ വീട്. ‘സുമംഗലീ ഭവ’യുടെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. അതിന്റെ സഹസംവിധായകനായിരുന്നു അനൂപ്. ഇഷ്ടം ആദ്യം തുറന്നു പറഞ്ഞതും അനൂപാണ്. വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് ചെറിയ വിഷമം തോന്നി. ഞങ്ങളുടെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായപ്പോൾ രണ്ടു വീട്ടുകാരും ചേർന്ന് കല്യാണം നടത്തിത്തന്നു.

സിനിമയാണ് അനൂപിന്റെ സ്വപ്നം. അതിനുള്ള ശ്രമത്തിലാണ്. ഞാനിപ്പോൾ മൗനരാഗത്തിലാണ് അഭിനയിക്കുന്നത്. അതിലും ഒരു നെഗറ്റീവ് റോൾ ആണ്.