Tuesday 26 July 2022 12:55 PM IST

ആദ്യം ഒപ്പമുള്ളവരോട് സോറി പറഞ്ഞു, പിന്നെ ഒരലക്ക് അലക്കി’; വൈറൽ ഡാൻസിനെ കുറിച്ച് ചാക്കോച്ചൻ

Vijeesh Gopinath

Senior Sub Editor

kunchacko-boban-devadoodhar-dance-cover

ഒറ്റ ദിവസം കൊണ്ട് കുഞ്ചാക്കോബോബന്റെ ‘നാടൻ റോക്ക് ‍‍ഡാന്‍സ്’ ട്രെൻഡ്ങിൽ ഒന്നാമതെത്തി. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട് ’ എന്ന പുതിയ സിനിമയിലാണ് ചാക്കോച്ചന്റെ അടാർ പെർഫോമൻസ് ഡാൻസ്. കാതോടു കാതോരത്തിലെ എവർഗ്രീൻ സോങ് ദേവദൂതർ പാടിയെന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്.

സ്റ്റേജ് പെർഫോമൻസുകളിൽ ചുവടുകൾ വച്ചിട്ടുണ്ടെങ്കിലും വേദിയിലെ പാട്ടിന് സദസിൽ വച്ച് ഡാൻസ് ചെയ്യുന്നത് ആദ്യത്തെ അനുഭവമായിരുന്നെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.

‘‘ദേവദൂതർ പാടി എന്ന ഗാനം എല്ലാ മലയാളികളെയും പോലെ എന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണ്. ‍ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഒാർത്തിട്ടുപോലും ഇല്ല. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ ആ പാട്ടിന് ഞാൻ ചെയ്തത് ഡാൻസ് ആണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല. അമ്പലപ്പറമ്പിലും പെരുന്നാളിനും ഉത്സവങ്ങൾക്കും എല്ലാം ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് ചെയ്യുന്ന ഒരാളുടെ റെഫറൻസ് സിനിമയിലുണ്ടെന്ന് സംവിധായകൻ രതീഷ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, മൂവ്മെന്റ്സും സ്റ്റെപ്പും എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു.

കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകൾ ഒരുക്കണോ എന്ന് ചോദിച്ചിരുന്നു. അത് വേണ്ട, എന്റെ രീതിയിൽ ഒരു ഹോംവർക്ക് ചെയ്തു നോക്കട്ടെ. അത് വിജയിച്ചില്ലെങ്കിൽ നമുക്ക് ആ വഴിനോക്കാം എന്നും ഞാൻ പറഞ്ഞു.

ഇങ്ങനെ ന‍‍ൃത്തം ചെയ്യുന്നവരെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഇൻസ്റ്റയിലും സോഷ്യൽ മീഡിയയിലും ചില വീഡിയോകൾ കണ്ടിട്ടുണ്ട്. അതിൽ കണ്ട ചിലരെയൊക്കെ വച്ചിട്ട് ആ സമയത്ത് മനസ്സിൽ വന്ന ഒരു തോന്നലിന് ചെയ്യാം എന്നും തീരുമാനിച്ചു.

ഡാൻസ് പഠിച്ചയാൾ, അത് പഠിക്കാത്തയാളെ പോലെ ചെയ്യുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണല്ലോ. ലൊക്കേഷനിലെത്തി. അത്യാവശ്യം നല്ല ആൾക്കൂട്ടമുണ്ട്. മേക്കപ്പ് ഒക്കെയിട്ട് തട്ടിക്കൂട്ട് ചുവടു വയ്ക്കുമ്പോൾ‌ ചമ്മലൊന്നും പുറച്ചു കാണിക്കരുതല്ലോ.

‘‘ശരിക്കും ഞാൻ ഇങ്ങനെയല്ല ഡാൻ‌സ് ചെയ്യുന്നത്. ഇത് ഈ കഥാപാത്രത്തിനു വേണ്ടിയാണ്. എന്നോട് ക്ഷമിക്കണേ’’ എന്നും കൂടി നിന്നവരോടു പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു. ബാക്കിയുള്ളതെല്ലാം അപ്പോഴുണ്ടായ ചില തോന്നലിന്റെ ഭാഗമായി ചെയ്തതാണ്. അതെല്ലാം ദൈവം സഹായിച്ച് നന്നായി വന്നു. ’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ പുതിയ സിനിമയാണ് ന്നാ താൻ കേസ് കൊട്.

1985 ലാണ് മമ്മൂട്ടി നായകനായ കാതോടു കാതോരം പുറത്തിറങ്ങുന്നത്. ദേവദൂതർ എന്ന ഗാനത്തിന് വരികളെഴുതിയത് ഒ.എൻവിയും സംഗീത സംവിധാനം ചെയ്തത് ഒൗസേപ്പച്ചനുമായിരുന്നു. കെ. ജെ. യേശുദാസും കൃഷ്ണചന്ദ്രനും ലതികയുമായിരുന്നു അന്ന് ആ ഗാനം ആലപിച്ചത്. പാട്ട് പുനസൃഷ്ടിച്ചപ്പോൾ‌ ശബ്ദമായത് ബിജുനാരായണൻ.

പാട്ട് ഹിറ്റായതോടെ സംഗീതസംവിധായകൻ ഒൗസേപ്പച്ചനും ചാക്കോച്ചന്റെ ചുവടുകളെ അഭിനന്ദിച്ചു.

‘‘ചാക്കോച്ചാ പൊളിച്ചൂടാ മോനേ പൊളിച്ചു എന്നാണ് ഒസേപ്പച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്ട് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഒാർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീ ബോർഡ് എ. ആർ. റഹ്മാൻ, ഗിറ്റാർ ‍ജോൺ ആന്റണി, ഡ്രംസ് ശിവമണി. അതേ ഒാർക്കസ്ട്രയെ ഒാർമപെടുത്തുന്ന രീതിയിൽ ഒാർക്കസ്ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജുനാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തു ചേർന്നപ്പോൾ ഗംഭീരമായി.’’

വനിത ഫിലിം അവാർഡ്സിൽ കുഞ്ചാക്കോ ബോബന്റെ പെർഫോമെൻസ് കാണാം.