Wednesday 14 February 2024 11:39 AM IST

മന്നാടിയാർ പണ്ടേ മൈഥിലിയെ പ്രണയിച്ചു തുടങ്ങിയതാണെങ്കിലോ ? ‘ധ്രുവം’ ബാക്ക് സ്റ്റോറി

V.G. Nakul

Sub- Editor

cvr_dhruvam

മലയാള സിനിമയിൽ അതിനു മുൻപോ പിൻപോ അങ്ങനെയൊരു പ്രൊപ്പോസൽ സീൻ സംഭവിച്ചിട്ടില്ല.

പൗരുഷത്തിന്റെ ആൾരൂപമായ നരസിംഹ മന്നാടിയാർ മൈഥിലിയോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞ ആ ഡയോലോഗ് തലമുറകൾ കടന്ന് മലയാളികൾ ഇപ്പോഴും ആഘോഷിക്കുന്നു,

‘നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ നിനക്ക് സമ്മതമാണോ..!’

സന്തോഷത്താൽ കണ്ണുകൾ നനഞ്ഞ്, തന്നെത്തേടിയെത്തിയ മഹാഭാഗ്യത്തെ സ്വീകരിക്കുന്ന മൈഥിലിയുടെ മുഖം ഓരോ കാണിയുടെയും മനസ്സിലുണ്ടാകും, എസ്.പി വെങ്കിടേഷ് ഒരുക്കിയ മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ...

കാലം കടന്നപ്പോൾ, ഈ രംഗം പലവിധ ട്രോളുകൾക്കും രാഷ്ട്രീയവായനകൾക്കും വിധേയമായെങ്കിലും, സാധാരണ സിനിമ പ്രേക്ഷകർക്ക് ‘ധ്രുവ’ത്തിലെ ആ പ്രണയരംഗം ഇപ്പോഴും ഏറെ പ്രിയങ്കരമാണ്.

‘‘നരസിംഹമന്നാടിയാർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്. വളരെയേറെ ധീരനായ, അചഞ്ചലമായ മനസ്സുള്ള, കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരാൾ, ‘ഹാഫ് മാൻ – ഹാഫ് ലയൺ’. സിനിമയിലുടന്നീളം അയാളെ അങ്ങനെയൊരു ടെമ്പോയിൽ നിലനിർത്തേണ്ടതുണ്ട്. അപ്പോൾ പ്രൊപ്പോസൽ സീൻ മറ്റൊരു തരത്തിൽ, വളരെ കാൽപ്പനികമായ സാഹചര്യങ്ങളോടെ അവതരിപ്പിക്കുന്നത് കുഴപ്പമാണ്. അതുകൊണ്ടാണ്, ഇത്ര റഫ് ആയി നരസിംഹ മന്നാടിയാർക്ക് മൈഥിലിയോട് തന്റെ ഇഷ്ടം തുറന്നു പറയേണ്ടി വരുന്നത്. മാത്രമല്ല, ഫ്യൂഡൽ മനസ്സുള്ള, ഒരു ദേശത്തിന്റെ അധികാരിയായി, രക്ഷകനായി ജീവിക്കുന്ന അയാൾക്ക് തന്റെ ആശ്രിതരായി കഴിയുന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ ഇതിനപ്പുറം മറ്റൊരു ഭാവം ചിന്തിക്കാനാകില്ലെന്നും മനസ്സിലാക്കാം. ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ, മൈഥിലിയോട് തന്റെ ഭാര്യയാകാനുള്ള സമ്മതം ചോദിക്കുമ്പോൾ മന്നാടിയാരുടെ മുഖത്ത് പൂർണമായ ഗൗരവമാണ്. ഒരു ചിരിയോ മൃദുലവികാരങ്ങളോ അവിടെ തെളിയുന്നില്ല’’.– ‘ധ്രുവ’ത്തിന്റെ കഥാകൃത്ത് എ.കെ. സാജൻ പറയുന്നു.

druvam-2

പുതിയ കാലത്തെ രാഷ്ട്രീയ ശരികൾ പക്ഷേ, ആണധികാരത്തിന്റെ നായകസങ്കൽപ്പമായാണ് മന്നാടിയാരെയും അയാളുടെ വിവാഹാഭ്യർത്ഥനെയും പരിഗണിച്ചത്. മന്നാടിയാർ എന്ന ‘കലിപ്പന്റെ’ ‘കാന്താരി’യായി മൈഥിലിയെ പരിഹസിച്ചവരുമേറെ. പക്ഷേ, സിനിമയ്ക്കുള്ളിലേക്കിറങ്ങി, അതിന്റെ മൊത്തം സത്തയെ പരിഗണിച്ച് വിശദീകരിക്കുമ്പോൾ അതങ്ങനെയല്ലെന്നു മനസ്സിലാക്കാമെന്നും സാജൻ.

കാലം പോകെ ഈ സീൻ ട്രോൾ മെറ്റീരിയലുകളിലെ പ്രധാന മീമുകളിലൊന്നായി. വീട്ടിൽ സാധനങ്ങൾ വിൽക്കാൻ വന്ന പെൺകുട്ടിയോട്, കാശ് കൊടുക്കാനില്ലാത്തതിനാൽ ‘നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ നിനക്ക് സമ്മതമാണോ..!’ എന്നു ചോദിക്കുന്ന ചങ്ക് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.

‘‘ഞാൻ പലപ്പോഴും മന്നാടിയാർ–മൈഥിലി പ്രണയത്തിന്റെ ഒരു ബാക്ക് സ്റ്റോറി ആലോചിച്ചിട്ടുണ്ട്. സിനിമയിൽ വളരെ ചുരുക്കം രംഗങ്ങളിലൂടെയാണ് അവരുടെ വിവാഹവും ജീവിതവുമൊക്കെ കാണിക്കുന്നതെങ്കിലും, തന്റെ വീട്ടിലേക്ക് സഹായം തേടി വരും മുമ്പേ മന്നാടിയാർ മൈഥിലിയെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലോ ? അവളോട് പ്രണയം തോന്നിയിട്ടുണ്ടെങ്കിലോ ? ഒരു അവസരം വന്നപ്പോൾ, ആ ഇഷ്ടവും താൽപര്യവും അയാൾ തുറന്നു പറഞ്ഞതാണെങ്കിലോ ? ആകാം. അങ്ങനെയൊരു വിശദമായ കഥ മന്നാടിയാരുടെയും മൈഥിലിയുടെയും ജീവിതത്തിലുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തെന്നാൽ, മന്നാടിയാരില്‍ നിന്നു പണം കടം വാങ്ങുന്ന, തിരികെക്കൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരേയൊരു കുടുംബമായിരിക്കില്ലല്ലോ മൈഥിലിയുടേത്, സഹായം തേ‍ടി വരുന്ന ആദ്യത്തെ പെൺകുട്ടിയുമാകില്ലല്ലോ അവൾ‌. അപ്പോൾ സ്വാഭാവികമായും മന്നാടിയാരുടെ ശ്രദ്ധയില്‍ ആ സംഭവത്തിനു മുമ്പേ അവൾ പതിഞ്ഞിട്ടുണ്ടാകാം. ഇനി അവരുടെ ദാമ്പത്യത്തിലേക്ക് വന്നാൽ, ഒരിക്കലും മൈഥിലി മന്നാടിയാരുടെ നിഴലല്ല. അയാളുടെ ജീവിതത്തിൽ സുപ്രധാനമായ ഇടവും പ്രധാന്യവുമുള്ള വ്യക്തിയാണ്. അവളുടെ ധൈര്യത്തോടും, കാര്യഗൗരവത്തോടും അയാൾക്ക് വലിയ ബഹുമാനമാണ്. ഹൈദർ മരയ്ക്കാരെ കൊന്ന് മന്നാടിയാർ ജയിലിലേക്ക് പോയ ശേഷം കാമാക്ഷിപുരത്തെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സ്വാഭാവികമായും അവളിലേക്ക് വന്നു ചേരാം. കാലങ്ങൾക്കു ശേഷം ആ രംഗത്തെയും മന്നാടിയാർ–മൈഥിലി ബന്ധത്തെയും വ്യാഖ്യാനിച്ച് അതിലെ രാഷ്ട്രീയ ശരിതെറ്റുകൾ ചർച്ചയായത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. സ്വാഭാവികമാണത്. ഓരോ കാലത്തും ഓരോ കലാസൃഷ്ടിയിൻമേലും ഓരോതരം ചർച്ചകളാണുണ്ടാകുക. സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായങ്ങൾ മാറിവരും. അനുകൂലിച്ചും പ്രതികൂലിച്ചും വിശദീകരണങ്ങളുണ്ടാകും. അതിങ്ങനെ തുടരും. അത്രയേയുള്ളൂ’’.– സാജൻ പറയുന്നു.

druvam-3

1993 ജനുവരിയിലാണ് ‘ധ്രുവം’ തിയറ്ററുകളിലെത്തിയത്. എ.കെ സാജന്റെ കഥയ്ക്ക് എസ്.എൻ സ്വാമി തിരക്കഥയൊരുക്കി. ജോഷിയാണ് സംവിധാനം. നായകനായ നരസിംഹ മന്നാടിയാരായി മമ്മൂട്ടിയും നായികയായ മൈഥിലിയായി ഗൗതമിയും അവരുടെ കരിയറിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്. ജയറാം, സുരേഷ് ഗോപി, വിക്രം, ടൈഗർ പ്രഭാകർ, രുദ്ര തുടങ്ങി വൻതാരനിയാണ് ചിത്രത്തിൽ അണിനിരന്നത്. വൻ വിജയം നേടിയ ധ്രുവം ഏറ്റവും പുതിയ പ്രേക്ഷകന്റെയും പ്രിയ സിനിമകളിലൊന്നായി തുടരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.