Thursday 22 August 2019 04:00 PM IST : By സ്വന്തം ലേഖകൻ

‘തങ്കം’ വ്യാജ വാർത്ത, ഞാൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടനില്ല’! പ്രചരണം തള്ളി ദിലീഷ് പോത്തൻ

dileesh-new

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന വാർത്ത വലിയ ആഘോഷ പൂർവമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇക്കുറി വിനീത് ശ്രീനിവാസനാണ് ദിലീഷിന്റെ നായകനെന്നും ‘തങ്കം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരനാണെന്നുമൊക്കെ വാർത്ത പ്രചരിക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ അവസാനം പാലക്കാട് ആരംഭിക്കും, കോയമ്പത്തൂർ ആണ് മറ്റൊരു ലൊക്കേഷൻ, നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമൊക്കെ പിന്നാലെ പലരും വാർത്തയെഴുതി.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ദീലീഷ് പോത്തൻ വനിത ഓൺലൈനോട് വ്യക്തമാക്കി.

‘‘ഞാൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടനില്ല. തങ്കം എന്നു ചിലപ്പോൾ പേരിട്ടേക്കാവുന്ന, ശ്യാം തിരക്കഥയെഴുതി ഞാൻ നിർമിക്കുന്ന ഒരു ചിത്രത്തിന്റെ ചർച്ചയുണ്ട്. പക്ഷേ അതിന്റ കാസ്റ്റിങ് പൂർത്തിയായിട്ടില്ല. ബാക്കിയൊക്കെ വെറും പ്രചരണമാണ്’’.– ദീലീഷ് വെളിപ്പെടുത്തുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് ദിലീഷ് സംവിധാനം ചെയ്ത മുൻചിത്രം. ചിത്രത്തിലും ദിലീഷിന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലും ഫഹദ് ഫാസിൽ ആയിരുന്നു നായകൻ.