Monday 16 September 2019 12:16 PM IST : By സ്വന്തം ലേഖകൻ

‘മറിയം വീട്ടിലുള്ളപ്പോള്‍ വാപ്പിച്ചിയ്ക്ക് അവളെ വിട്ടു പുറത്തേക്കിറങ്ങാന്‍ പ്രയാസമാണ്’! മമ്മൂട്ടി എന്ന മുത്തച്ഛനെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ

m

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിലെ ഇളമുറക്കാരിയാണ് ദുൽഖർ സൽമാന്റെ മകൾ രണ്ടര വയസ്സുകാരി മറിയം അമീറ സല്‍മാന്‍. ഇപ്പോൾ കുഞ്ഞു മറിയത്തിന്റെ കളിചിരികൾക്കു ചുറ്റുമാണ് കുടുംബത്തിന്റെ ജീവിതം ചലിക്കുന്നത്.

മകള്‍ വന്നപ്പോള്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും മമ്മൂട്ടിയും മറിയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ്സ് തുറുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

“എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നു എഴുനേല്‍ക്കുമ്പോള്‍ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍, ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി അവള്‍ ചുറ്റും അമ്മയെ തെരയുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ഞാനുമായി കൂടുതല്‍ അടുത്തു. ഈയിടയായി, അവൾ വീട്ടില്‍ ഉള്ളപ്പോള്‍ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്കിറങ്ങാന്‍ പ്രയാസമാണ്. അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്”.– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദുല്‍ഖര്‍ മനസ്സ് തുറന്നു.

വാപ്പിച്ചി മക്കളെ സിനിമാലോകത്ത് നിന്നു കഴിയുന്നതും അകറ്റി നിര്‍ത്തി, സാധാരണ ജീവിതം നല്‍കാനാണ് ശ്രമിച്ചത് എന്നും ദുല്‍ഖര്‍ പറഞ്ഞു.

“എനിക്കൊരു പന്ത്രണ്ടു വയസാകുന്നതുവരെയൊക്കെ വാപ്പിച്ചിയ്ക്ക് നല്ല തിരക്കായിരുന്നു. പാതിരാത്രി വീട്ടില്‍ വരുന്ന വാപ്പിച്ചി നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ പോകുന്ന സാഹചര്യമായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഞങ്ങളെ അദ്ദേഹം കാണുമായിരുന്നിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ അങ്ങനെ അധികം കാണാന്‍ കിട്ടുമായിരുന്നില്ല’’. – ദുൽഖർ പറയുന്നു.