Friday 08 November 2019 12:37 PM IST

മിമിക്രി ‘തന്തയില്ലാത്ത കലാരൂപമോ’? സർക്കാരും അക്കാഡമിയും അനുകരണ കലയെ എന്തിനു പടിക്കു പുറത്തു നിർത്തുന്നു? ഉയരണം ഈ ചോദ്യം

V.G. Nakul

Sub- Editor

pakru-new

മമ്മൂട്ടി, ജയറാം, ദിലീപ്. ദേശീയ അവാർഡിനോളം വളർന്ന സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടും. ഇവരൊക്കെ വെള്ളിത്തിരയുടെ വെളിച്ചത്തിലേക്ക് ഉയർന്നത് മിമിക്രി എന്ന കലാരൂപത്തിലൂടെ. എന്നിട്ടും സർക്കാരിന്റെയും കേരള സംഗീത നാടക അക്കാഡമിയുടെയും കണ്ണിൽ മിമിക്രി കലാരൂപമല്ല. മിമിക്രിക്കാർ കലാകാരൻമാരുമല്ല. മറ്റെല്ലാ കലാരൂപങ്ങളും കലാകാരൻമാരും അംഗീകരിക്കപ്പെടുമ്പോഴും കേരളത്തിന്റെ പ്രിയപ്പെട്ട അനുകരണന കലയും അതു ചെയ്യുന്ന കലാകാരൻമാരും സർക്കാര്‍ രേഖകൾക്ക് പുറത്താണ്.

എക്കാലവും ആസ്വാദകരെ രസിപ്പിക്കുന്ന കലാപ്രകടനമാണ് മിമിക്രിയും അതിന്റെ ഭാഗമായി വരുന്ന മറ്റു ചിരിവിരുന്നുകളും. മലയാള സിനിമയുടെ അരങ്ങിലും അണിയറയിലും ഒന്നാം നിരയില്‍ ഇടമുറപ്പിച്ച നൂറുകണക്കിന് കലാകാരൻമാർ മിമിക്രിയിൽ നിന്നു വന്നവരാണ്. കലാഭവൻമണിയും എൻ.എഫ് വർഗീസും സൈനുദ്ദീനുമുൾപ്പടെയുള്ളവർ മരിച്ചു മൺമറഞ്ഞിട്ടും മലയാളിയുടെ ചിരയോർമ്മയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നതിന് കാരണം മിമിക്രി തന്നെ. മറ്റ് ഏതു കലാരൂപങ്ങളിലെ പ്രതിഭകൾക്കാണ് ഈ ജനകീയത ലഭിച്ചിട്ടുള്ളത്.

മലയാള സിനിമയുടെ പുത്തൻ തലമുറ സംവിധായകരിലും നിർമാതാക്കളിലും തിരക്കഥാകൃത്തുക്കളിലും മിമിക്രി കലാകാരൻമാർ സുപ്രധാന സാന്നിധ്യങ്ങളാണെന്നതും എടുത്തു പറയണം. അവർക്കൊപ്പം തന്നെ, ഇപ്പോഴും നിത്യജീവിതത്തിനു വകയില്ലാതെ, സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ലാതെ, ദുരിതക്കയത്തിൽ പെട്ടുപോയവരുൾപ്പടെ ആയിരക്കണക്കിനു മിമിക്രി കലാകരൻമാർ വേറെയുമുണ്ട്.

ഫാദർലെസ് ആർട്ട്

മിമിക്രി കലാകാരൻമാർ ചേർന്നു രൂപീകരിച്ച ‘മാ’ എന്ന സംഘടന മാത്രമാണു ഇവരുടെ ഏക കൂട്ടായ്മ. അതിനപ്പുറം യാതോരു ആനുകൂല്യങ്ങളോ കരുതലോ അംഗീകാരങ്ങളോ മിമിക്രി കലാകാരൻമാരെ തേടിയെത്തുന്നില്ല. ഈ കടുത്ത അവഗണനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘മാ’യുടെ ട്രഷററും നടനും സംവിധായകനും നിർമാതാവുമായ ഗിന്നസ് പക്രു ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ്.

‘‘ഏകദേശം ആറ് വർഷം മുമ്പ് ശ്രീമൂലനഗരം മോഹൻ കേരള സംഗീത നാടക അക്കാഡമിയില്‍ ഉള്ള സമയത്ത് മിമിക്രി കലാരൂപമായി അംഗീകരിക്കുകയും രമേഷ് പിഷാരടിക്കും കോട്ടയം നസീറിനും അവാർഡ് കൊടുത്തിരുന്നു. നിരവധി മിമിക്രി കലാകാരൻമാർക്ക് ചികിത്സാസഹായവും നൽകി. അതിനു ശേഷം വന്നവർ വീണ്ടും അതെടുത്തു മാറ്റി. ക്ലാസിക്കൽ ആർട്ടിന്റെ ആളുകൾ പറയുന്നത് മിമിക്രി ഒരു ‘ഫാദർലസ് ആർട്ട്’ ആണെന്നാണ്.

സംഗീതവും നാടകവും പോലെ തന്നെയാണ് മിമിക്രി. മറ്റൊരാളുടെ ശബ്ദം അനുകരിക്കുന്നത് പോലും അത്ര ഈസിയായിട്ടുള്ള കാര്യമല്ല. കഴിവില്ലാത്ത ഒരാൾക്കും മിമിക്രി ചെയ്യാൻ പറ്റില്ല. കലാഭവൻ മണി ചേട്ടൻ ‘മാ’യുടെ പ്രസിഡന്റായിരുന്ന കാലത്ത്, അംഗീകാരം എടുത്തുകളഞ്ഞതിനെതിരെ, പ്രതിഷേധ സൂചകമായി പ്രസ് മീറ്റ് ഒക്കെ നടത്തിയിരുന്നു. പക്ഷേ, അന്നത് ചർച്ചയായില്ല. ഇപ്പോൾ വീണ്ടും ഇത് പ്രസക്തമാകുന്നതിന് പ്രധാന കാരണം ഒരാൾ ഒരാളെ അവഹേളിച്ചതിന്റെ ചർച്ച സോഷ്യൽ മീഡിയയിൽ കൊഴുക്കുമ്പോൾ ഒരു കൂട്ടം കലാകാരൻമാർ അതിനെക്കാൾ വലിയ അവഗണന നേരിട്ടുന്നു എന്നതാണ്’’.– ഗിന്നസ് പക്രു പറയുന്നു.

pakru-new-3

എന്തിന് ഈ അവഗണന ?

സംഗീത നാടക അക്കാഡമി മറ്റെല്ലാ കലാരൂപങ്ങളെയും അംഗീകരിക്കുമ്പോൾ, എന്തുകൊണ്ട് ഇത്രയും കാലമായി ഇത്രയും കലാകാരൻമാർ ഉള്ള മിമിക്രിയെ മാത്രം പുറത്തു നിർത്തിയിരിക്കുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. മിമിക്രി കൊണ്ടു മാത്രം ജീവിക്കുന്ന ആയിരക്കണക്കിനു പേരുണ്ട് കേരളത്തിൽ. എത്രയോ പേരുടെ ഏക ജീവിത മാര്‍ഗമാണ് മിമിക്രി. ‘മാ’യിൽ തന്നെ ഏകദേശം മുന്നൂറ്റിയമ്പതോളം അംഗങ്ങളുണ്ട്. മറ്റു ജോലികൾ ഇല്ലാത്തവരാണ് ഇതിൽ ഏറിയ പങ്കും. മിമിക്രിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ. പ്രളയത്തിനു ശേഷം സ്റ്റേജുകൾ ഒരുപാട് കുറഞ്ഞു. വേദികളും തീരെ കുറവാണ്. ക്ലബുകൾ ഇല്ലാതായതും ദോഷമായി. സിനിമയോ റിയാലിറ്റി ഷോയോ കിട്ടാത്ത, ടെലിവിഷനിൽ അവസരം കിട്ടാത്ത, താര പ്രൗഡിയില്ലാത്ത മിക്ക മിമിക്രി കലാകാരൻമാരും ഇപ്പോൾ ബുദ്ധിമുട്ടിലാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ അക്കാഡമിയും സർക്കാരും ഈ നിലപാട് സ്വീകരിക്കുന്നത് സങ്കടകരമാണ്.

പലരും ബുദ്ധിമുട്ടിൽ

പലരും നിവൃത്തികേടിന്റെ വക്കിലാണ്. പ്രശസ്തരായവർക്ക് മാത്രമാണ് പലപ്പോഴും പരിപാടികളും അവസരങ്ങളും കിട്ടുക. 30 വർഷത്തിലേറെയായി മിമിക്രി കൊണ്ടു മാത്രം ജീവിച്ച്, ഇപ്പോഴും വീടില്ലാത്ത കലാകാരൻമാർ ധാരാളമുണ്ട്. ഈ അടുത്തിടെ പലരും രോഗത്തിന്റെ പിടിയിലായി, ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന വാർത്തകൾ വന്നല്ലോ. പലരും ദൈനംദിന ജീവിതത്തിനു പോലും ബുദ്ധിമുട്ടുകയാണ്.

മിമിക്രി മൂന്നാം കിടയല്ല

മിമിക്രിയ്ക്ക് എന്തോ കുറവുണ്ട്, അതൊരു മൂന്നാംകിട സാധനമാണ് എന്നാണ് പലരുടെയും ധാരണ. പക്ഷേ, ഒന്നോർത്തു നോക്കൂ, മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങളും നല്ല നടൻമാരുടെ പട്ടികയിലുള്ള കുറേപ്പേരും മിമിക്രിയിൽ നിന്നു വന്നവരാണ്. എന്നിട്ടും എന്തുകൊണ്ട് ഇത് കലയായി അംഗീകരിക്കപ്പെടുന്നില്ല എന്നതാണ് ചോദ്യം. ഒരു സ്റ്റേജ് ഷോ പോലും മിമിക്രി ഇല്ലെങ്കിൽ എത്ര വിരസകരമാകും എന്നു ചിന്തിച്ചു നോക്കൂ. സ്കിറ്റും മിമിക്രിയുമൊക്കെ സ്റ്റേജ് പരിപാടികളുടെ പ്രധാന ഇനമാണ് എപ്പോഴും.

pakru-new-2

മാ മാത്രം

‘മാ’യുടെ പ്രവർത്തനങ്ങളാണ് ഒരു പരിധി വരെ ആശ്വാസം. പലർക്കും സംഘടന സഹായങ്ങൾ ചെയ്യുന്നുണ്ട്. ഈ അടുത്തിടെയും ഒരു ലക്ഷം രൂപ ഒരാളുടെ ആശുപത്രി ചെലവിനായി സമാഹരിച്ചു നൽകി. അതിനൊക്കെ ഒരു പരിധിയില്ലേ. അപ്പോൾ സർക്കാർ തീർച്ചയായും ഞങ്ങളെയും കൂടി പരിഗണിക്കണം. മറ്റു കലാരൂപങ്ങൾക്കും കലാകാരൻമാർക്കും കിട്ടുന്ന പിന്തുണയും അംഗീകരാവും സർക്കാരിന്റെ ഭാഗത്തു നിന്നു മിമിക്രിക്കും കിട്ടണം. മിമിക്രി കൊണ്ടു മാത്രം ജീവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിടുന്ന കലാകരൻമാർക്കു വേണ്ട കരുതൽ കൊടുക്കുക. ഈ ആവശ്യമാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്....