Friday 03 August 2018 10:27 AM IST

‘ഇബിലീസിനെ വട്ടംകറക്കിയ എം.കെ ഗാന്ധി സാർ!’; സെറ്റിലെ ചിരിനിമിഷങ്ങൾ ഓർത്തെടുത്ത് ആസിഫ് അലി

Rakhi Parvathy

Sub Editor

iblis-cover-img

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ ‘കാണാമുള്ളാൽ ഉൾനീറും നോവാണനുരാഗം’ എന്നു പാടി ഒരു ചോക്ലേറ്റ് പയ്യൻ നല്ല സ്റ്റൈലായി ഡാൻസ് ഒക്കെ ചെയ്യുകയാണ്. എവിടെയൊക്കെയോ കണ്ടെങ്കിലും മലയാളികൾ വീട്ടിലെ പയ്യൻ എന്ന നിലയിൽ ആസിഫ് അലി എന്ന നടനെ സ്വീകരിച്ചു തുടങ്ങിയത് ആ കുസൃതി നിറഞ്ഞ കഥാപാത്രത്തിലൂടെയാണ്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളും വേഷപ്പകർച്ചകളും. എങ്കിലും മുൻനിര നായകന്മാരിലേക്ക് ആസിഫ് അലിയെ അത്ര പെട്ടെന്ന് മലയാളി പ്രേക്ഷകർ പ്രതിഷ്ഠിച്ചില്ല. പിന്നീട് ഹണി ബീ വന്നപ്പോൾ മലയാളി യുവാക്കൾക്കിടയിലെ ‘മച്ചാൻ’ ആയി ആസിഫ്. അപ്പോഴും കുടുംബ സദസ്സുകൾക്കിടയിൽ ആസിഫിന് ന്യൂജെൻ നായകൻ എന്ന പേര് തന്നെ അങ്ങു നിന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിൽ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്ന് പ്രേക്ഷകർ പറഞ്ഞു. നന്മ നിറഞ്ഞ ഒരു കഥാപാത്രത്തിലൂടെ വീണ്ടും സൺഡേ ഹോളി ഡേയിൽ ആസിഫ് അവതരിച്ചു, വളരെ വ്യത്യസ്തമായ കഥാപാത്രവുമായി. ബിടെക്കിൽ മാസ് നായകനായി കയ്യടി നേടി. ഇപ്പോഴിതാ ഓമനക്കുട്ടന്റെ സംവിധായകൻ രോഹിതും ഒപ്പം അതേ ടീമും തികച്ചും വ്യത്യസ്തമായ ഒരു സിനിമയുമായി എ, ഇബിലീസ്. ആസിഫ് വനിത ഓൺലൈനോട് പറയുന്നു ആ മാജിക്കൽ റിയലിസം എങ്ങനെ ആദ്യമായി മലയാളി പ്രേക്ഷകർക്കു മുന്നിൽ എത്തുമെന്ന്. ഒപ്പം തന്റെ വിശേഷങ്ങളും.

iblis

ഇബിലീസ്’ ആ പേരിൽ തന്നെ വെറൈറ്റിയാണല്ലോ? എന്താണ് ചിത്രത്തിന്റെ പ്രത്യേകതകൾ?

ഇബിലീസ് ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി സിനിമയാണ്. ഒരു സാങ്കൽപ്പിക ഗ്രാമവും അവിടത്തെ കുറെ വിശ്വാസങ്ങളും അവിടുത്തെ കഥാപാത്രങ്ങൾ എന്നിവയൊക്കെയാണ് ഇബിലീസ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ചെയ്തതും രോഹിതിന്റെ ഒപ്പമാണ്. അതും ഒരു ഔട്ട് ഓഫ് ദി ബോക്സ് സിനിമ ആയിരുന്നു. ഇബിലീസ് പിറന്നതും ആ സൗഹൃദക്കൂട്ടിൽ നിന്നു തന്നെയാണ്. ഈ സിനിമയിൽ എഡിറ്റർ മാത്രമാണ് പുതിയ ടെക്നീഷ്യൻ. ഓമനക്കുട്ടനിൽ വളരെ ഇൻട്രോവെർട്ട് ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രോഹിതിന് വളരെ വ്യക്തത ഉണ്ടായിരുന്നു എങ്ങനെ ആയിരിക്കണം ഓമനക്കുട്ടൻ എന്നത്. സംസാരവും പെരുമാറ്റവും വരെ വ്യത്യസ്തം. ബി ടെക്കിനു ശേഷം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇബിലീസ്. ബിടെക്കിലെ ആനന്ദിൽ നിന്നും ഇബിലീസിലെ വൈശാഖൻ എന്ന നായകനിലേക്ക് എത്താൻ 12 വയസ്സാണ് കുറയ്ക്കേണ്ടിയിരുന്നത്. ഒരു പയ്യനിലേക്ക് എത്താൻ വേണ്ടി നടത്തിയ തയാറെടുപ്പും കഥാപാത്രത്തെ പഠിക്കലും എല്ലാം വളരെ ആവേശത്തോടെയാണ് അതുകൊണ്ടു ചെയ്തത്.

asif-makeover

എന്തൊക്കെയായിരുന്നു ആ തയാറെടുപ്പുകൾ?

ബി ടെക്കിന്റെ ആദ്യ ആഴ്ച മുതൽ ഡയറ്റും വർക്കൗട്ടും തുടങ്ങിയതാണ്. ബി ടെക് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞായിരുന്നു ഇബിലീസിന്റെ ഷൂട്ട്. 10 കിലോ ടാർഗറ്റ് വച്ചിട്ട് എട്ടു കിലോ വരെ വളരെ കഷ്ടപ്പെട്ട് കുറച്ചു. കൊല്ലംകോടാണ് സിനിമ ചെയ്തിരുന്നത്. 40 ഡിഗ്രി ചൂടിൽ ആയിരുന്നു ഈ കഷ്ടപ്പെട്ട ഡയറ്റ്. മൂന്നു മണിക്കൂറോളം എക്സർസൈസ്, ഭക്ഷണം രാവിലെ മധുരക്കിഴങ്ങ്, എഗ് വൈറ്റ്സ്, ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ചീര. എഗ് വൈറ്റ്സ്, വൈകിട്ട് ഒരു ഫുൾ ചിക്കൻ, എഗ് വൈറ്റ്സ്. ജ്യൂസു പോലും എനിക്ക് തരില്ല മധുരത്തിന്റെ അളവ് കയറാതിരിക്കാൻ . അങ്ങനെ മൂന്നു മണിക്കൂർ വർക്കൗട്ടും ഈ ഭക്ഷണ ക്രമവും കൊണ്ട് പതിയെ 8 കിലോ കുറച്ചു. പിന്നെ മീശയും താടിയും എടുത്ത് മേക്കപ്പ് ടെസ്റ്റിന് വന്നപ്പോൾ ഓകെ ആണ് എന്ന ഒരു സാറ്റിസ്ഫാക്‌ഷനുണ്ട്. ആ നിമിഷത്തിലാണ് ഡെഡിക്കേഷൻ എന്നതൊക്കെ സ്വയം തോന്നുന്നത്.

iblees-cover

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ?

ഭാവനയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അവളുമായി അടുത്തിടപഴകുമ്പോൾ സ്കൂൾ കാലം മുതൽ കൂട്ടു കൂടിയിരുന്ന ഫ്രണ്ടെന്ന ഫീൽ ആണ്. ഹണി ബി 2 വിൽ ‍ഞങ്ങൾ വഴക്കിടുന്ന സീൻ ഒക്കെ കണ്ട് നിങ്ങൾ ശരിക്കും വഴക്കിട്ടതാണോ എന്നു പോലും പലരും കരുതി. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും കാരണം അത്ര ബോണ്ടാണ് ഞങ്ങൾക്കുള്ളത്. പിന്നെ കൂട്ടുകാർക്കപ്പുറം കുറെ അനിയൻമാരാണ് ഇപ്പോൾ. ബാലു, ഗണപതി, അർജുൻ അശോകൻ, ശ്രീനാഥ് ഭാസി ഇവരൊക്കെ എന്റെ അനിയൻമാരാണ്. ഇവന്മാരുടെ ഒക്കെ കൂടെ സമയം ചെലവഴിക്കുമ്പോൾ അവരിൽ ഒരാളാകും ഞാനും. മന്താരം എന്ന സിനിമയിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് ബി ടെക്കിലെത്തിയപ്പോൾ ആ സൗഹൃദം ഒന്നു കൂടി കൂടിയെന്നു പറയാം. ബിടെക്കിന്റെ സമയത്ത് അർജുന്റെ ഒപ്പം സംസാരിച്ച് കുറെ അധികം സമയം ചെലവഴിച്ചത് ഇബിലീസിലെ എന്റെ കഥാപാത്രത്തിനു പോലും പലയിടത്തും സഹായകമാകുന്നതുപോലെ തോന്നി. ആ പ്രായക്കാരിലെ ഹൈപ്പർ ആക്റ്റിവിസവും കുസൃതിയുമൊക്കെ വൈശാഖനും വേണമായിരുന്നു.

ലാലുമായുള്ള കെമിസ്ട്രി ഇബിലീസിൽ?

കഴിഞ്ഞ ദിവസം ഒരു ട്രോൾ കണ്ടു. ഒരു നടനുമായി അച്ഛനായും അളിയനായും സുഹൃത്തായും വില്ലനായുമൊക്കെ അഭിനയിച്ച ഒരേ ഒരു നടനേ ഉള്ളു അത് ലാൽ സാർ ആണെന്ന്. ഞങ്ങൾക്ക് ഒരുമിച്ച് അത്രയധികം കഥാപാത്രങ്ങൾ വർക്കൗട്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ഭാഗ്യമായി കാണുന്നു. സോൾട്ട് ആ ൻഡ് പെപ്പർ എന്ന സിനിമ മുതൽ ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രിയുണ്ട്. ജീൻ പോളുമായും വളരെ ഫാമിലി അറ്റാച്ച്മെന്റ് ആണുള്ളത്.

ഇബിലീസിൽ മുത്തച്ഛനാണ് വൈശാഖന് എല്ലാം പഠിപ്പിച്ചു കൊടുക്കുന്നത്. അവർ തമ്മിലുള്ള പ്രത്യേക ബന്ധവും അതിൽ കാണാം. ഇതിന്റെ വൺലൈനു മുന്നേ തമിഴിൽ നിന്നൊക്കെ പലരെയും മനസ്സിൽ ഓർത്തിരുന്നു. എന്നാൽ വൺലൈൻ ആയപ്പോൾ ലാൽ സാർ ഓകെ എങ്കിൽ അതുമതി. മറ്റൊരാളെയും റീപ്രേസ് ചെയ്യാൻ ഞങ്ങൾക്കു തോന്നിയില്ല. ഭാഗ്യത്തിന് അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ ആദ്യം തന്നെ ഓകെ പറയുകയും ചെയ്തു.

അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷനും വളരെ വലുതാണ്. സഹോ എന്നു പറയുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിനു വേണ്ടി താടിയൊക്കെ ഒരു പ്രത്യേക രീതിയിൽ വച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇബിലീസിലെ താടിയും മുടിയും നീട്ടിയ കഥാപാത്രത്തിനായുള്ള മേക്കപ്പ്. മൂന്ന് മൂന്നര മണിക്കൂർ വേണം അത് അഴിക്കാനും ഇടാനും ഒക്കെ രാവിലെ മുതൽ രാത്രി വരെ ആ വേഷത്തിൽ അദ്ദേഹം കൊല്ലംകോട്ടെ ചൂടിൽ നിന്നതും.ആക്‌ഷൻ പറയുമ്പോൾ ഒരു അസ്വസ്ഥതയും കൂടാതെ വളരെ ഡെഡിക്കേറ്റഡ് ആയ ഒരു നടനായി നിൽക്കുകയു ചെയ്യുന്നതൊക്കെ വലിയ പാഠമായിട്ടാണു കാണുന്നത്.

ib-2

ഇബിലീസിന്റെ സെറ്റിലെ രസകരമായ അനുഭവം പങ്കുവയ്ക്കാമോ?

ഇബിലീസിന്റെ സെറ്റിൽ ഫുൾടൈം ഫൺ ആയിരുന്നു. ഞാനും ലാൽ സാറും ബെൻ സിനിമയിൽ ദേശീയ അവാർഡ് ഒക്കെ കിട്ടിയ ആദിശ് എന്ന പയ്യനും കൊണാപ്രി എന്നു വിളിക്കുന്ന പട്ടിയും എല്ലാ ഫ്രെയിമിലും ഉണ്ടാകും. അവൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും അവനാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന ‘വലിയ’ വർത്തമാനം പറയുന്ന ആൾ. ഒരു ദിവസം ഷൂട്ടിനിടയിലെ ഇടവേളയിൽ ഞങ്ങൾ ഒരുമിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് സംസാരമൊക്കെ കഴിഞ്ഞ് ഒരു സൈലൻസ് വന്നു. അപ്പോൾ അവൻ എന്നോട് ചോദിച്ചു: ‘‘ചേട്ടൻ പുസ്തകം വായിക്കാറുണ്ടോ?’’ ‘‘ഇല്ലെടാ ഉറക്കം വരും’’ എന്നു ഞാൻ. ‘‘എന്നാൽ ഞാൻ വായിക്കും’’ എന്നവൻ അപ്പോൾ ‘‘എന്ത് പുസ്തകമാ ഇപ്പോൾ വായിക്കുന്നത്’’ എന്ന് വലിയ കാര്യത്തെ ഞങ്ങൾ. ‘‘എംകെ ഗാന്ധി സാറിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’’ എന്നവൻ. പെട്ടെന്ന് ചിരി സഹിക്കാൻ വയ്യാതെ ഞാൻ ലാൽ സാറിനെ നോക്കി. സാർ ഈ പയ്യനെ എങ്ങനെ കളിയാക്കും എന്നു കരുതി വളരെ കഷ്ടപ്പെട്ട് ചിരി അടക്കിപ്പിടിച്ചിരിക്കുകയാണ്. പിന്നീട് സെറ്റിൽ ഞങ്ങൾ അവനെ ‘എം.കെ ഗാന്ധി സാർ’ എന്നാക്കി വിളി.

സ്വഭാവത്തിൽ ‘ഇബിലീസ്’ കയറാറുണ്ടോ?

ശരിക്കും ഇബിലീസ് കയറാറുണ്ട് ചിലസമയങ്ങളിൽ. കാരണം സെറ്റിൽ പോലും അത് പലരും കണ്ടിട്ടുണ്ട്. എല്ലാം റെഡിയായി ആക്‌ഷൻ പറയണമെങ്കിൽ എനിക്ക് സെറ്റിൽ പിൻഡ്രോപ് സൈലൻസ് വേണം. ആ നിശ്ശബ്ദത എന്റെ സ്വഭാവത്തിന്റെ, ശീലത്തിന്റെയൊക്കെ ഭാഗമാണ്. അപ്പോൾ ആരെങ്കിലും ഒച്ചവച്ചാൽ, ഫോൺ റിങ് ചെയ്താൽ ഒക്കെ ഞാൻ വല്ലാതെ കണ്ണു പൂട്ടി ചീത്ത വിളിക്കും. അറിയാതെ പ്രൊഡ്യൂസറിനോട് പോലും ഒരിക്കൽ ഫോൺ റിങ് ചെയ്തതിന് ചൂടായിട്ടുണ്ട്. അതല്ലാതെ കുറച്ചു ഹൈപ്പർ ആക്ടീവ് ആണെങ്കിലും ശാന്തസ്വഭാവമാണ് പൊതുവെ.

ib-3

പ്രേക്ഷകർക്കിടയിലേക്ക് ഇബിലീസ് എത്തുമ്പോൾ?

ഒരു പക്കാ ഫാന്റസി മൂവി ആയിട്ടു മാത്രമേ ആ സിനിമയെ കാണാവൂ എന്നതാണ് ആദ്യമായി പ്രേക്ഷകരോടു പറയാനുള്ളത്. മാജിക്കൽ റിയലിസവും കോമഡിയും ചേരുന്ന ഒരു വ്യത്യസ്ത സിനിമ. ഈ സിനിമയിൽ കാണിക്കുന്ന കാര്യങ്ങൾ നെഗറ്റീവ് ആണോ എന്നു നോക്കിയാൽ ചിലപ്പോൾ നെഗറ്റീവ് ആയിരിക്കും. ഇത്തരത്തിലുള്ള സിനിമകൾ തമിഴിലോ ഹോളിവുഡിലോ ആണെങ്കിൽ ആളുകൾ അക്സെപ്റ്റ് ചെയ്യും. പക്ഷേ, എന്തു കൊണ്ട് നമ്മുടെ സ്വന്തം സിനിമയിൽ. അവിടെയാണ് വ്യത്യാസം. നമ്മുടെ സിനിമയിലും ഇത്തരം പുതിയ രസകരമായ പരീക്ഷണങ്ങൾ വരണം. അങ്ങനെ സർപ്രൈസസ് നിറച്ച അപ്രതീക്ഷിതമായ സിനിമയാകും ഇതും. മറ്റൊരു ഇൻഡസ്ട്രിയെ നമുക്ക് കാണിക്കാം. മലയാളത്തിലും ഇത്തരം സിനിമചെയ്തു എന്ന്. ശരിക്കും ഇബിലീസിലെ പാട്ടു കണ്ട് വിജയ് സേതുപതി മഡോണയെ വിളിച്ച് നല്ല അഭിപ്രായങ്ങൾ പറ‍ഞ്ഞു.

ശരിക്കും ശബ്ദത്തിനു സംഗീതത്തിനും വളരെ പ്രാധാന്യമുള്ള സിനിമയിൽ ഡോൺ ആണ് സംഗീതവും ശബ്ദവും. വളരെ മനോഹരമായ പാട്ടുകളായിരിക്കും സിനിമ മലയാളത്തിന് നൽകുക. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായി അത് ഇപ്പോൾ തന്നെ മാറിക്കഴിഞ്ഞു.

മഡോണയുമായി ആദ്യമായി നായികാ നായകന്മാരാകുന്നു. നിങ്ങൾക്കിടയിലെ കെമിസ്ട്രി ?

വളരെ പക്വതയുള്ള എന്നാൽ വളരെ അധികം എളിമയോടെ പെരുമാറുന്ന ഒരു നായികയായിട്ടാണ് മഡോണയെ ‍ഞങ്ങൾക്കു തോന്നിയത്. തമിഴിലൊക്കെ പോയി വന്ന നടിയെന്നുള്ള ഭാവങ്ങളൊന്നുമില്ലാതെയാണ് മഡോണ ഞ‍ങ്ങൾക്കൊപ്പം നിന്നത്. റോപ്പിലൂടെ പിടിച്ചു കയറുന്ന രംഗങ്ങളും 40 ഡിഗ്രി ചൂടിലെ ഷൂട്ടിങ്ങും ഒക്കെ വളരെ സന്തോഷത്തോടെ തന്നെ മഡോണ ചെയ്തു.

ib-mid