Monday 06 January 2020 03:49 PM IST

സാന്റയുടെ പ്രിയപ്പെട്ട ഐസയുടെ ശബ്ദം സോ ക്യൂട്ട്! ബേബി മാനസയുടെ ശബ്ദമാകുന്നത് ഈ റേഡിയോ ജോക്കിയുടെ മകൾ

V.G. Nakul

Sub- Editor

i-1

മാജിക് കാണിച്ച് ഒരു ജീരക സോഡ ഉണ്ടാക്കി താ... വലിയ സാന്റാ ക്ലോസ് അല്ലേ... മുന്നിൽ ജീവനോടെ കിട്ടിയ സാന്റയോട് കൊച്ച് ഐസയുടെ ‘വലിയ’ ആവശ്യം കേട്ട് തീയറ്ററിൽ ഒരുമിട്ടു പൊട്ടുന്നത് ചിരിയുടെ ഒരായിരം അമിട്ടുകൾ. ‘മൈ സാന്റ’ ആസ്വദിച്ചു പുറത്തിറങ്ങിയ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്, ‘ആ കൊച്ചിന്റെ കിലുക്കാം പെട്ടി സംസാരം കേൾക്കാൻ എന്നാ രസമാ....’ സാന്റയുടെ പ്രിയപ്പെട്ട ഐസയായി ചെന്നൈയിൽ നിന്നുള്ള ബേബി മാനസ എന്ന ബാലതാരം തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അവളുടെ ശബ്ദമായി പ്രേക്ഷകരുടെ മനം കവർന്നത് മറ്റൊരു മിടുക്കി.

ഇവാന ജ്യോതിഷ് എന്ന സുന്ദരിക്കുട്ടിയാണ് മാനസയ്ക്കു വേണ്ടി ഡബ് ചെയ്തിരിക്കുന്നത്. റേഡിയോ മാംഗോയിലെ ആർജെ മഞ്ജുവിന്റെയും സ്റ്റോക്ക് അനലിസ്റ്റായ ജ്യോതിഷിന്റെയും രണ്ടാമത്തെ മകൾ. എറണാകുളം ടോക് എച്ച് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസുകാരി ഇവാന.

i5

‘‘വേറെ ഒരാൾക്ക് വേണ്ടി ഞാൻ ആദ്യായിട്ടാ ഡബ്ബ് ചെയ്യുന്നേ. മുമ്പ് ഞാൻ അഭിനയിച്ച സിനിമകൾക്കേ ഡബ് ചെയ്തിട്ടുള്ളൂ. ഡബ്ബിങ് ഇഷ്ടമാണെങ്കിലും എനിക്ക് അഭിനയിക്കാനാ കൂടുതൽ ഇഷ്ടം ...’’– വനിത ഓൺലൈനുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ഇവാന നയം വ്യക്തമാക്കി. ‘മൈ സാന്റ’യിൽ ശബ്ദം കൊടുക്കും മുമ്പേ രണ്ട് സിനിമകളില്‍ അഭിനയിച്ച് സ്വയം ഡബ്ബ് ചെയ്തിട്ടുമുണ്ട് ഈ മിടുക്കി.

i2

‘‘സിനിമ ഇറങ്ങും മുമ്പേ കൂട്ടുകാരോടൊക്കെ ഞാൻ സാന്റയെക്കുറിച്ച് പറഞ്ഞാരുന്നു. സിനിമ കണ്ടിട്ട് ടീച്ചേഴ്സും ഫ്രണ്ട്സും കൺഗ്രാറ്റ്സ് പറഞ്ഞു. ഡബ്ബിങ് രസമാരുന്നു. ആദ്യം പൊടിക്കൊക്കെ തെറ്റിയെങ്കിലും പിന്നെ ശരിയാക്കി. ഡബ്ബിങ് കാണാൻ വന്ന ദിലീപ് അങ്കിൾ മാച്ചിങ് വോയ്സ് എന്നു പറഞ്ഞു അഭിനന്ദിച്ചു.. പിന്നെ ഓഡിയോ ലോഞ്ചിനും കണ്ടു. അന്ന് എന്നെ വിളിച്ച് മാനസയെ പരിചയപ്പെടുത്തി’’.

സിനിമ കണ്ടിട്ട് ഗ്രാൻമ അടിപൊളി എന്നു പറഞ്ഞതാണ് ഇവാന തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കാണുന്നത്.

i3

‘‘ആദ്യമായാണ് അവൾ ഒരു സിനിമയിൽ മുഴുന്നീള വേഷത്തിന് ഡബ് ചെയ്യുന്നത്. മുമ്പ് എസ്രയിലും സെയ്ഫിലും മോൾ അഭിനയിച്ചിട്ടുണ്ട്. അതിൽ അവളാണ് ഡബ് ചെയ്തത്. മറ്റൊരാൾക്ക് വേണ്ടി ആദ്യമാണ്’’.– മകളെക്കുറിച്ച് ഇവാനയുടെ അമ്മ മഞ്ജു പറയുന്നു. റേഡിയോ ജോക്കിയായ മഞ്ജുവും മുമ്പ് ഡബിങ് ആർട്ടിസ്റ്റായിരുന്നു.

‘‘നിർമാതാവ് നിഷാദ് കോയ ഞങ്ങളുടെ അയൽക്കാരനാണ്. ഒരേ ഫ്ളാറ്റിലാണ് ഞങ്ങൾ താമസിക്കുന്നത്. ‘മൈ സാന്റ’ ഷൂട്ട് കഴിഞ്ഞ് കുറേ പേരെ വിളിച്ച് ഡബ് ചെയ്ത് നോക്കിയെങ്കിലും ശരിയായില്ല. അപ്പോഴാണ് നിഷാദിക്കയുടെ വൈഫ് പറഞ്ഞിട്ട് മോളെ വിളിച്ചത്. അവൾ പോയി രണ്ട് സീൻ ചെയ്ത് നോക്കിയപ്പോൾ അവർക്ക് ഇഷ്ടമായി. രണ്ട് ദിവസത്തെ വർക്ക് എന്നു പറഞ്ഞാണ് പോയത്. പക്ഷേ, തീർന്നത് 20 ദിവസം കൊണ്ടാണ്. വൈകുന്നേരം ക്ലാസിൽ നിന്നു വന്നാൽ നേരെ പോകുന്നത് ഡബിങ് സ്റ്റുഡിയോയിലേക്കാണ്. കുറച്ച് ദിവസം പനിയായി. തൊണ്ട സുഖമില്ലാതായി. മോള് വലിയ ഹാപ്പിയായിരുന്നു. കഥയൊക്കെ മൊത്തം കേട്ടിട്ടാണ് അവൾ ഡബ്ബ് ചെയ്തത്. അത് വർക്ക് കുറച്ചു കൂടി എളുപ്പമാക്കി. ചിരിക്കുന്ന സീൻ വരുമ്പോൾ ഞാൻ അടുത്തിരുന്ന് ഇക്കിളിയാക്കിക്കൊടുക്കും. ചിലത് മാത്രം കുറച്ച് പാടായിരുന്നു. മാനസി കുറച്ച് ഫാസ്റ്റാണ്, തമിഴും. അപ്പോൾ ലിപ് അഡ്ജസ്റ്റ് ചെയ്യണമായിരുന്നു. അതിൽ ഒരു സീനിൽ കുട്ടി കഥ പറയുന്ന ഡയലോഗ് കാണാപാഠം പഠിച്ചിട്ടാണ് പൂർത്തിയാക്കിയത്. മോൾ ആണ് ചെയ്തത് എന്ന് അറിയാവുന്നവരൊക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു.

i4

അഭിനയിക്കാന്‍ വേണ്ടിയുള്ള കരച്ചിൽ

മോൾക്ക് അഭിനയിക്കാൻ വലിയ താൽപര്യമാണ്. ഒരു ദിവസം ഫെയ്സ്ബുക്കിൽ രാജ് കുമാർ സന്തോഷിയുടെ ഫെയ്ക്ക് അക്കൗണ്ടിൽ നിന്ന് എനിക്ക് ഒരു മെസേജ് വന്നു, അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്നു ചോദിച്ച്. ഫെയ്ക്ക് ആണെന്ന് മനസ്സിലായപ്പോൾ ഞാൻ റിപ്ലേ ചെയ്തില്ല. അത് ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ, അമ്മാ എന്റെ പേര് പറ, എനിക്ക് അഭിനയിക്കണം എന്ന് പറഞ്ഞ് വലിയ കരച്ചിലായിരുന്നു. സ്കൂളിലും വലിയ ആക്ടീവാണ്. അവളഉടെ ചേച്ചി ഇഷിക 9–ാം ക്ലാസിലാണ് പഠിക്കുന്നത്. കക്ഷിക്ക് ഡാൻസാണ് പാഷൻ. സ്കൂളിലെ ക്രിസ്മസ് സെലിബ്രേഷന് സിനിമയിലെ ഡയലോഗ്സ് ഒക്കെ വച്ച് മോളൊരു സ്കിറ്റ് ചെയ്തിരുന്നു.

ക്രിസ്മസ് റിലീസുകളിൽ,‘മൈ സാന്റ’യെ കുടുംബപ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സാന്റയായി ദിലീപും സാന്റയുടെ മാലാഖക്കുട്ടി ഐസയായി ബേബി മാനസയും കയ്യടി നേടുമ്പോൾ ഇവാനയും അഭിമാനിക്കുന്നു, കാരണം അവളാണ് സാന്റയെ കയ്യിലെടുക്കുന്ന ശബ്ദം.