Saturday 05 January 2019 03:23 PM IST : By സ്വന്തം ലേഖകൻ

അമ്പിളിച്ചേട്ടന് ജൻമദിനാശംസകളുമായി സ്വന്തം ലാൽ; നടന വൈഭവത്തിന് ഇന്ന് 68–ാം പിറന്നാൾ

jagathy-new

മലയാള സിനിമയുടെ ചിരിനിറവാണ് ജഗതി ശ്രീകുമാർ. സിനിമയിൽ കുറച്ചു കാലമായി സജീവമല്ലെങ്കിലും ജഗതിച്ചിരിയുടെ സാമീപ്യമില്ലാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല. മലയാളത്തിന്റെ ഈ അനുഗ്രഹീത നടന വൈഭവത്തിന് ഇന്ന് 68–ാം ജന്മദിനമാണ്. പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് ജന്മദിനാശംസകളുമായി താരരാജാവ് മോഹൻലാലുൾപ്പടെ നിരവധി പേർ രംഗത്തെത്തി.

ഒരുമിച്ചുള്ള ചിത്രം സഹിതമാണ് ഫെയ്സ്ബുക്കിൽ മോഹൻലാൽ ജഗതിയ്ക്ക് പിറന്നാളാംശംസ നേർന്നത്. ജഗതി-മോഹന്‍ലാല്‍ കോംബോയിൽ മലയാളിയെ തേടിയെത്തിയതൊക്കെ ഒരിക്കലും മറക്കാനാകാത്ത കുറേ സിനിമകളും രംഗങ്ങളുമാണ്. കിലുക്കവും യോദ്ധയും മിന്നാരവും ഹലോയും പിൻഗാമിയുമൊക്കെ എത്ര കണ്ടാലാണ് മടുക്കുക. കിലുക്കത്തിലെ ജോജിയും നിശ്ചലും പോലെ മറ്റൊരു കോമഡി കോംബോ മലയാളത്തിലുണ്ടായിട്ടില്ല. ‘യോദ്ധ’യിലെ തൈപറമ്പില്‍ അശോകനായി മോഹന്‍ലാലും അരശുംമൂട്ടില്‍ അപ്പുക്കുട്ടനായി ജഗതി ശ്രീകുമാറും സ്ക്രീനിൽ നിറച്ച പ്രസരിപ്പ് മറ്റൊരാൾക്കുമവകാശപ്പെടാനാകാത്തതാണ്. താളവട്ടം, കിരീടം തുടങ്ങി ആ ലിസ്റ്റ് നീണ്ടു പോകുന്നു....

എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന, പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5 - നു തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ മാത്രമായി 1500ഓളം ചിത്രങ്ങളില്‍ അദ്ദേഹം നിരവധിയനവധി കഥാപാത്രങ്ങൾ കെട്ടിയാടി. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം.

മൂന്നാം വയസ്സില്‍, ജഗതി എന്‍ കെ ആചാരിയുടെ തിരക്കഥയിൽ ‘അച്ഛനും മകനും’ എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്കുള്ള വരവ്. ‘ചട്ടമ്പി കല്യാണി’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ചുരുങ്ങിയ കാലത്തിനിടെ ഒരു ഹാസ്യതാരം എന്നതിൽ നിന്നും മലയാള സിനിമയിലെ മികച്ച നടൻമാരിലൊരാളായി ജഗതി വളർന്നു. കാലങ്ങളായി മലയാള സിനിമയിൽ ഹാസ്യത്തിന്റെ പര്യായമാണ് ജഗതി. സിനിമ പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നത് മറ്റൊരു കൗതുകം. സ്വഭാവനടനായും വില്ലനായുമെല്ലാം ജഗതിയെ മലയാളി സ്ക്രീനിൽ കണ്ടു.

2012 മാര്‍ച്ച് 10 ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതിയ്ക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോൾ അദ്ദേഹം പൂര്‍ണ്ണമായ ആരോഗ്യത്തിലേക്കു മടങ്ങി വരുകയാണ്.