Monday 26 September 2022 09:08 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്‌’: കരച്ചിലടക്കാനാകാതെ ജോജു: വിഡിയോ

joju

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചതിനു ശേഷം പുരസ്കാര ദാന വേദിയില്‍ സംസാരിക്കവേ വികാരാധീനനായി നടൻ ജോജു ജോർജ്.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്‌. എവിടുന്നോ തുടങ്ങിയ യാത്ര ഇവിടെ വരെ എത്തിക്കാൻ സാധിച്ചു. ഇതിനിടയിൽ ഒരുപാട് പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കാനായി. ഓരോന്നും ഓരോ പാഠങ്ങളായിരുന്നു. മമ്മൂക്ക, ബിജുവേട്ടൻ തുടങ്ങി എല്ലാവരുടെയും സഹായമുണ്ടായിരുന്നു. പല ചിത്രങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ട എന്നും എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. അവരോടെല്ലാവരോടും ഈയവസരത്തിൽ നന്ദി പറയുന്നു. എനിക്ക് ഇതിലും വലിയൊരു നേട്ടം സ്വന്തമാക്കാനാകുമോയെന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി’.– താരം പറഞ്ഞു. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ച് പ്രസംഗം പാതിയിൽ നിർത്തി താരം നിറകണ്ണുകളോടെ വേദി വിടുകയായിരുന്നു.

നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിന് പുരസ്കാരം ലഭിച്ചത്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ജോജുവിനൊപ്പം ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.