Tuesday 07 April 2020 01:34 PM IST

’കലിംഗ തീയറ്റേഴ്സിൽ അഭിനയിക്കാതെ ചന്ദ്രകുമാർ കലിംഗ ശശിയായി’ സുഹൃത്തിന്റെ ഓർമയിൽ ജോയ് മാത്യു

Vijeesh Gopinath

Senior Sub Editor

joy5567i

നാടക രംഗത്തുള്ളപ്പോഴേ ശശിയെ എനിക്കറിയാം. നാടക വേദികളിലും കോഴിക്കോടിന്റെ വഴിയരികുകളിൽ വച്ചും പലപ്പോഴായി ശശിയെ ഞാൻ കണ്ടിട്ടുണ്ട്,സിനിമയിലെത്തുന്നതിന് എത്രയോ വർഷം മുൻപ്.

ചന്ദ്രകുമാർ എന്നായിരുന്നു ശശിയുടെ യഥാർത്ഥ പേര്. വീട്ടുകാരും ചങ്ങാതിമാരും ശശി എന്ന് വിളിച്ചു തുടങ്ങി. നാടകത്തിലും ആ പേരു തന്നെയായിരുന്നു ചന്ദ്ര കുമാറിന്. സ്റ്റേജ് ഇന്ത്യ യുടെ നാടകങ്ങളിലൂടെയാണ് ശശി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങി ചെന്നത്. സ്റ്റേജ് ഇന്ത്യയുടെ സാരഥിയായ വിക്രമൻ നായർ ശശിയുടെ അമ്മാവനായിരുന്നു.പക്ഷേ അത്ഭുതം അതല്ല... കലിംഗ തീയറ്റേഴ്സിന്റെ ഒരു നാടകത്തിൽ പോലും ശശി അഭിനയിച്ചിട്ടില്ല.. എന്നിട്ടും കലിംഗ ശശി എന്ന പേര് ചന്ദ്രകുമാറിന് വന്നുചേർന്നു. പിന്നീട് അത് തിരുത്താനും പോയില്ല...

ഒരു പ്രത്യേക മുഖം ഉള്ള ആളാണ് ശശി. എല്ലാ നടന്മാരെയും പോലെയും അല്ല, ഇദ്ദേഹത്തിന്റെ കൈമുതൽ ആ മുഖം ആയിരുന്നു. പിന്നെ അഭിനയിക്കാനുള്ള കഴിവും. അത് രണ്ടും ചേർന്നപ്പോൾ ചന്ദ്രകുമാർ ശശി കലിംഗ ആയി...

joyyhbhvufd

ജീവിക്കാനുള്ള ഒഴുക്കിൽ ഞാൻ കുറച്ചുകാലം കോഴിക്കോട് വിട്ടു. ദുബായിൽ മാധ്യമ പ്രവർത്തകൻ ആയിരുന്ന കാലം. ഗദ്ദാമ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. കമലിന്റെ ഒരു ഇന്റർവ്യൂ കിട്ടുമോ എന്നറിയാൻ ലൊക്കേഷനിൽ ചെല്ലുമ്പോൾ ശശി അവിടെയുണ്ടായിരുന്നു. പതിവുപോലെ ആർക്കും ശല്യമില്ലാതെ നിശബ്ദനായി...

അപ്പോഴേക്കും പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ ശശിയെ പ്രശസ്തനാക്കിയിരുന്നു.

പിന്നീട് ആമേനിന്റെ ലൊക്കേഷനിൽ വച്ചാണ് ശശിയെ കാണുന്നത്. അതിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് . ഞാനന്ന് കാക്കനാട് ആണ് താമസിച്ചിരുന്നത് അതിനടുത്താണ് ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ. അങ്ങനെ ഷൂട്ടിങ്ങിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരേ കാറിൽ 25 ദിവസത്തോളം ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു. കോഴിക്കോടും പഴയ നാടക ഓർമ്മകളും ആ ദിവസങ്ങളിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു... പിന്നീട് പത്തോളം സിനിമകളിൽ ഒന്നിച്ചു.

കോഴിക്കോട് ഞങ്ങൾക്ക് മെയിൻ ഫ്രെയിം എന്ന കൂട്ടായ്മ ഉണ്ട്... അഭിനയം, നാടകം, സിനിമ, ഇതൊക്കെ സ്നേഹിക്കുന്നവരുടെ കൂട്ടം. ഞാനും ശശിയും എല്ലാം അതിൽ അംഗമായിരുന്നു. അതിന്റെ മുപ്പതാം വാർഷികാഘോഷത്തിൽ ശശിയും വന്നിരുന്നു ....ഒരു പേരോ നടൻ എന്ന അംഗീകാരമോ ശശിയെ ഒരിക്കലും സ്വാധീനിച്ചില്ല. സിനിമാ താരമായി കഴിഞ്ഞും കോഴിക്കോട്ടെ തെരുവിലൂടെ ശശി അലഞ്ഞു കൊണ്ടേയിരുന്നു. അവസാന നിമിഷം വരെ താൻ ഒരു സിനിമ നടൻ ആണെന്ന് അവനു തോന്നിയില്ല... ആ തോന്നൽ ഇല്ലാത്തതുകൊണ്ടാണ് സെൽഫി എടുക്കാൻ വരുന്നവരെ ശശി ഓടിച്ചു വിട്ടത്...

സെലിബ്രിറ്റി കുപ്പായത്തിനപ്പുറം  ഒരു മനുഷ്യൻ മാത്രമായിരുന്നു എന്നും അവൻ...