Thursday 08 February 2024 12:55 PM IST

‘പപ്പയുടെ ആ വാക്കുകൾ കേട്ട് കരഞ്ഞുപോയി...’: താരിണിയെ അമ്മയ്ക്ക് പരിചയപ്പെടുത്തിയ നിമിഷം: കാളിദാസ് പറയുന്നു

V.G. Nakul

Senior Content Editor, Vanitha Online

tarini

മൈസൂരിൽ നിന്നു മസനഗുഡിയിലേക്കാണു യാത്ര. താരിണിയുടെ നാട് അവിടെയാണ്. മഞ്ഞു കൂട്ടിനെത്തിയ വ ഴിയിലൂടെ നീങ്ങുമ്പോൾ സിനിമയിലെന്ന പോലെ ഒരു രംഗം ഞാൻ പ്ലാൻ ചെയ്തു. മസനഗുഡിയിലെത്തുന്നു, ഞങ്ങൾ കാട്ടിൽ ട്രക്കിങ്ങിനു പോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ ഒരു മോതിരം സമ്മാനിച്ച് പ്രപ്പോസ് ചെയ്യുന്നു.’’ കാളിദാസ് വിഷ്വൽ മുഴുമിപ്പിക്കും മുൻപേ താരിണി ചോദിച്ചു. ‘‘ഇനി ഞാൻ പറയട്ടെ’’. അതുകേട്ട് കാളിദാസ് ചോക്‌ലെറ്റിനേക്കാൾ മധുരത്തോടെ ചിരിച്ചു.

‘‘സെപ്റ്റംബർ നാലിന് ആയിരുന്നു വിവാഹനിശ്ചയം. അതിനു രണ്ടു മാസം മുൻപായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എടുത്തോ. കുറച്ച് ഫോട്ടോസ് എടുക്കാമെന്നു കണ്ണൻ പറഞ്ഞെങ്കിലും ആളുടെ മനസ്സിലെ തിരക്കഥ മനസ്സിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആൽമരത്തിനു താഴെയെത്തിയപ്പോൾ കണ്ണൻ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു. ഒരു നിമിഷത്തേക്ക് എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പെട്ടെന്നാണു പിന്നിൽ ആനയുടെ ചിന്നംവിളി കേട്ടത്. അതോടെ ഒറ്റ ഒാട്ടമായിരുന്നു.’’ താരിണി ചിരിക്കുന്നു.

‘‘മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം ‘യെസ്’ ആയി ഞാൻ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയതു പിന്നെയാണ്’’ കാളിദാസ്.

രണ്ടു വർഷം മുൻപ് ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജയറാമിനും പാർവതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമുള്ള സുന്ദരിക്കുട്ടി ആ രെന്ന ചോദ്യം ആരാധകരുടെ മനസ്സിലുയർന്നു.

ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങളിലൂടെ കാളിദാസ് ലോകത്തോടു പറയാതെ പറഞ്ഞു, ‘ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി, താരിണി കലിങ്കരായർ.’

ദുബായില്‍ താരിണിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കാളിദാസ് പോസ്റ്റ് ചെയ്തതിനു താഴെ മാളവിക ‘ഹ ലോ ഹബീബീസ്’ എന്നു കുറിച്ചപ്പോൾ, ‘എന്റെ കുട്ടികള്‍’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ താരിണിയും പങ്കുവച്ചു.

മസനഗുഡി സ്വദേശിനിയായ താരിണി പഠിച്ചതും വളർന്നതും ചെന്നൈയിൽ. മോഡലും മിസ് യൂണിവേഴ്സ് ഇ ന്ത്യ 2021 ൽ റണ്ണർ അപ്പും ആണ്. ഫൊട്ടോഗ്രഫിയാണു മ റ്റൊരു ഇഷ്ട മേഖല.

കാളിദാസ്: 2021 ഡിസംബർ നാലിനാണ്. ഒരു സുഹ‍ൃത്തിന്റെ ഗെറ്റ് ടുഗദറിനു ‌താരിണിയെ ആദ്യം കാണുന്നത്. ക ണ്ടപ്പോഴേ, എനിക്കു മിണ്ടണമെന്നു തോന്നി. അതെങ്ങനെ വിശദീകരിക്കണമെന്നറിയില്ല. അന്നു പരിചയപ്പെട്ടെങ്കിലും കൂടുതൽ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടു. അതിനുശേഷം ഞാൻ ന്യൂ ഇയര്‍ ഗെറ്റ് ടുഗദർ സംഘടിപ്പിച്ചപ്പോൾ താരിണി വന്നു. എല്ലാവരും പുതുവർഷം ആ ഘോഷിക്കുമ്പോൾ, ഞങ്ങൾ ആ രാത്രി മുഴുവൻ, രാവിലെ ആറു മണി വരെ, സംസാരിച്ചുകൊണ്ടിരുന്നു.

താരിണി: കണ്ണന്റെ മനസ്സിൽ ഇഷ്ടമുണ്ടെന്നു സംസാരിച്ചു തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ എനിക്കു മനസ്സിലായി. ഇനിയുള്ള ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ടു പോകാം എ ന്നു തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷേ, പരിചയപ്പെട്ടു പത്തു പന്ത്രണ്ടു ദിവസമായപ്പോഴേക്കും രണ്ടാ ൾക്കും അങ്ങനെ തോന്നിത്തുടങ്ങി.

kalidas

കാളിദാസ്: ഒരു പ്രണയബന്ധം വളരണമെങ്കിൽ രണ്ടു വ ശത്തു നിന്നും താൽപര്യവും ശ്രമവുമുണ്ടാകണം. എനിക്കുള്ള ഇഷ്ടം താരിണിക്ക് എന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലെപ്പോലെ ‘ഐ ലവ് യൂ’ പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാൾക്കും മനസ്സിലായി, ഇഷ്ടമാണെന്ന്.

താരിണി: യാത്ര, ഭക്ഷണം, വൈൽഡ് ലൈഫ്... എന്റെയും കണ്ണന്റെയും ഇഷ്ടങ്ങൾ കൂടുതലും സമാനമാണ്. അതുകൊണ്ടുതന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരസ്പരം സംസാരിക്കാം. നല്ല സുഹൃത്തുക്കളാണു ഞങ്ങൾ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ, മറ്റൊരാളെ ജീവിതപങ്കാളിയായി സങ്കൽപിക്കാനാകില്ലെന്നായി.

ചക്കിയുടെ ചാരപ്രവർത്തനം

കാളിദാസ്: വീട്ടിൽ ഞാൻ പറയുന്നതിനു മുൻപേ ചക്കി കണ്ടുപിടിച്ചു. അപ്പോൾ തന്നെ വീട്ടിലേക്കു ചോർത്തുകയും ചെയ്തു. ഞങ്ങൾ സംസാരിച്ചു തുടങ്ങിയ കാലത്തു ഞാൻ ഉപയോഗിച്ചിരുന്നതു ചക്കിയുടെ കാറാണ്. ബ്ലൂടൂത് കണക്ടഡായിരുന്നു.

കോൾ വന്നപ്പോൾ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷേ, ഒരു ഭാവഭേദവും കാണിച്ചില്ല. പിന്നീട് ‘വിക്രം’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന്, എനിക്ക് ഒരാളെ ഇഷ്ടമാണെന്നു ഞാന്‍ പറഞ്ഞു. കുറച്ച് അദ്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോടു അമ്മ ചോദിച്ചു. ‘താരിണിയല്ലേ.’

ഞാൻ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവർക്കും സമ്മതം. താരിണിയുടെ വീട്ടിൽ പ്രണയം നേരത്തേ തന്നെ അറിഞ്ഞിരുന്നു. സിനിമയുമായി ബന്ധമുള്ള കുടുംബ‌മാണ് അവരുടേത്. അച്ഛൻ ഹരിഹർരാജ് പഴയ നായകനടനാണ്. ഇപ്പോൾ സിനിമയൊക്കെ വിട്ടു മസനഗുഡിയിൽ താമസം. അവരുടെ ബന്ധുവാണ് നടൻ സത്യരാജ്. അമ്മ ആരതി റിലയൻസ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥയാണ്. അനിയത്തി ശിവാനി അഭിഭാഷക. താരിണിക്ക് സിനിമ ഏറെ ഇഷ്ടമാണെങ്കിലും അഭിനയത്തിൽ താൽപര്യമില്ല. അത്ര തിരക്ക് പറ്റില്ലെന്നാണു പറയുന്നത്.

താരിണി: കണ്ണന്‍ വന്നശേഷം എന്റെ ജീവിതം മാറി. കണ്ണനെ പരിചയപ്പെട്ട ശേഷം ഒരു ദിവസം പോലും ഞാൻ സങ്കടപ്പെട്ടിരുന്നിട്ടില്ല. അതൊരു മാജിക് പോലെയാണ്.

കാളിദാസ്: നമ്മൾ ഹാപ്പിയായി ഇരിക്കുക. അപ്പോൾ ഒപ്പമുള്ളവരെയും ഹാപ്പിയാക്കാം. നമ്മുടെ മുൻപിലേക്ക് ഒാരോ ദിവസവും കുറേ കാര്യങ്ങൾ വരും. എല്ലാം ചിലപ്പോൾ വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. അതേക്കുറിച്ചു കൂടുതൽ ചിന്തിച്ചു വിഷമിച്ചിട്ടു കാര്യമൊന്നുമില്ല. പരിഹരിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക. അനാവശ്യമായി ജീവിതം സങ്കീർണമാക്കാതിരിക്കുക. അതേയുള്ളൂ ഞാൻ മനസ്സിലാക്കിയ സന്തോഷത്തിന്റെ മാജിക്.

അപ്പയുടെ വാക്കും പിന്നാലെ പാട്ടും

കാളിദാസ്: വിവാഹനിശ്ചയത്തിന് അപ്പ എന്നെക്കുറിച്ചു സംസാരിച്ചതു കേട്ടപ്പോൾ മനസ്സിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നുപോയി. അതാണു കരഞ്ഞത്. അപ്പയും അമ്മയുമൊക്കെ എനിക്കെത്രത്തോളം പ്രാധാന്യം തരുന്നുവെന്നു മനസ്സിലാകുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.

ഞാൻ ജനിച്ചശേഷം ആദ്യം എന്നെ എടുത്തത് അപ്പ യാണ്. അതെല്ലാം നേരത്തെ അറിയാമെങ്കിലും പെട്ടെന്ന് വീണ്ടും കേട്ടപ്പോൾ... പിന്നിൽ ഡിജെയായി ‘ചെല്ലക്കാറ്റേ...’ യുടെ ബിജിഎമ്മും. മൊത്തത്തിൽ കയ്യീന്നു പോയി.

ഞാനും താരിണിയും കുടുംബത്തിനു വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. ഞങ്ങൾ അടുക്കാനുള്ള ഒരു പ്രധാന കാരണവും അതാണ്.

ഇഷ്ടം രണ്ടു വീട്ടുകാരെയും ബോധ്യപ്പെടുത്തി മുന്നോട്ടു പോകണമെന്നതായിരുന്നു മോഹം. പങ്കാളിക്ക് എന്റെ കുടുംബവുമായി നല്ല ബോണ്ട് ഉണ്ടാകണം എന്നതും വലിയ ആഗ്രഹമായിരുന്നു. അതെല്ലാം സാധിച്ചു. ആം വെരി വെരി ഹാപ്പി.

താരിണി: സത്യത്തിൽ, മലയാളി കുടുംബത്തിലേക്കു വരുന്നതിന്റെതായ കൾച്ചറൽ ഡിഫറൻസ് പ്രശ്നമാകുമോ എ ന്ന ടെൻഷനുണ്ടായിരുന്നു. മാത്രമല്ല, ഒരു സ്റ്റാർ ഫാമിലിയുമാണ്. പക്ഷേ, അതൊന്നും ബാധിച്ചതേയില്ല.

കാളിദാസ്: താരിണിയുടെ പ്ലസ് പോയിന്റും അതാണ്. ഒരു ഗ്രൂപ്പിനൊപ്പം വളരെ അനായാസം ഇഴുകിച്ചേരും. വീട്ടിൽ ചിലപ്പോൾ ഞങ്ങളെല്ലാവരും കൂടി മലയാളത്തിലിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും.

kalidas

പെട്ടെന്നാണ്, ‘അയ്യോ താരിണിക്കു മനസ്സിലാകില്ലല്ലോ’ എന്നു ചിന്തിക്കുക. പക്ഷേ, ഇപ്പോൾ മലയാളം കേട്ടാൽ മനസ്സിലാകും. സംസാരിക്കാനും പഠിച്ചു. താരിണിയുമൊത്തു കേരളം ചുറ്റിക്കറങ്ങണമെന്നൊരു മോഹമുണ്ട്.

താരിണി: എന്റെ മലയാളം അത്ര നല്ലതല്ല. കേട്ടാൽ മനസ്സിലാകും. ഈ പറയുന്ന മലയാളം ഒന്നര വർഷം കൊണ്ടു പ ഠിച്ചതാണ്. കണ്ണന്‍ തന്നെയായിരുന്നു ഗുരു.

ചക്കി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞങ്ങളൊരുമിക്കുമ്പോൾ കണ്ണനിട്ട് പണി കൊടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. മിക്ക ദിവസവും എന്തെങ്കിലും പ്രാങ്ക് ഒപ്പിക്കും.

കാളിദാസ്: ഇപ്പോൾ അപ്പയും അമ്മയും ചക്കിയും താരിണിയും ഒരു സംഘം ആണ്. ഞാൻ ഇവിടുത്തെ മകനാണോ അതോ മരുമകനാണോ എന്നു തോന്നും.

സ്നേഹവീട്ടിലെ ലിറ്റിൽ

കാളിദാസ്: വീട്ടിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ എന്ന പരിഗണനയോടെ, താരിണിക്ക് ‘ലിറ്റിൽ’ എന്ന ചെല്ലപ്പേരിട്ടത് ചക്കിയാണ്. താരിണിയുടെ വീട്ടിൽ ‘താരു’ എന്നാണു വിളിക്കുന്നത്. ‘കുഞ്ചൂ’ന്നും ‘ബേബ്’ എന്നുമൊക്കെ ഞാ ൻ അപ്പപ്പോൾ തോന്നുന്ന പേരുകള്‍ വിളിക്കും. ലിറ്റിൽ താരിണിക്കും ഏറെ ഇഷ്ടമുള്ള പേരാണ്. ഇപ്പോൾ ബന്ധുക്കളും സുഹ‍ൃത്തുക്കളുമൊക്കെ ചോദിക്കുന്നത് ‘ലിറ്റിലിന് സുഖമാണോ...’ എന്നാണ്.

താരിണി: ഞാൻ കണ്ണനെ ‘തങ്കം’ എന്നാണ് വിളിക്കുക. ത ൽക്കാലം ഈ പേരു മാത്രമേ പറയുന്നുള്ളൂ.

കാളിദാസ്: ഓണത്തിന് താരിണി വീട്ടിൽ വന്നു. ഞങ്ങൾ അടുപ്പത്തിലായിട്ട് അപ്പോഴേക്കും ഒരു വർഷം കഴിഞ്ഞിരുന്നു. ഫോട്ടോസ് എടുത്തപ്പോൾ ഞാൻ കരുതി, എന്തായാലും ഒരു ദിവസം ലോകത്തോടു തുറന്നു പറയണം, എങ്കിൽ പിന്നെ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടാം എന്ന്. ഫോട്ടോ വന്നതോടെ ആളെക്കുറിച്ച് അന്വേഷണങ്ങൾ തുടങ്ങി. അ ടുത്ത ദിവസം വാർത്തയായി.

kalidas-tarini

പിന്നീട് എനിക്ക് ലണ്ടനിൽ ബാലാജി മോഹന്റെ സിനി മയുടെ ഷൂട്ട് ഉണ്ടായിരുന്നു. ഒരു ഇടവേള വന്നപ്പോൾ ദുബായിലേക്ക് പോയി. താരിണിയും ദുബായിലേക്കെത്തി. ആ ഫോട്ടോസും വിഡിയോസും പോസ്റ്റ് ചെയ്തു.

ലണ്ടനിൽ വരുമ്പോൾ ജാക്കറ്റ് കൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞിരുന്നതാണ്. ‘ഊട്ടിയിലും മസനഗുഡിയിലുമൊക്കെ ജീവിച്ച എനിക്കെന്ത് തണുപ്പ്’ എന്നായിരുന്നു താരിണിയുടെ ഭാവം. പക്ഷേ, പണി പാളി. അതോടെ എന്റെ ജാക്കറ്റെല്ലാം പോയി.

ഒരു ദിവസം രാത്രി പന്ത്രണ്ട്, ഒരു മണിയൊക്കെയായപ്പോൾ വിശന്നു. ലണ്ടനിൽ കടകളെല്ലാം ഏകദേശം പത്ത് മണിയോടെ അടയ്ക്കും. യാതൊരു വഴിയുമില്ല. ഗതി കെട്ട പ്പോൾ സുഹൃത്തായ മലയാളി ഷെഫിനെ വിളിച്ചു. അദ്ദേഹം രണ്ടു മണിക്കൂർ കാർ ഓടിച്ചു വന്ന്, ചോറും മീൻകറിയും പുളിശ്ശേരിയും പപ്പടവും കൊണ്ടുത്തന്നു.

ബർഗറും സാൻവിച്ചും കഴിച്ച് മരവിച്ചിരുന്ന നാക്കും മനസ്സും ഉണർന്നു. ലോകത്തെവിടെ ആയാലും ഇത്തിരി ചോ റ്, സ്വൽപം മീൻകറി, പപ്പടം, പുളിശ്ശേരി. അതിനേക്കാൾ വലിയ സന്തോഷം മറ്റെന്താണ്?

താരിണി : ഞങ്ങളെ തമ്മിൽ ഏറ്റവും അടുപ്പിക്കുന്ന ഒരു സംഗതി ഭക്ഷണമാണ്. ഒഴിവു സമയങ്ങളിലെ പ്രധാന പരിപാടി പുറത്തു പോയി ഭക്ഷണം കഴിക്കലാണ്.

കാളിദാസ് : താരിണി മധുരത്തിന്റെ ആളാണ്. 13 ഗുലാബ് ജാമുൻ ഒറ്റയിരുപ്പിൽ‌ കഴിക്കും. നമ്മൾ വെറും പച്ചവെള്ളം കുടിച്ചാലേ വയറു കൂടും.

താരിണി : എന്റെ ശരീരപ്രകൃതി ഇങ്ങനെയാണ്. അല്ലാതെ ഡയറ്റ് പ്ലാൻസ് ഒന്നുമില്ല.

കണ്ണാ, കല്യാണമെപ്പോൾ?

കാളിദാസ്: കല്യാണനിശ്ചയത്തിന്റെ ഡെക്കോർ ചെയ്തത് നടി അപർണ ബാലമുരളിയാണ്. പ്ലാനിങ് അപർണയും താരിണിയും ചേർന്നായിരുന്നു. വിവാഹ തീയതി കൃത്യമായ പ്ലാൻ ആയിട്ടില്ല. സമയമാകുമ്പോൾ പറയാം.

വി.ജി. നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ