Tuesday 12 June 2018 10:34 AM IST : By സ്വന്തം ലേഖകൻ

‘വിശ്വരൂപം പൂണ്ട് ഉലകനായകൻ’; കമൽഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ‘വിശ്വരൂപം രണ്ടിന്റെ’ ട്രെയിലറെത്തി–വിഡിയോ

v2

കാത്തിരിപ്പുകൾക്ക് വിരാമം. ഉലകനായകൻ കമൽഹാസന്റെ ‘വിശ്വരൂപം അവതാരത്തിനായി’ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷവാർത്ത. വിശ്വരൂപം രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. 2013ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർച്ചയാണിത്.

ഒരു മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷനും കമൽഹാസന്റെ തകർപ്പൻ അഭിനയവും കൊണ്ട് സമ്പന്നമാണ്. കൊടും ഭീകരൻ ഒമർ ഖുറേഷിയായി രാഹുൽ ബോസ് ട്രെയിലറിൽ തിളങ്ങുന്നു.

സാമ്പത്തികപരാതീനതകളും വിവാദങ്ങളുമാണ് ചിത്രം പൂർത്തിയാകാൻ ഇത്രയധികം വർഷങ്ങൾ വേണ്ടിവന്നത്.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും താരങ്ങളാണ്. ഗിബ്രാൻ സംഗീതം. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്.

ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. സിനിമയുടെ നിർമാണം റിലയൻസ് ഏറ്റെടുത്തെന്നും റിപ്പോർട്ട് വന്നിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.