Saturday 16 October 2021 03:14 PM IST : By സ്വന്തം ലേഖകൻ

ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

award1

അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ജയസൂര്യ ആണ് മികച്ച നടൻ‌. അന്ന ബെൻ ആണ് മികച്ച നടി. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ് മികച്ച ചിത്രം.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനമാണിത്. കോവിഡ് വരുന്നതിന് മുമ്പ് തിയറ്ററുകളിലും അതിനു ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയില്‍ എത്തിയത്. എല്ലാ വിഭാഗത്തിലും ഇത്തവണ കടുത്ത മല്‍സരം നടന്നു.

നടി സുഹാസിനി മണിരത്‌നം ആണ് അന്തിമ ജൂറിയുടെ അധ്യക്ഷ. കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇത്. ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.

എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ,നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരായിരുന്നു ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷഹ്നാദ് ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്. രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.