Friday 25 October 2019 03:56 PM IST

‘സീരിയലുകളിലേക്ക് ആരും വിളിക്കുന്നില്ല’ ? ജീവിക്കാൻ 17 വയസ്സിൽ നടിയായ ലക്ഷ്മിക്ക് അഭിനയം തന്നെ ജീവിതം: സേതുലക്ഷ്മിയുടെ മകൾ ജീവിതം പറയുന്നു

V.G. Nakul

Sub- Editor

l1

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ലക്ഷ്മി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ, ചുരുങ്ങിയ കാലത്തിനിടെ, സീരിയലിലും സിനിമയിലും തന്റെതായ ഇടം കണ്ടെത്തിയ നടി. എന്നാൽ പലർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്, മലയാളത്തിന്റെ പ്രിയ നടി സേതുലക്ഷ്മിയുടെ മകളാണ് ലക്ഷ്മിയെന്ന്.

അമ്മയുടെ വഴിയെ നാടകത്തിലൂടെയാണ് ലക്ഷ്മിയും അഭിനയ ജീവിതം ആരംഭിച്ചത്. നാടകരംഗത്തെ പരിചയസമ്പത്തുമായി മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സജീവമായ ലക്ഷ്മി, കാവ്യാഞ്ജലി, ഓർമ, അമ്മ, പവിത്രബന്ധം, അനന്തരം, നീലക്കുയിൽ തുടങ്ങിയ വിജയ പരമ്പരകളിലൂടെയും ഭാഗ്യദേവത, പാവാട തുടങ്ങിയ സിനിമകളിലൂടെയും പ്രതിഭ തെളിയിച്ചു. ലക്ഷ്മിയെ നടിയെന്ന നിലയിൽ അറിയുന്നവർക്ക് പക്ഷേ അവർ സേതുലക്ഷ്മിയുടെ മകളാണെന്ന് അറിയുമ്പോൾ അത്ഭുതം.

l2

‘‘പലർക്കും അറിയില്ല, ഞാൻ അമ്മയുടെ മകളാണെന്ന്. ഈ അടുത്ത കാലത്താണ് അഭിനേതാക്കൾക്കിടയില്‍ പോലും ഞങ്ങൾ അമ്മയും മകളുമാണെന്ന് അറിഞ്ഞു തുടങ്ങിയത്. ഇതാണ് എന്റെ അമ്മ എന്നു പറഞ്ഞ്, ഫോട്ടോ കാണിക്കുമ്പോൾ പലരും അതിശയിക്കുന്നത് കാണുമ്പോൾ രസമാണ്.’– ജീവിതത്തിലെയും വേദിയിലെയും മിനിസ്ക്രീനിലെയും അനുഭവങ്ങളുടെ തീച്ചൂളയിൽ വളർന്ന ലക്ഷ്മിയുടെ കഥ സിനിമ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ‘വനിത ഓൺലൈനു’മായി ജീവിതം പങ്കുവയ്ക്കുമ്പോൾ ലക്ഷ്മിയുടെ വാക്കുകൾക്ക് അനുഭവങ്ങൾ നൽകിയ കരുത്ത്.

കലയും കായികവും

അഭിനയം ജീവിതമാക്കിയ കുടുംബത്തിലാണ് ജനിച്ചത്. അമ്മയും അച്ഛനും അഭിനേതാക്കൾ. ഓർമ വച്ച നാൾ മുതൽ അഭിനയവും നാടകവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കണ്ടു വളർന്നത്. അതുകൊണ്ടു തന്നെ അഭിനയത്തോട് സ്വാഭാവികമായ ഒരു ഇഷ്ടം തോന്നി. സ്കൂളിൽ പഠിക്കുമ്പോൾ സ്പോർട്സിലും ആർട്സിലും ഒരു പോലെ തിളങ്ങിയിരുന്നു. രണ്ടിനും ഒരുപാട് സമ്മാനങ്ങളും കിട്ടി. നൃത്തത്തിൽ തന്നെ പല ഇനങ്ങളിലും ഞാന്‍ മുൻനിരയിലുണ്ടായിരുന്നു.

l3

അമ്മയെ സഹായിക്കാൻ അഭിനയരംഗത്ത്

അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ നാല് മക്കളായിരുന്നു. മൂന്ന് പെണ്ണും ഒരു ആണും. എനിക്ക് മൂത്തത് രണ്ട് ചേച്ചിമാരും ഒരു അനിയനുമാണ്. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ അർജുനന്റെ മരണം. നാലു വർഷത്തോളം കിടപ്പിലായിരുന്നു അച്ഛൻ. അത് കുടുംബത്തെ ഉലച്ചു. പിന്നീട് ഞങ്ങൾ 4 മക്കളെ വളർത്താൻ അമ്മയ്ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. അങ്ങനെയാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നതും നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതും.

അമ്മയുടെ കഷ്ടപ്പാടുകൾ കണ്ട് ഞാൻ അമ്മയോട് അങ്ങോട്ട് പറയുകയായിരുന്നു, നാടകത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു എന്ന്. ആദ്യം അമ്മ സമ്മതിച്ചില്ല. ആ സമയത്ത് എനിക്ക് ജി.വി രാജ സ്പോർട്സ് സ്കൂളിൽ സെലക്ഷൻ ലഭിച്ചിരുന്നു. സ്പോർട്സിൽ തുടരാനാണ് അമ്മ ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ വാശിപിടിച്ചപ്പോൾ സമ്മതിച്ചു. അങ്ങനെ പഠനവും സ്പോർട്സ് മോഹങ്ങളും ഉപേക്ഷിച്ച് നാടകത്തിൽ സജീവമായി.

l5

നാടകത്തിൽ നിന്നു സീരിയലിൽ

അമ്മയുടെ കൂടെയാണ് ആദ്യം അഭിനയിച്ചത്. ചങ്ങനാശേരി ഗീഥയുടെ ‘അമ്മേ ഭാരതമേ’ എന്ന നാടകത്തിൽ. അതിൽ ഒരു അനാഥക്കുട്ടിയുടെ വേഷമായിരുന്നു. അമ്മയ്ക്ക് ആ നാടകത്തിൽ ഒരു കുശിനിക്കാരിയുടെ കഥാപാത്രവും. നാടകത്തിൽ അഭിനയിക്കുമ്പോൾ തന്നെ ‘സൂര്യോദയം’ എന്ന ആദ്യ സീരിയലില്‍ അഭിനയിച്ചു. ഒരു നഴ്സിന്റെ വേഷം. ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. ശരിക്കും ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്നു പറയാം. ‘കാവ്യാഞ്ജലി’യിലെ ഡോക്ടർ സുമിത്ര എന്ന കഥാപാത്രമാണ് സീരിയൽ രംഗത്ത് എന്നെ പരിചിതയാക്കിയത്. കെ.കെ രാജീവ് സാറിന്റെ ‘ഓർമ’യിലെ സുരേഖ എന്ന കഥാപാത്രം ബ്രേക്കായി. ‘ഓർമ’യിൽ അഭിനയിക്കുമ്പോൾ സീരിയലിൽ തിരക്കായി, നാടകം പൂർണമായും വിട്ടു. ഇപ്പോൾ അഭിനയരംഗത്തെത്തിയിട്ട് 21 വർഷം. സീരിയലിൽ വന്നിട്ട് 15 വർഷം. ഇതിനകം 85 സീരിയലികളില്‍ അഭിനയിച്ചു. ഇപ്പോൾ സീരിയലുകൾ ഇല്ല. ഞാൻ വേണ്ട എന്നു വച്ചതല്ല. ആരും വിളിക്കുന്നില്ല. എന്താണ് കാരണം എന്നറിയില്ല.

l6

നൊമ്പരക്കാലം

എന്റെ അനിയനാണ് കിഷോർ. സമാധാനത്തെ ജീവിതം മുന്നോട്ടു പോകുന്നതിനിനെയാണ് അവന് വൃക്കരോഗം ആണെന്ന് കണ്ടെത്തിയത്. അത് വലിയ ഞെട്ടലായി. വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് അക്കാലത്ത് കടന്നു പോയത്. അവനും കുടുംബവും അമ്മയും എന്റെ ഒപ്പമായിരുന്നു. വളരെ പാടുപെട്ടാണ് ആദ്യമൊക്കെ ചികിത്സ നടത്തിയിരുന്നത്. പിന്നീട് അമ്മയ്ക്ക് വർക്കുകൾ കൂടിയപ്പോൾ കുഴപ്പമില്ല എന്നായി. ഇപ്പോൾ അസുഖം ഭേദമായി. മറ്റു പ്രശ്നങ്ങളൊന്നുമില്ല. അവൻ വീണ്ടും ടെലിവിഷനിൽ സജീവമായി, കുടുംബത്തിനൊപ്പം മാറി താമസിക്കാനും തുടങ്ങി. ഈശ്വരന് നന്ദി...

സിനിമ

ആദ്യ സിനിമ ‘ഭാഗ്യദേവത’. അതിൽ ഇന്നസെന്റിന്റെ ഭാര്യാ വേഷമായിരുന്നു. തുടർന്ന് 14 സിനിമകള്‍ ചെയ്തു. തമിഴിലും അവസരം കിട്ടി. ഇപ്പോൾ ‘ഒരു പക്കാ നാടൻ പ്രേമം’ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തു. അത് നല്ല കഥാപാത്രമാണ്. ശ്രദ്ധിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു. ഒപ്പം ഷോർട് ഫിലിംസിലും അഭിനയിക്കുന്നുണ്ട്. സീരിയൽ കൊണ്ടും അഭിനയം കൊണ്ടും മാത്രം ജീവിക്കുന്ന ആളാണ് ഞാൻ. കുഴപ്പമില്ലാതെ വർക്കുകൾ കിട്ടിയാൽ മാന്യമായി ജീവിക്കുവാനുള്ള വരുമാനം കിട്ടും. സീരിയലിൽ നിന്നു കിട്ടുന്ന പ്രതിഫലം ഉപയോഗിച്ചാണ് ഞാൻ വീട് വാങ്ങിയതും വണ്ടി വാങ്ങിയതും മോളെ പഠിപ്പിക്കുന്നതുമൊക്കെ.

കുടുംബം

l4

മൂത്ത മകൾ ശിവാനി ഫിലിപ്പീൻസിൽ എം.ബി.ബി.എസിനു രണ്ടാം വർഷം പഠിക്കുന്നു. ഇളയവൾ കരുണ എട്ടാം ക്ലാസിൽ.