Saturday 08 January 2022 12:38 PM IST

ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി, എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്: ലാൽ ജോസ് പറയുന്നു

Vijeesh Gopinath

Senior Sub Editor

lal-jose

മലയാളത്തിന്റെ പ്രിയസംവിധായകനാണ് ലാൽ ജോസ്. തന്റെ സിനിമകളിലൂടെ ധാരാളം നവാഗത നായികമാരെ മലയാളത്തിനു സമ്മാനിച്ച അദ്ദേഹം തന്റെ ചിത്രത്തിൽ സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ പ്രധാന്യം നൽകി.

ഇപ്പോഴിതാ, പുതിയ ലക്കം ‘വനിത’യിൽ (ജനുവരി 8–21, 2022) ലാൽ ജോസ് ചിത്രങ്ങളിലെ നായികമാർ അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്. അതിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലെ നായികയും മലയാളത്തിന്റെ പ്രിയതാരവുമായ ദിവ്യ ഉണ്ണി ചോദിച്ചതിങ്ങനെ :

മറവത്തൂര്‍ കനവി’ലെ എന്റെ കഥാപാത്രമായ ആനി ഉൾപ്പടെ ലാൽജോസ് നായികമാരെല്ലാം ധൈര്യമുള്ളവരാണ്. ലാൽജോസിനെ സ്വാധീനിച്ച നായികമാർ ആരെല്ലാമാണ് ?

ലാൽ ജോസിന്റെ മറുപടി:

കോൺവന്റ് സ്കൂളിലെ അ ധ്യാപികയായിരുന്നു അമ്മ ലില്ലി. മികച്ച സാമ്പത്തിക സുര‌ക്ഷയുണ്ടാക്കാനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. രാവിെല ആറു മണി മുതല്‍ കുട്ടികൾക്കുള്ള ട്യൂഷൻ തുടങ്ങും. അതു കഴിഞ്ഞു സ്കൂളിൽ പോകും. ഇന്റർവെൽ‌ സമയത്തു പോലും ചെറിയൊരു ബാച്ചിനു ക്ലാസെടുക്കും. അമ്മയോളം ജോലി ചെയ്ത സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല.

അമ്മയെ പോലെ മറ്റു സ്ത്രീകളും സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയവരാകണം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പണമില്ലാത്തതു കൊണ്ടാകാം വീട്ടിലെ പീഡനങ്ങൾ പല സ്ത്രീകളും കടിച്ചു പിടിച്ചു അനുഭവിക്കുന്നത്.

ഞാന്‍ സംവിധാനസഹായിയായിരുന്ന കാലത്താണ് ലീനയുമായുള്ള വിവാഹം. സഹനത്തിന്റെ ആൾ‌രൂപമായിരുന്നു ലീന. വലിയ വരുമാനം ഒന്നുമില്ല. വിവാഹവാർഷികത്തിന് വില കുറഞ്ഞ ഒരു സാരിയാണ് ഗിഫ്റ്റ് ആയി െകാടുക്കാന്‍ എനിക്കു സാധിച്ചത്. ‍ഞാൻ ഇന്നെന്താണോ അത് പൂർണമായി ലീന തന്നതാണ്. ഒരു കുട്ടിയെ കൈകാര്യം ചെയ്യും പോെലയാണ് ഇപ്പോൾ മക്കൾ എന്നെ കൊണ്ടു നടക്കുന്നത്. ഉള്ളിലൊരു താന്തോന്നി കുത്തിമറിയുമ്പോഴും മാന്യമായി എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് ഇവരൊക്കെയാണ്.

എെന്‍റ ആദ്യ സിനിമയായ ‘ഒരു മറവത്തൂര്‍ കനവില്‍’ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാരിയർ ആണ്. ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോൾ സ്വീകരിച്ചു.

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘വനിത’യിൽ (ജനുവരി 8–21, 2022) വായിക്കാം.

ചിത്രം (ലാൽ ജോസ്) – ശ്രീകാന്ത് കളരിക്കൽ.