Wednesday 06 February 2019 02:51 PM IST : By സ്വന്തം ലേഖകൻ

അന്ന് ചേട്ടനു വേണ്ടിയെങ്കിൽ ഇന്ന് അനിയനു വേണ്ടി! ‘മലർവാടിക്കൂട്ടം’ വീണ്ടും ഒന്നിക്കുന്നു

malarvadi-new-1

മലയാള സിനിമയെ സംബന്ധിച്ച് ‘മലർവാടി ആർട്സ് ക്ലബ്ബ്’ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. നിവിൻ പോളി എന്ന നായകനും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും മലർവാടിയുടെ സമ്മാനങ്ങളാണ്. അതോടൊപ്പം മലയാളത്തിന്റെ യുവനിരയിൽ ശ്രദ്ധേയമായ ഇടം സ്വന്തമാക്കിയ ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, അജു വർഗീസ് തുടങ്ങി ഒരു കൂട്ടം താരങ്ങളും മലർവാടിയിൽ തുടങ്ങിയവരാണ്. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

malarbadi-new-2

ഇതാ വർഷങ്ങൾക്കിപ്പുറം ‘ടീം മലർവാടി’ വീണ്ടും ഒന്നിക്കുന്നു. മലർവാടിക്കൂട്ടത്തെ ആദ്യം ഒന്നിപ്പിച്ചത് വിനീത് ശ്രീനിവാസനെങ്കിൽ ഒൻപതു വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും കൈകോർക്കുന്നത് വിനീതിന്റെ അനിയൻ ധ്യാനിനു വേണ്ടിയാണ്.

ധ്യാൻ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യിലാണ് ഇവർ വീണ്ടും ഒത്തുകൂടുന്നത്. നിവിൻ, അജു വർഗ്ഗീസ്, ഹരികൃഷ്ണൻ, ഭഗത് എന്നിവർ ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.അധികം വൈകാതെ ശ്രാവണും ചിത്രത്തിൽ ജോയിൻ ചെയ്യും.

malarvadi-new-3

നിവിൻ പോളിയും നയൻതാരയുമാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ നായികാനായകൻമാർ. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വര്‍ഗീസും വിശാഖും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലർവാടി താരങ്ങൾക്കൊപ്പം ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.