Wednesday 06 February 2019 03:15 PM IST : By സ്വന്തം ലേഖകൻ

സ്നേഹം തൂവി അമുദവൻ! മമ്മൂട്ടിയെ സന്തോഷത്തിന്റെ പൂക്കൾ നൽകി വരവേറ്റ് കുട്ടികൾ: വിഡിയോ

peranbu

സമൂഹം സഹതാപത്തിന്റെ കുപ്പായമണിയിച്ച് അരികുകളിലേക്കു നീക്കി നിർത്തിയവരുടെ ജീവിതമാണ് പേരൻപ്. സിനിമ എന്നതിനപ്പുറം നോവിക്കുന്ന ഒരനുഭവമായി ഈ തമിഴ് ചിത്രം മാറുന്നു. മമ്മൂട്ടിയും സാധനയും അഭിനയത്തിന്റെ മാന്ത്രിക മുഹൂർത്തങ്ങളാൽ പേരൻപിനെ പ്രേക്ഷകരുടെ ഹൃദയത്തോടു ചേർക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം കലർപ്പില്ലാതെ കാട്ടിത്തരുന്നു ഈ ചിത്രം.

ചിത്രത്തിന്റെ പരസ്യപ്രചരണത്തിന്റെ ഭാഗമായി ഇന്നലെ എറണാകുളം കവിതാ തിയേറ്ററിലെത്തിയ മമ്മൂട്ടിയെക്കാണാൻ ഓട്ടിസം ബാധിച്ച നിരവധി കുട്ടികളാണ് കാത്തു നിന്നത്. അവരുടെ കഥ പറഞ്ഞ താരത്തെ സ്നേഹത്തിന്റെ പൂക്കൾ നിറച്ച ബൊക്ക നൽകിയാണ് കുട്ടികൾ എതിരേറ്റതും. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സെന്റര്‍ ഫോര്‍ എമ്പവര്‍മെന്റ ് ആന്‍ഡ് എന്‍റിച്ച്മെന്റ ് നടത്തിയതാണ് ഈ പ്രത്യേക പ്രദർശനം. എണ്‍പതോളം കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരുമാണ് സ്ക്രീനിങ്ങിൽ പങ്കെടുത്തത്. സംവിധായകൻ റാമും നടി സാധനയും മമ്മൂട്ടിക്കൊപ്പം തിയേറ്ററിലെത്തിയിരുന്നു.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പയും അവളുടെ അച്ഛൻ ടാക്സി ഡ്രൈവറായ അമുദവനും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം.